അയോദ്ധ്യ: അയോധ്യയിലേക്ക് വിശ്വഹിന്ദു പരിഷത്തിന്റെ ചൗരാസി പരിക്രമ യാത്രയുമായി ബന്ധപ്പെട്ട് സംഘടനയുടെ അദ്ധ്യക്ഷന്‍ പ്രവീണ്‍ തൊഗാഡിയയെ പൊലീസ് അറസ്റ്റു ചെയ്തു. സരയൂ നദിക്കരയില്‍ പൂജ നടത്തുന്നതിനിടെയാണ് പൊലീസ് തൊഗാഡിയയെ കസ്റ്റഡിയില്‍ എടുത്തത്. ബി.ജെ.പി മുന്‍ എം.പി വിലാസി വേദാന്തിയെയും സിറ്റിംഗ് രാംചന്ദ്ര യാദവിനെയും പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. രാവിലെ ഏഴു മണിയോടെയായിരുന്നു ഇരുവരെയും അറസ്റ്റു ചെയ്തത്. ഇന്നലെ 850 വി.എച്ച്.പി പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തിരുന്നു. പദയാത്രയില്‍ പങ്കെടുക്കാന്‍ ഫൈസാബാദിലേക്ക് പോവുകയായിരുന്ന എണ്‍പതോളം സന്ന്യാസിമാരും അറസ്റ്റിലായി.
നിരോധനാജ്ഞ ലംഘിച്ചതിനെ തുടര്‍ന്നാണ് തൊഗാഡിയയെ അറസ്റ്റു ചെയ്തതെന്ന് പോലീസിലെ ഉന്നതര്‍ വ്യക്തമാക്കി. തൊഗാഡിയയ്ക്കൊപ്പം മറ്റ് 40 നേതാക്കളെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. തൊഗാഡിയയെ കസ്റ്റഡിയില്‍ എടുത്തതില്‍ പ്രതിഷേധിച്ച് വിഎച്ച്പി പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തി. അഞ്ഞൂറിലേറെ സന്യാസിമാരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പോലീസ് ഇന്നലെ അറസ്റ്റു ചെയ്തിരുന്നു.
യാത്ര തടയാന്‍ ശക്തമായ നടപടികളാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരും പൊലീസും ഏര്‍പ്പെടുത്തിയിരിക്കുന്നത്. അയോധ്യ പരിസരങ്ങളില്‍ 144 പ്രഖ്യാപിച്ചിട്ടുണ്ട്. സരയു നദിയിലെ സ്‌നാനഘട്ടങ്ങള്‍ പൊലീസിന്റെ നിയന്ത്രണത്തിലാണ്. പൊലീസിനെ കൂടാതെ അര്‍ദ്ധസൈനിക വിഭാഗത്തെയും സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. എല്ലാ പ്രധാന റോഡുകളും അടച്ചിട്ടുണ്ട്.
അഞ്ചു ജില്ലകളിലായി 80 ഗ്രാമങ്ങളിലൂടെ 240 കിലോമീറ്റര്‍ പഥസഞ്ചലനമാണ് വി.എച്ച്.പി നടത്തുന്നത്. അയോധ്യയിലെ തര്‍ക്ക സ്ഥലത്ത് രാമക്ഷേത്രം നിര്‍മ്മിക്കുന്നതിന് ജനാഭിപ്രായം രൂപവത്കരിക്കുകയാണ് യാത്രയുടെ ലക്ഷ്യം.
യാതൊരു കാരണവശാലും യാത്ര നടത്താന്‍ അനുവദിക്കില്ലെന്ന് സമാജ്‌വാദി പാര്‍ട്ടി സര്‍ക്കാരും ആരെതിര്‍ത്താലും യാത്രയുമായി മുന്നോട്ടു പോകുമെന്ന് സന്യാസിമാരും വ്യക്തമാക്കിയതോടെ ഉത്തര്‍പ്രദേശ് സംഘര്‍ഷ ഭരിതമാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും റോഡുമാര്‍ഗ്ഗം അയോദ്ധ്യയിലേക്ക് എത്തിക്കൊണ്ടിരുന്ന സന്യാസിമാരെ അയോദ്ധ്യയുടെ സമീപ ജില്ലകളില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.
ആഗ്രയില്‍ 46 പേരെയും ഫൈസാബാദില്‍ 62 പേരെയും ഫത്തേപൂരില്‍ 17 പേരെയും കാണ്‍പൂര്‍ സിറ്റിയില്‍ 63 പേരെയും അറസ്റ്റു ചെയ്തിട്ടുണ്ട്. അറസ്റ്റിലായവരെ താല്‍ക്കാലിക ജയിലുകളിലേക്ക് മാറ്റിയതായാണ് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. വിഎച്ച്പി നേതാക്കളായ മഹന്ത് സന്തോഷ് ദാസിനേയും മഹന്ത് രാംശരണ്‍ ദാസിനേയും അയോദ്ധ്യയിലെ രാംസനേഹി ഘട്ടില്‍ നിന്നും പോലീസ് അറസ്റ്റു ചെയ്തു.
രാമജന്മഭൂമിന്യാസ് പ്രസിഡന്റ് മഹന്ത് നൃത്യഗോപാല്‍ ദാസിനേയും മറ്റു മുതിര്‍ന്ന സന്യാസിമാരേയും അറസ്റ്റു ചെയ്യുന്നതിനായി ഇന്നലെ കര്‍സേവകപുരത്തും വിശ്വഹിന്ദുപരിഷത്ത് ഓഫീസുകളിലും ഹിന്ദുക്കളുടെ വീടുകളിലും പോലീസ് തെരച്ചില്‍ നടത്തി. ഫൈസാബാദ് ജില്ലാ മജിസ്ട്രേറ്റിന്റേയും പോലീസ് സൂപ്രണ്ടിന്റേയും നേതൃത്വത്തിലായിരുന്നു അന്വേഷണം. എന്നാല്‍ വിഎച്ച്പിയുടെ പ്രമുഖ നേതാക്കളെയൊന്നും കണ്ടെത്തുന്നതിന് സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. പ്രവീണ്‍ തൊഗാഡിയയും രാംവിലാസ് വേദാന്തിയും ഉള്‍പ്പെടെയുള്ള നേതാക്കളും അയോദ്ധ്യയിലെത്തിയെങ്കിലും അവരെയും കണ്ടെത്താന്‍ പോലീസിനു കഴിഞ്ഞിരുന്നില്ല. വിഎച്ച്പി അന്താരാഷ്ട്ര വര്‍ക്കിംഗ് പ്രസിഡന്റ് അശോക് സിംഗാളിനെ പോലീസ് വീട്ടുതടങ്കലിലാക്കിയിരിക്കുകയാണ്.
സമാധാനപരമായി നടക്കേണ്ട യാത്രയെ സര്‍ക്കാരാണ് ഈ അവസ്ഥയിലെത്തിച്ചതെങ്കിലും രാഷ്ട്രീയനേതാക്കള്‍ പ്രതികരിക്കാതെ ഇരിക്കുകയാണെങ്കില്‍ യാത്ര മുടക്കമില്ലാതെ നടക്കുമെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജ് ഇന്നലെ വ്യക്തമാക്കിയിരുന്നു. മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി കല്യാണ്‍സിങ്ങും സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെതിരെ രംഗത്തുണ്ട്.
Discussion about this post