പാറ്റ്‌ന: ബീഹാറില്‍ ട്രെയിന്‍ ഇടിച്ച് 37 പേര്‍ മരിച്ചു. പാളത്തില്‍നിന്ന തീര്‍ത്ഥാടക സംഘത്തിനുമേല്‍ ട്രെയിന്‍ പാഞ്ഞുകയറുകയായിരുന്നു. ഇന്ത്യാ-നേപ്പാള്‍ അതിര്‍ത്തിയിലെ കാത്യായനി ക്ഷേത്ര ദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന തീര്‍ഥാടകരാണ് അപകടത്തില്‍പ്പെട്ടത്. ശ്രാവണ മാസത്തിലെ അവസാന ദിവസമായതിനാല്‍ സ്‌റ്റേഷനില്‍ തീര്‍ഥാടകരുടെ വന്‍ തിരക്കായിരുന്നു. പാറ്റ്‌നയില്‍ നിന്നും 160 കിലോമീറ്റര്‍ അകലെയുള്ള ഖഗാരിയയില്‍ ഇന്ന് രാവിലെയാണ് സംഭവം. അപകടത്തില്‍ 40 ഓളം പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മരണസംഖ്യ ഇനിയും വീണ്ടും ഉയരാന്‍ സാധ്യതയുണ്ട്. തലസ്ഥാനമായ പട്‌നയ്ക്ക് 250 കിലോമീറ്റര്‍ അകലെയുള്ള സഹര്‍ഷയ്ക്ക് സമീപത്തെ ധമാര ഘട്ട് സ്‌റ്റേഷനിലാണ് അപകടമുണ്ടായത്. ഒരു ലോക്കല്‍ ട്രെയിനില്‍ കയറാനായി പാളത്തില്‍ കാത്തുനിന്നവരെ അതിലൂടെ അതിവേഗം വന്ന രാജ്യറാണി എക്‌സ്പ്രസ് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. സഹര്‍ഷയില്‍ നിന്ന് പട്‌നയിലേയ്ക്ക് പോവുകയായിരുന്നു രാജ്യറാണി എക്‌സ്പ്രസ്. ഈ ട്രെയിനിന് ധമാര ഘട്ടില്‍ സ്‌റ്റോപ്പുണ്ടായിരുന്നില്ല.
അപകടത്തെ തുടര്‍ന്ന് ക്ഷുഭിതരായ നാട്ടുകാര്‍ റെയില്‍വേസ്‌റ്റേഷന്‍ ആക്രമിക്കുകയും റെയില്‍വേ ജീവനക്കാരെ ആക്രമിക്കുകയും ചെയ്തു. സംഭവത്തില്‍ രോഷാകുലരായ ജനക്കൂട്ടം അപകടം വരുത്തിയ ട്രെയിനിന്‍റെ ലോക്കോപൈലറ്റിനെ മര്‍ദ്ദിക്കുകയും ട്രെയിനിന് തീയിടുകയും ചെയ്തു. അപകടത്തില്‍ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഖേദം രേഖപ്പെടുത്തി.
Discussion about this post