തിരുവനന്തപുരം: ട്രഷറിപ്രവര്‍ത്തനങ്ങള്‍ ആധുനികവത്കരിക്കാനുളള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണെന്ന് ധനമന്ത്രി കെ.എം. മാണി പറഞ്ഞു. ട്രഷറി വകുപ്പിന്റെ ഒരുവര്‍ഷം നീളുന്ന സുവര്‍ണജൂബിലി ആഘോഷപരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്ന് കൊട്ടാരത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഇന്റഗ്രേറ്റഡ് ട്രഷറി മാനേജ്‌മെന്റ് സിസ്റ്റം, ഇ-സ്റ്റാമ്പിങ്, ഇ-ട്രഷറി എന്നിവ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്. നാല് ട്രഷറികളില്‍ എ.റ്റി.എം. സംവിധാനം ഉടന്‍ ഏര്‍പ്പെടുത്തും. ട്രഷറികളില്‍ ബാങ്കിങ് സംവിധാനവും കോര്‍ബാങ്കിങും നടപ്പിലാക്കാനായി റിസര്‍വ്ബാങ്കിന്റെ അനുമതി തേടാനും സര്‍ക്കാര്‍ ശ്രമിക്കും. സംസ്ഥാനത്തിന്റെ വിപുലമായ വികസന ആവശ്യങ്ങള്‍ക്ക് ട്രഷറികളെ ബലപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. 14 ട്രഷറികള്‍ കൂടി ഈ വര്‍ഷം പുതുതായി സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. രൂപയുടെ മൂല്യം ഇടിയുന്നത് തടയാന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സാമ്പത്തികസ്ഥിതി സുസ്ഥിരമാകാന്‍ സാമ്പത്തിക പരിഷ്‌കരണം മാത്രം പോരായെന്നും അദ്ദേഹം പറഞ്ഞു.
ട്രഷറി ജീവനക്കാരുടെ അവയവദാനസമ്മതപത്രകൈമാറ്റവും ചടങ്ങില്‍ നടന്നു. ഓഫ്താല്‍മോളജി റീജണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രൊഫ. ഡോ. സഹസ്രനാമം ആരോഗ്യമന്ത്രി വി.എസ്. ശിവകുമാറില്‍ നിന്ന് സമ്മതപത്രം സ്വീകരിച്ചു. ട്രഷറി ഡയറക്ടറേറ്റിന് കിളളിപ്പാലത്ത് സ്ഥലമനുവദിക്കാനുളള നടപടികള്‍ ആരംഭിച്ചതായി മന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു. തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍ കരള്‍മാറ്റശസ്ത്രക്രിയയ്ക്കും എല്ലാ മെഡിക്കല്‍ കോളേജുകളിലും അവയവദാനത്തിനുമുളള സൗകര്യങ്ങളൊരുക്കാനുളള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കെ. മുരളീധരന്‍ എം.എല്‍.എ. ചടങ്ങില്‍ അധ്യക്ഷനായിരുന്നു. മേയര്‍ അഡ്വ. കെ. ചന്ദ്രിക, ധനകാര്യപ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി.പി. ജോയി, ഉദേ്യാഗസ്ഥര്‍, ജനപ്രതിനിധികള്‍ പങ്കെടുത്തു. സുവര്‍ണജൂബിലി ആഘോഷത്തോടനുബന്ധിച്ച് ട്രഷറി വകുപ്പ് കനകക്കുന്നില്‍ പുരാരേഖ-പുരാവസ്തുവകുപ്പുകളുമായി ചേര്‍ന്ന് പുരാവസ്തുപ്രദര്‍ശനവും നടത്തുന്നുണ്ട്. സെമിനാര്‍, രക്തദാനം, ഗുരുവന്ദനം എന്നിവയും ജൂബിലി ആഘോഷങ്ങളുടെ ഭാഗമാണ്. സംസ്ഥാന ധനമാനേജ്‌മെന്റില്‍ ട്രഷറിയുടെപങ്ക് എന്ന വിഷയത്തില്‍ നാളെ (ആഗസ്റ്റ് 21) ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന സെമിനാര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും.
Discussion about this post