അയോദ്ധ്യയിലെ ശ്രീരാമജന്മഭൂമിയില്‍ ശ്രീരാമക്ഷേത്രം ഉയരുക എന്നത് ഏതൊരു ഹിന്ദുവിന്റെയും സ്വപ്‌ന സാഫല്യമാണ്. രാമക്ഷേത്ര നിര്‍മ്മാണത്തിനുവേണ്ടിയുള്ള ശ്രമം ആരംഭിച്ചിട്ട് നൂറ്റാണ്ടുകളായി. അവിടത്തെ തര്‍ക്കഭൂമിയില്‍ ഉണ്ടായിരുന്ന മന്ദിരം തകര്‍ക്കപ്പെട്ടശേഷം അതിനുള്ള ശ്രമം ആരംഭിച്ചെങ്കിലും അത് എങ്ങുമെത്തിയില്ല. വിശ്വഹിന്ദുപരിഷിത്തിന്റെ നേതൃത്വത്തിലാണ് ശ്രീരാമക്ഷേത്ര നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുന്നത്. ക്ഷേത്രനിര്‍മ്മാണത്തിലുള്ള ശിലാന്യാസവും നടന്നുകഴിഞ്ഞു. ശില്പചാതുര്യം തുളുമ്പുന്ന അനശ്വരമായ ഒരു ക്ഷേത്രമാണ് അവിടെ ഉയരാന്‍ പോകുന്നത്. അതിന്റെ ഭാഗങ്ങള്‍ കല്ലില്‍ കൊത്തിയുണ്ടാക്കി വര്‍ഷങ്ങളായി കാത്തിരിക്കുകയാണ്. എന്നാല്‍ സംഘടിത മുസ്ലീംവോട്ടുബാങ്കില്‍ കണ്ണുവച്ചുള്ള യു.പി.യിലെയും കേന്ദ്രത്തിലെയും ഭരണനേതൃത്വം ക്ഷേത്രനിര്‍മ്മാണത്തെ എല്ലാത്തരത്തിലും തടസ്സപ്പെടുത്തുകയാണ്. ശ്രീരാമക്ഷേത്ര നിര്‍മ്മാണം അജണ്ടയാക്കി അധികാരത്തിലേറിയ ബി.ജെ.പിപോലും ക്ഷേത്രനിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടത്ര സഹായകരമായ നിലപാട് സ്വീകരിച്ചില്ല.
വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടാണ് വിശ്വഹിന്ദുപരിഷിത്തിന്റെ നേതൃത്വത്തില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനുള്ള ആഹ്വാനവുമായി ’84 കോസി പരിക്രമയാത്ര’ സംഘടിപ്പിച്ചത്. യാത്രയ്ക്കുമുമ്പ് ഇതുസംബന്ധിച്ച് വി.എച്ച്.പി നേതാക്കള്‍ യു.പി.സര്‍ക്കാരുമായി ആശയവിനിമയം നടത്തിയിരുന്നു. എന്നാല്‍ യാത്ര തടഞ്ഞുകൊണ്ട് വി.എച്ച്.പിനേതാക്കളായ അശോകസിംഗാള്‍, പ്രവീണ്‍ഭായി തൊഗാഡിയ തുടങ്ങിയ നേതാക്കളും സന്യാസിവര്യന്മാരും ഉള്‍പ്പടെ ആയിരക്കണക്കിന് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. പലരേയും വീട്ടുതടങ്കലിലാക്കി.
ഹൈന്ദവ ജനകോടികളുടെ വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമിമിട്ടുകൊണ്ട് രാമക്ഷേത്രം എന്ന മഹത്തായ ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്പ്പിനെ ലോകത്തൊരു ശക്തിക്കും ചെറുക്കാനാകില്ല. രാമായണവും മഹാഭാരതവുമില്ലാത്ത ഭാരതഭൂമി ഹിമാലയവും ഗംഗയുമില്ലാത്തപോലെ വെറുമൊരു ഭൂപ്രദേശം മാത്രമാണ്. രാമായണത്തിന്റെ സരയൂനദി സഹസ്രാബ്ദങ്ങളായി ഭാരതത്തിന്റെ മനസ്സിലൂടെ ചൈതന്യം പ്രസരിപ്പിച്ച് ഒഴുകുകയാണ്. ആ വിശുദ്ധതീര്‍ത്ഥം നുകര്‍ന്നുകൊണ്ടാണ് തലമുറകള്‍ ഈ മണ്ണില്‍ ജീവിച്ച് കടന്നുപോയത്. ജീവിതത്തിന്റെ അര്‍ത്ഥം തേടിയുള്ള യാത്രയില്‍ എന്നും ഭാരതത്തിലെ ഓരോ മനുഷ്യനും ഉത്തരം നല്‍കുന്നത് രാമായണമാണ്. രാമന്റെ കനല്‍വഴികളിലൂടെയുള്ള യാത്ര എക്കാലത്തെയും ഭരണാധികാരികള്‍ക്കുള്ള മാതൃകയാണ്. രാമായണത്തിലെ ത്യാഗത്തിന്റെ അകാശത്തോളം ഉയര്‍ന്നുനില്‍ക്കുന്ന മഹത്വപൂര്‍ണ്ണമായ കാണ്ഡങ്ങളിലൂടെ നാം കടന്നുപോകുമ്പോള്‍ അത് ലോകത്ത് സമാനതകളില്ലാത്ത ഒരു ഏടായി ഒറ്റപ്പെട്ടുനില്‍ക്കുന്നു.
രാമന്‍ ഈ മണ്ണില്‍ ജനിച്ച് ജീവിച്ച് സരയൂവിന്റെ അഗാധതകളിലേക്ക് മറഞ്ഞുപോയ അവതാര പുരുഷനാണ്. ആ ചരിതം രാമായണത്തിലൂടെ നാം അറിയുന്നു. പക്ഷേ ആ അവതാരപുരുഷന്റെ ജന്മഭൂമിയില്‍ പള്ളി നിര്‍മ്മിച്ചുകൊണ്ടു ചരിത്രത്തില്‍ തെറ്റുകളുടെയും ക്രൂരതകളുടെയും പരമ്പര സൃഷ്ടിച്ച ബാബറുടെ ചെയ്തിയെ തിരുത്തുക എന്നത് നൂറ്റാണ്ടുകള്‍ കഴിഞ്ഞായാലും ഹിന്ദുവിന്റെ ജന്മാവകാശമാണ്. ഇസ്ലാം സമൂഹത്തിന് എങ്ങനെയാണോ? ‘ കഅബ’ അതുപോലെയാണ് ഹിന്ദുവിന് ‘രാമജന്മഭൂമി’ അത് അംഗീകരിക്കുക എന്നതാണ് ചരിത്രത്തില്‍ സംഭവിച്ച തെറ്റിനുള്ള പരിഹാരം. മറിച്ച് അതിനെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കും മത താല്പര്യങ്ങള്‍ക്കുംവേണ്ടി ഉപയോഗിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല. ഈ തിരിച്ചറിവ് ഭരണാധികാരികള്‍ക്ക് ഉണ്ടാകണം.
ഭാരതത്തിന് സ്വാതന്ത്ര്യം ലഭിച്ചിട്ട് കേവലം 66വര്‍ഷങ്ങള്‍ മാത്രമേ ആയുള്ളൂ. പക്ഷേ ശ്രീരാമന്റെ ചരിത്രത്തിന് ആയിരക്കണക്കിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. അതുകൊണ്ടുതന്നെ ഈ വിഷയത്തെ കേവലം നിയമത്തിന്റെ ചട്ടക്കൂട്ടില്‍നിന്നു പരിഹരിക്കാനാവില്ല. ശ്രീരാമക്ഷേത്രനിര്‍മ്മാണമെന്നത് ചരിത്ര നിയോഗമാണ്. അത് പൂവണിയുകതന്നെ ചെയ്യും; ആ പ്രയാണപഥങ്ങളില്‍ ഹിമവല്‍ സദൃശമായ വിഘ്‌നങ്ങള്‍ ഉണ്ടായാലും.
Discussion about this post