ന്യൂഡല്‍ഹി: അമേരിക്കയുടെ ഏഷ്യാനയത്തിന്റെ ഭാഗമായി തിരുവനന്തപുരം ഉള്‍പ്പെടെയുള്ള തന്ത്രപ്രധാന സ്ഥലങ്ങളില്‍ താല്‍ക്കാലിക സൈനിക താവളങ്ങള്‍ ഒരുക്കാന്‍ പദ്ധതിയിടുന്നു. യുദ്ധവിമാനങ്ങളും ആയുധങ്ങളുമാണ് താല്‍ക്കാലിക താവളങ്ങളില്‍ ശേഖരിക്കന്നത്. ഏഷ്യാ-പസഫിക് മേഖലയിലെ അഞ്ച് കേന്ദ്രങ്ങളിലാണ് താവളം ഒരുക്കുകയെന്ന് അമേരിക്കന്‍ വ്യോമസേനാ ജനറല്‍ ഹെര്‍ബര്‍ട്ട് ഹോക്ക് പറഞ്ഞു. ഇതിനായി തിരുവനന്തപുരം സന്ദര്‍ശിച്ചതായും അറിയുന്നു.
സിംഗപൂരിലെ കിഴക്കന്‍ ഷാങ്ഹായി, തായ്‌ലാന്‍ഡിലെ കോറാഡ്, ഡാര്‍വിന്‍, ടിന്‍ണ്ട എന്നിവിടങ്ങളിലാണ് മറ്റുതാവളങ്ങള്‍. ഇവിടങ്ങളില്‍ സ്ഥിരമായി യുദ്ധവിമാനങ്ങളെ ആയുധങ്ങളോ സൂക്ഷിക്കില്ല. ശീതയുദ്ധകാലത്ത് യൂറോപ്പില്‍ അമേരിക്ക സൈനിക താവളങ്ങള്‍ ഒരുക്കിയിരുന്നു. സമാനമായി സൈനിക സന്നാഹങ്ങള്‍ ഏഷ്യാ-പസഫിക് മേഖലയില്‍ വിന്യസിക്കുകയെന്നതാണ് താവളങ്ങളിലൂടെ ലക്ഷ്യമാക്കുന്നതെന്നും ഹെര്‍ബര്‍ട്ട് ഹോക്ക് പറഞ്ഞു.
സമുദ്രതീരത്തുള്ള അത്യന്തം സുരക്ഷിതവും നാവിക-വ്യാമ നിരീക്ഷണത്തിന് ഏറെ സാധ്യതയുള്ളതുമായ തിരുവനന്തപുരം ഇതിനകം തന്നെ രാജ്യാന്തര പ്രശസ്തി നേടിയിട്ടുണ്ട്. കഴിഞ്ഞ മാസം അമേരിക്ക സന്ദര്‍ശിച്ചിരുന്ന വ്യോമസേനാ മേധാവി എന്‍എകെ ബ്രൗണുമായി ചര്‍ച്ച നടത്തിയതായും ഹെര്‍ബര്‍ട്ട് ഹോക്ക് പറയുന്നു.
അതേസമയം അമേരിക്കയുമായി യാതൊരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നാണ് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം പറയുന്നത്. 2006ലെ ഇന്ത്യ അമേരിക്ക സൈനിക കരാര്‍ പ്രകാരമാണ് അമേരിക്കയുടെ നീക്കമെന്നും കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്നും ഇടതുനേതാക്കള്‍ ആവശ്യപ്പെട്ടു.
Discussion about this post