കൊല്ലുന്ന ചിരി – 3
ഡോ. അദിതി
ഒരു പക്ഷേ ബ്രഹ്മാസ്ത്ര വിദ്യ കൈയ്യിലുണ്ടായിരുന്നെങ്കില്‍ കുരുക്ഷേത്രയുദ്ധത്തില്‍ കര്‍ണ്ണന്‍ മരിച്ചുവീഴുമായിരുന്നില്ല. ഇത്തരത്തിലുള്ള അത്യന്തം ക്രൂരമായ ഒരു ശാപശിക്ഷ ഏറ്റുവാങ്ങത്തക്കവണ്ണം എന്തെങ്കിലും ഒരപരാധം കര്‍ണ്ണന്‍ പരശുരാമനോട് കാട്ടിയോ?
പഠിക്കുവാനുള്ള ആഗ്രഹം തെറ്റാണോ? അറിയാനുള്ള ആഗ്രഹം തെറ്റല്ലെങ്കില്‍ പിന്നെ എന്ത് തെറ്റാണ് കര്‍ണ്ണന്‍ ചെയ്തത്? സൂതനാണെന്നു പറഞ്ഞ് അറിവിന്റെ കവാടം കൊട്ടിയടച്ചപ്പോള്‍ ഗത്യന്തരമില്ലാത്തതുകൊണ്ടല്ലേ കര്‍ണ്ണന്‍ ബ്രാഹ്മണവേഷധാരിയായി പരശുരാമന്റെ അടുത്തേക്കു പോയത്? ആയുധ വിദ്യ അഭ്യസിക്കുന്നതിനുള്ള കര്‍ണ്ണന്റെ യോഗ്യതയെ ആര്‍ക്കെങ്കിലും ചോദ്യം ചെയ്യാന്‍ പറ്റുമോ? വിനയാന്വിതനും സമര്‍ത്ഥനുമായതുകൊണ്ടല്ലേ പരശുരാമന്‍ കര്‍ണ്ണനു ബ്രഹ്മാസ്ത്രം ഉപദേശിച്ചുകൊടുത്തത്. ഗുരുവിനോടുള്ള കര്‍ണ്ണന്റെ ഭക്തിയല്ലേ അയാള്‍ക്കിവിടെ ശിക്ഷ ക്ഷണിച്ചുവരുത്തിയത്. തന്റെ തുടയില്‍ തുരന്നുകയറിയ കീടത്തെ മാറ്റാന്‍ ശ്രമിച്ചാല്‍ ഗുരുവിന് നിദ്രാഭംഗം വരുമെന്നു കരുതിയല്ലേ അയാള്‍ നരകവേദന അനുഭവിച്ചത്, സഹിച്ചത്. എന്നാല്‍ ഈ സഹനശക്തിയിലൂടെ അയാള്‍ക്കുപോലും അറിയാത്ത അയാളുടെ ‘ക്ഷത്രിയകുലത്വം’ പരശുരാമന് മനസ്സിലാക്കാന്‍ വകനല്കി.
ധീരനായ പോരാളി ആകാനുള്ള പരിശ്രമത്തിലാണ് ബ്രാഹ്മണവേഷധാരിയായ അയാള്‍ പരശുരാമനെ സമീപിച്ചത്. ഇതിലൊരു കള്ളമുണ്ടെന്നുള്ളതു ശരിതന്നെ. എന്നാല്‍ കര്‍ണ്ണന്റെ തുട പുഴുതുരന്ന ആ സംഭവം കര്‍ണ്ണനെ സര്‍വ്വശ്രേഷ്ഠനായ ഗുരുഭക്തനാക്കിയില്ലേ? തനിയ്‌ക്കെന്തു സംഭവിച്ചുപോയാലും തന്റെ അംഗതലത്തിലുറങ്ങുന്ന ഗുരുദേവന് നിദ്രാഭംഗം വരരുതെന്ന് അയാള്‍ വിചാരിച്ചില്ലേ? തന്റെ ശരീരത്തിനുണ്ടാവുന്ന ഏതു ക്ഷതവും അയാള്‍ സഹിച്ചു. എന്തിനു വേണ്ടി? മഹാത്മാവായ തന്റെ ആചാര്യന്റെ സുഖസൗകര്യത്തിനുവേണ്ടി. ലോകത്തുള്ള ഏതൊരാചാര്യനും ഇത്തരം ഒരു ശിഷ്യനെ കിട്ടുവാന്‍ ആഗ്രഹിക്കുകയില്ലേ? തന്റെ ശിഷ്യന്‍ ഇത്തരക്കാരനാണെന്നറിഞ്ഞാല്‍ ഏതു കുറവും സഹിച്ച് അയാളെ വാരിപ്പുണരുകയില്ലേ?
എന്നാല്‍ ഇവിടെ സംഭവിച്ചതോ..? കര്‍ണ്ണന്റെ കഴിവും അതുല്യഗുരുഭക്തിയും ഒരിടത്ത്. വേഷം മാറിവന്നു എന്നുള്ളത് മറ്റൊരു കാര്യം. ഇവിടെ വിവേകപൂര്‍വ്വം കാര്യം പരിശോധിച്ചാല്‍ കര്‍ണ്ണന്റെ വേഷം മാറല്‍ എന്ന കുറ്റം എത്രയോ ലഘുവാണ്. എന്നാല്‍ ഇവിടെ പരശുരാമന്‍ കര്‍ണ്ണന്റെ മഹത്വങ്ങളെ പാടെ വിസ്മരിച്ചുകൊണ്ട് ചെയ്തുപോയ ഒരു ചെറിയകുറ്റത്തില്‍ അയാളെ തളയ്ക്കുകയായിരുന്നു. ഇത് പരശുരാമന്റെ ഔചിത്യബോധത്തിലെ തീരാക്കളങ്കം തന്നെയാണ്. വാദമുഖത്തിനു വേണമെങ്കില്‍ കര്‍ണ്ണനെ ഒരു ചെറിയ പറ്റിപ്പുകാരനെന്നു വിളിച്ചോളൂ. എന്നാല്‍ പരശുരാമനോ നന്ദികേടിന്റെ കൃതഘ്‌നതയുടെ കേദാരമാണെന്നു സമ്മതിക്കേണ്ടിവരും. ന്യായത്തിനു വേണ്ടിയുള്ള പരിദേവനങ്ങള്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ ഫലിക്കാതെ പോകുമ്പോള്‍ നീറുന്ന ഹൃദയം പേറി മൗനിയായിരിക്കാനേ പലപ്പോഴും നമുക്കു സാധിക്കൂ.
ഹേ വ്യാസഭഗവാനേ! ഈ സംഭവത്തില്‍ അങ്ങയുടെ മൗനം ഭയാനകം തന്നെ. പാണ്ഡവര്‍ ധര്‍മ്മപക്ഷപാതികളും കൗരവര്‍ അധര്‍മ്മികളും എന്ന സങ്കല്‍പത്തിലാണല്ലോ നാം. ഭാവിയില്‍ നടക്കാന്‍ പോകുന്ന കുരുക്ഷേത്രയുദ്ധത്തില്‍ ധര്‍മ്മം ജയിക്കണം. വിധിയുടെ ക്രൂരതയ്ക്കുവിധേയനായി പ്രഥമപാണ്ഡവന്‍ (കര്‍ണ്ണന്‍) അധര്‍മ്മികളുടെ പക്ഷത്തായിപ്പോയി. കുരുക്ഷേത്ര ധര്‍മ്മയുദ്ധത്തില്‍ പാണ്ഡവര്‍ ജയിക്കുവാന്‍ കര്‍ണ്ണന്റെ വധം അനിവാര്യമായിരുന്നു. ഒരു ‘വ്യക്തിധര്‍മ്മത്തില്‍’ നിന്നുകൊണ്ടു നോക്കുമ്പോള്‍ അതില്‍ അന്യായമുണ്ട് എങ്കിലും സമൂഹധര്‍മ്മം നിലനിന്നുകാണുവാന്‍ വേണ്ടിയുള്ള വ്യഗ്രതയില്‍ വ്യക്തിധര്‍മ്മങ്ങള്‍ ഉപേക്ഷിക്കേണ്ടിവരുന്നത് – ആനുപാതികമായി നീതി നടപ്പിലാക്കിയതുതന്നെ. അതുകൊണ്ട് ഈ വിഷയത്തില്‍ ഭഗവാന്‍ വ്യാസനില്‍ കുറ്റം കാണരുത്.
Discussion about this post