ലക്നോ: രാമക്ഷേത്രനിര്‍മാണത്തിനായി വിഎച്ച്പി നടത്താനിരിക്കുന്ന അയോധ്യ യാത്ര വിലക്കിയ ഉത്തര്‍പ്രദേശ് സര്‍ക്കാരിനും കോണ്‍ഗ്രസിനുമെതിരേ ബിജെപി ശക്തമായി രംഗത്തെത്തി. യാത്ര വിലക്കിയ നടപടി ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണെന്നും കോണ്‍ഗ്രസും സമാജ്വാദി പാര്‍ട്ടിയും തീ കൊണ്ടാണ് കളിക്കുന്നതെന്നും ബിജെപി വൈസ് പ്രസിഡന്റ് മുക്താര്‍ അബ്ബാസ് നഖ്വി പറഞ്ഞു. ലക്നോവില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസും ഉത്തര്‍പ്രദേശ് ഭരിക്കുന്ന സമാജ്വാദി പാര്‍ട്ടിയും നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് വിലക്കേര്‍പ്പെടുത്തിയതെന്നും മുക്താര്‍ അബ്ബാസ് നഖ്വി ആരോപിച്ചു. മതപരമായ ചടങ്ങുകളുടെ സമയം നിശ്ചയിക്കുന്നത് സന്യാസിമാരാണെന്നും അല്ലാതെ സര്‍ക്കാരല്ലെന്നും അദ്ദേഹം പറഞ്ഞു. വിശ്വഹിന്ദു പരിഷത്ത് ഞായറാഴ്ച മുതല്‍ നടത്താനിരുന്ന 84-കോസി പരികര്‍മ യാത്രയാണ് സര്‍ക്കാര്‍ വിലക്കിയത്. വിലക്കിനെതിരേ ഹൈക്കോടതിയില്‍ നല്‍കിയിരുന്ന പൊതുതാല്‍പര്യ ഹര്‍ജിയും തള്ളിയിരുന്നു. അതേസമയം യാത്ര വിലക്കിയതിന്റെ പശ്ചാത്തലത്തില്‍ പോലീസ് അയോധ്യയിലെ തര്‍ക്ക പ്രദേശത്ത് കനത്തജാഗ്രതയിലാണ്.
Discussion about this post