ലക്നൌ: അയോധ്യ യാത്ര തടയുന്നതിനായി മുതിര്‍ന്ന വിശ്വഹിന്ദു പരിഷത്ത് നേതാക്കളായ അശോക് സിംഗാള്‍, പ്രവീണ്‍ തൊഗാഡിയ, രാം വിലാസ് വേദാന്തി ഉള്‍പ്പെടെ എഴുപത് പേര്‍ക്കെതിരേ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഞായറാഴ്ചയാണ് അയോധ്യയില്‍ ക്ഷേത്ര നിര്‍മാണം ആവശ്യപ്പെട്ട് വിഎച്ച് പിയുടെ നേതൃത്വത്തില്‍ അയോധ്യ യാത്ര സംഘടിപ്പിച്ചിരിക്കുന്നത്.
സര്‍ക്കാര്‍ യാത്ര നിരോധിച്ചെങ്കിലും മുന്നോട്ടു പോകുമെന്ന് വിശ്വഹിന്ദു പരിഷത്ത് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി. രാമജന്മഭൂമിയില്‍ രാമക്ഷേത്രം നിര്‍മിക്കണമെന്നാവശ്യപ്പെട്ട് സെപ്റ്റംബര്‍ 13 വരെ യാത്ര സംഘടിപ്പിക്കാനാണ് വിഎച്ച് പി ലക്ഷ്യമിടുന്നത്. അര ലക്ഷത്തോളം വിഎച്ച്പി പ്രവര്‍ത്തകനാണ് യാത്രയില്‍ പങ്കെടുക്കുകയെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. ഇരുപതോളം വിഎച്ച്പി പ്രവര്‍ത്തകരെ കരുതല്‍ തടങ്കലിലാക്കി. വേദന്തി ഉള്‍പ്പെടെയുള്ളവര്‍ ഒളിവിലാണ്. യാത്ര സമുദായ സംഘര്‍ഷം സൃഷ്ടിക്കുമെന്നാരോപിച്ചാണ് അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ്വാദി പാര്‍ട്ടി യാത്രയ്ക്ക് അനുമതി നിഷേധിച്ചത്. അയോധ്യയിലെ വിവാദ മേഖലയില്‍ അര്‍ധസൈനിക വിഭാഗങ്ങള്‍ ഫ്ളാഗ് മാര്‍ച്ച് നടത്തി. അതിനിടെ തൊണ്ണൂറുകളില്‍ ഫലപ്രദമായി ആസൂത്രണം ചെയ്തു നടപ്പാക്കിയ ഹൈന്ദവ ധ്രുവീകരണമാണ് വിഎച്ച്പി ലക്ഷ്യമിടുന്നതെന്ന് ആരോപണം ഉയര്‍ന്നു കഴിഞ്ഞു. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുപിയില്‍ ബിജെപിക്ക് നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കാനുള്ള ശ്രമമാണ് വിഎച്ച്പി നടത്തുന്നതെന്ന് ബിഎസ്പി അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ ആരോപിക്കുന്നു. നീക്കം വിജയിച്ചാല്‍ ബിഎസ്പിക്കും കോണ്‍ഗ്രസിനുമാകും കടുത്ത തിരിച്ചടി ലഭിക്കുകയെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. സമാജ്വാദി പാര്‍ട്ടിക്കും ബിജെപിയും അനുകൂലമായി സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം ധ്രുവീകരിക്കുമെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്.
Discussion about this post