മുംബൈ: ആശയക്കുഴപ്പങ്ങള്‍ക്കും നീണ്ട കാത്തിരിപ്പിനും ഒടുവില്‍ കൊച്ചി ഐപിഎല്‍ ടീമിന് അംഗീകാരം. ടീം ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് നാലാം സീസണില്‍ കളിക്കും. ഇന്നു മുംബൈയില്‍ ചേര്‍ന്ന ബിസിസിഐ യോഗത്തിലാണു ടീമിന് അംഗീകാരം നല്‍കാന്‍ തീരുമാനമായത്. അനുവദിച്ച സമയത്തിനകം ആഭ്യന്തര പ്രശ്‌നങ്ങളും ഉടമകള്‍ തമ്മിലുളള ഓഹരി തര്‍ക്കങ്ങളും പരിഹരിച്ചതിനാലാണ് ടീമിന്റെ കാര്യത്തില്‍ ബിസിസിഐയുടെ നിലപാട് അനുകൂലമായത്. പുതുക്കിയ ഓഹരി ഘടനയുമായി കൊച്ചി ടീം സമര്‍പ്പിച്ച രേഖകള്‍ ബിസിസിഐ ഭരണസമിതി പരിശോധിച്ച് അംഗീകാരം നല്‍കി. ടീമുടമകള്‍ സമര്‍പ്പിച്ച രേഖകഖള്‍ ബിസിസി ഐയുടെ നിയമവിഭാഗം വിലയിരുത്തി. ഓഹരി ഘടനയിലെ മാറ്റം ഐപിഎല്‍ ഭരണസമിതി തത്വത്തില്‍ അംഗീകരിച്ചിരുന്നു. പുതിയ കരാര്‍ അനുസരിച്ച് റോണ്‍ഡിവു സ്‌പോര്‍ട് വേള്‍ഡ് വിട്ടുകൊടുത്ത 16 ശതമാനം അധ്വാന ഓഹരി മറ്റ് ഉടമകള്‍ വീതിക്കും. ഇതില്‍ നാലു ശതമാനം മലയാളി വ്യവസായി വിവേക് വേണുഗോപാലിന് ലഭിക്കും. ലഭ്യമായ വിവരം അനുസരിച്ച് പുതുക്കിയ ഓഹരി ഘടന ഇങ്ങനെയാണ്.
Discussion about this post