ചെങ്കല്‍ സുധാകരന്‍
34. മഥുരാപ്രയാണം
ഭഗവദ്ഭക്തിയുടെ നിറകുംഭം എന്നു വിശേഷിപ്പിക്കാവുന്ന ഒരു കഥാസന്ദര്‍ഭമാണ് ഭഗവാന്‍ ശ്രീകൃഷ്ണന്റെ മഥുരാപ്രയാണം. മായാലീലകളിലൂടെ മാലോകരുടെ മനം കവര്‍ന്ന കൃഷ്ണനെ പിരിയേണ്ടിവന്ന ഗോകുലവാസികളുടെ മാനസിക വിക്ഷോഭങ്ങളാണിവിടെ വര്‍ണ്ണിതമായിരിക്കുന്നത്. ഊണുറക്കങ്ങളിലെല്ലാം കണ്ണന്റെ മായക്കളികളെമാത്രം താലോലിച്ചുകൊണ്ടിരുന്ന ഗോപികമാരുടെ (ഭക്തരുടെ) ചേതോവികാരം ഊഹിക്കാവുന്നതേയുള്ളൂ!
അക്രൂരന്‍, രാമകൃഷ്ണന്മാരെയുംകൊണ്ട് മഥുരയിലേക്കു പോകാനാണെത്തിയതെന്ന് ഗോപികമാരറിഞ്ഞു. ആ വാര്‍ത്തകേട്ട് അവര്‍ തരിച്ചുപോയി. ചിലര്‍ വാടിത്തളര്‍ന്നു. പലരും ബോധശൂന്യരായി. മറ്റു ചിലര്‍ ദുഃഖം സഹിയാതെ നിലവിളിച്ചു. ശ്രീരാധികയാകട്ടെ ബോധമറ്റ് നിലംപതിച്ചു. ഏവരും കൃഷ്ണ കൃഷ്‌ണേതി ജപിച്ചു വിലാപം തുടര്‍ന്നു!
ഗോപികമാരുടെ ദുഃഖമറിഞ്ഞ ശ്രീകൃഷ്ണന്‍ അതിവേഗം അവരുടെ ഗൃഹങ്ങളിലെത്തി.
‘യാവന്ത്യാ യോഷിതോ രാജന്‍
താവദ്രൂപധരോ ഹരിഃ
സ്വയം സംബോധയാമാസ
വാഗ്ഭിഃ സര്‍വ്വാഃ പൃഥക് പൃഥക്”
(എത്ര ഗോപികമാരുണ്ടോ അത്രയും രൂപം ധരിച്ച ശ്രീഹരി അവരെ ഓരോരുത്തരേയും ആശ്വാസവാക്കുകളാല്‍ സമാശ്വസിപ്പിച്ചു.) രാധാഗൃഹത്തില്‍ ചെന്നപ്പോള്‍ കണ്ടകാഴ്ച കൃഷ്ണനേയും വിഷമിപ്പിച്ചു. അവിടെ രാധ മോഹാലസ്യപ്പെട്ടു കിടക്കുകയായിരുന്നു. ഉടന്‍ ഭഗവാന്‍ ഓടക്കുഴല്‍ വായിച്ചു. രാധ കണ്‍തുറന്നു. പിടഞ്ഞെഴുന്നേറ്റ് മുന്നില്‍ നില്‍ക്കുന്ന തേജോരൂപത്തെനോക്കി. യദൃച്ഛയാ ഭഗവാനെക്കണ്ട് അവള്‍ അദ്ഭുതപ്പെട്ടുപോയി. തുടര്‍ന്ന്, സൂര്യോദയത്തില്‍ താമരയെന്നപോലെ ആനന്ദിച്ച് സാദരോപചാരങ്ങളാല്‍ പീഠത്തിലിരുത്തി. കണ്ണീരണിഞ്ഞ് ദുഃഖാകുലരായി മുന്നില്‍ നിന്ന രാധയോട് ദൃഢവും ഗംഭീരവുമായ സ്വരത്തില്‍ ശ്രീകൃഷ്ണഭഗവാന്‍ പറഞ്ഞു.
‘വിമാനസ്ത്വം കഥം ഭദ്രേ
മാ ശോകം കുരു രാധികേ
അഥവാ ഗന്തുകാമം
ശ്രുത്വാസി വിരഹാതുരാ’
(രാധേ! നീ എന്താണ് ദുഃഖിതയാകാന്‍? ഒരിക്കലും ദുഃഖിക്കരുത്. ഓ, ഞാന്‍ പോകുന്നതായറിഞ്ഞ് വിരഹമോര്‍ത്താവാം ഈ ദുഃഖം)
രാധേ, ഭൂഭാരം തീര്‍ക്കുവാനും കംസാദികളുടെ നിഗ്രഹത്തിനുമായല്ലേ നീയുമൊത്തുള്ള എന്റെ അവതാരം? ബ്രഹ്മാദികളുടെ പ്രാര്‍ത്ഥനയാല്‍? ഇക്കാര്യം മറ്റാരേക്കാളും, എന്റെ പട്ടറാണിയായ നീയല്ലേ അറിയുന്നത്? ഇപ്പോള്‍ ഞാന്‍ മഥുരയിലേക്കുപോകുന്നു. ദേവാരികുലനാശം വരുത്തിയശേഷം മടങ്ങിയെത്തും. വളരെവേഗം! ഭവതിക്ക് മംഗളം വരട്ടെ!
ഇതുകേട്ട് രാധയുടെ ദുഃഖം വര്‍ദ്ധിച്ചു. അവള്‍ക്ക് ഭഗവദ്വിയോഗം അസഹനീയമായി. ശരീരം വിറച്ച് ദയനീയസ്വരത്തില്‍ രാധ പറഞ്ഞു: ‘ഭൂഭാരപരിഹാരത്തിനായി മഥുരയിലേക്കു പോകുന്നതു നല്ലതുതന്നെ. പക്ഷേ, എന്നോടൊരു പ്രതിജ്ഞ ചെയ്തിട്ടില്ലേ? അതങ്ങ് മറന്നുവോ? ഭവാന്‍ പോയിക്കഴിഞ്ഞാല്‍ ഈ ദേഹം ഞാന്‍ ധരിക്കുകയില്ല. വേര്‍പാടിനാല്‍ എന്റെ പ്രാണന്‍ കര്‍പ്പൂരസമാനം ധൂളി ധൂസരമായിപ്പോകും.’
രാധയുടെ വിലാപസഹിതമായ വാക്കുകള്‍ കേട്ടപ്പോള്‍ ശ്രീനാഥന്‍ മറുപടി പറഞ്ഞു:
”വചനം വൈ സ്വനിഗമം
ദൂരികര്‍ത്തും ക്ഷമോളസ്മ്യഹം
ഭക്താനാം വചനം രാധേ
ദൂരീകര്‍ത്തും ന ച ക്ഷമഃ”
(രാധേ, എന്റെ ശപഥം തെറ്റിക്കുന്നതില്‍, ഒരു പക്ഷേ, ഞാന്‍ മടിച്ചേക്കാം. പക്ഷേ, എന്റെ ഭക്തന്റെ ശപഥം വ്യര്‍ത്ഥമാക്കാന്‍ എനിക്കൊരിക്കലും സാധിക്കുകയില്ല.)
‘മുമ്പൊരുശാപം നിനക്കു കിട്ടിയിട്ടുണ്ടല്ലോ? ശ്രീദാമാവില്‍ നിന്ന്? നൂറുവര്‍ഷം ഞാനുമായി വിരഹം പ്രാപിക്കുമെന്ന്. ആ ശാപം ഫലിക്കുകയാണിവിടെ. അതില്‍ സംശയമില്ല! അതുകൊണ്ട്, കാര്യഹേതുക്കള്‍ നന്നായറിയുന്ന നീ ദുഃഖിക്കരുത്. ഈ വിയോഗകാലത്ത് മാസത്തിലോരോപ്രാവശ്യം ഞാന്‍ നിനക്ക് ദര്‍ശനം തരുന്നതാണ്.”
ഭഗവാന്റെ വാക്കുകള്‍ രാധയുടെ ദുഃഖത്തിന് അല്പം ശമനമുണ്ടാക്കി. അവള്‍ കണ്ണീര്‍ തുടച്ചുകൊണ്ട് പറഞ്ഞു: ”ഭഗാവനേ, മാസത്തിലൊരു ദിവസം അങ്ങ് ദര്‍ശനം തരാത്തപക്ഷം ഞാന്‍ ദുഃഖത്താല്‍ പ്രാണന്‍ തന്നെ ത്യജിക്കുന്നതാണ്. അതുകൊണ്ട്, മാസംതോറും ദര്‍ശനം സാദ്ധ്യമാക്കാമെന്ന് അങ്ങ് സത്യം ചെയ്യണം!” രാധയുടെ ആവശ്യം കൃഷ്ണന്‍ നിറവേറ്റി. പറഞ്ഞപ്രകാരം ദര്‍ശനം നല്‍കിക്കൊള്ളാമെന്ന് അദ്ദേഹം ശപഥം ചെയ്തു. തുടര്‍ന്ന്, യഥാര്‍ത്ഥസ്‌നേഹമന്തെന്നും താന്‍ ആരാണെന്നും തന്നെ കാണാനഗ്രഹിക്കുന്ന ഭക്തര്‍ക്കുള്ള ലക്ഷണമെന്തൊക്കെയാണെന്നും ഭഗവാന്‍ രാധയെ കേള്‍പ്പിച്ചു.
കൃഷ്ണന്‍ പറഞ്ഞു: ‘രാധേ, നിഷ്‌കാരണസ്‌നേഹമുള്ളവരാണ് യഥാര്‍ത്ഥമിത്രങ്ങള്‍! കപടസ്‌നേഹികള്‍ മിത്രവേഷം കെട്ടിയ അഭിനേതാക്കളാണ്. കാമിജനങ്ങള്‍ക്ക് നിഷ്‌കളങ്കനായ എന്നെ അറിയാന്‍ കഴിയുകയില്ല. കര്‍മ്മേന്ദ്രിയങ്ങള്‍ക്കെങ്ങനെ രസാദ്യാസ്വാദനം സാധിക്കും? പ്രേമമാണേറ്റം ശ്രേഷ്ഠം! അതിനുതുല്യമായി മറ്റൊന്നും ലോകത്തിലില്ല! എന്നില്‍ അഹേതുകമായ പ്രേമംമാത്രം മതി എല്ലാ മനോരഥങ്ങളും സാധിക്കാന്‍! ഭവതിക്കെങ്ങനെ എന്നെ പിരിയാനാകും? പാലും വെളുപ്പുമെന്നപ്പോലെ നാം അഭിന്നരല്ലേ? നാമൊന്നാണ്. അതറിയാതെ ഭേദഭാവത്തില്‍ കാണുന്നവര്‍ ബുദ്ധിശൂന്യരാണ്.
ഇങ്ങനെ ഓരോ സാന്ത്വനോക്തികൊണ്ട് രാധയെ ഭഗവാന്‍, ആശ്വസിപ്പിച്ചു. മറ്റുഗോപികമാരേയും. നേരം പുലര്‍ന്നപ്പോള്‍ ഭഗവാനും ജ്യോഷ്ഠനും ഗോപമുഖ്യന്മാരും മഥുരാ യാത്രയ്ക്കു തയ്യാറായി. പല പലവണ്ടികളില്‍ ഗവ്യങ്ങള്‍ നിറച്ച് നന്ദാദികള്‍ രഥത്തിലേറി പുറപ്പെട്ടു. അക്രൂരന്‍ വന്ന രഥത്തില്‍ രാമകൃഷ്ണന്മാരും. യാത്ര ആരംഭിച്ചപ്പോള്‍, അവരുടെ രഥം തടഞ്ഞുകൊണ്ട്, കോടിക്കണക്കായുള്ള ഗോപികമാര്‍ നിരന്നുനിന്നു. രാമകൃഷ്ണന്മാരുടെ യാത്ര അവരെ പ്രകോപിതരാക്കി. എല്ലാറ്റിനും കാരണക്കാരന്‍ അക്രൂരനാണെന്നവര്‍ കരുതി. ആ ഗോപികമാര്‍ ഗാന്ദിനീനന്ദനെ (അക്രൂരനെ) ‘ക്രൂരന്‍, ക്രൂരന്‍!’ എന്നു വിളിച്ചുകൊണ്ട് തടഞ്ഞു. ഔചിത്യംപോലും മറന്ന് അവര്‍, അക്രൂരന്റെ സാരഥിയേയും കുതിരകളേയും വടികൊണ്ടടിച്ചു. കുതിരകള്‍ വീണു. സാരഥിയെ നിലത്തുവീഴ്ത്തി. അക്രൂരനെ തേരില്‍ നിന്ന് പുറത്തേക്ക് തള്ളിയിട്ടു. ഭഗവാന്‍ ഇടപെട്ട് അക്രൂരനെ രക്ഷിച്ചു. തങ്ങള്‍ ഉടന്‍ മടങ്ങിയെത്തുമെന്ന് ഗോപികമാര്‍ക്കുറപ്പുകൊടുത്തു. ഇത്തരം സാഹസം പരിഹാസ്യമാണെന്നുപറഞ്ഞ് അവരെ പിന്‍തിരിപ്പിച്ചു.
ശ്രീകൃഷ്ണന്റെ വാക്കുകളാല്‍ ദുഃഖവുമൊട്ടുശാന്തമാക്കി ഗോപികമാരടങ്ങി. ഭഗവാന്‍, ബലദേവനുമൊത്ത്, അക്രൂരനാല്‍ നീതനായി, വേഗം വേഗം സഞ്ചരിച്ച്, മഥുരാപുരിയിലെത്തി. ശ്രീകൃഷ്ണഭക്തിയില്‍ വിലീനരായി ‘ജഡോന്മത്ത പിശാചവത്’ പെരുമാറുന്നവരാണ് ഭക്തന്മാര്‍! അവര്‍ക്ക് ഭഗവാന്‍ പ്രാണനാണ്. ഈശ്വരനെക്കൂടാതെ കഴിയുകയെന്നത് സങ്കല്പിക്കാന്‍പോലുമാവില്ല! രാമഭക്തിയാല്‍ ദ്വേഷികളുടെ അശോകവനിക തകര്‍ത്ത ഹനുമാനേയും ഭക്താഗ്രണിയായി കാണണം! അതുപോലെ വൃന്ദാവനഗോപികമാരേയും. ശ്രീകൃഷ്ണ വിരഹമവര്‍ക്ക് അസഹനീയമായി. നിമിഷാര്‍ദ്ധംപോലും ഈശ്വരവിരഹം പൊറുക്കാനാവാത്തതാണ് പ്രേമഭക്തിയുടെ ലക്ഷണം! ഗോപികാദുഃഖംപോലെ ഉചിതമായൊരുദാഹരണം വേറെയില്ല!
ശ്രീനാരദന്‍ ഭക്തിസൂത്രത്തില്‍ പറയുന്നു:
”നാരദസ്തു തദര്‍പ്പിതാഖിലാചാരതാ
തദ്വിസ്മരണേ പരമവ്യാകുലതേതി ച”
(നാരദന്റെ അഭിപ്രായത്തില്‍, എല്ലാ കര്‍മ്മങ്ങളും അഖിലേശ്വരനില്‍ സമര്‍പ്പിക്കുകയും അദ്ദേഹത്തെ വിസ്മരിക്കാനിടയായാല്‍ അസഹ്യമായ വേദന അനുഭവിക്കുകയുമാണ് ഭക്തിയുടെ ലക്ഷണം) ആത്മസമര്‍പ്പണവും നിരന്തരസ്മരണവുമാണ് ഭക്തി.
”ശ്രവണം കീര്‍ത്തനം ധ്യാനം
ഹരേരദ്ഭുത കര്‍മ്മണഃ
ജന്മകര്‍മ്മഗുണാനാം ച
തദര്‍ഥേള ഖില ചേഷ്ടിതം” (ഭാ.ഗ 11.3.27)
എന്ന് ഭാഗവതത്തില്‍ പറഞ്ഞിട്ടുള്ളതും ഇതിന് ഉപോദ്ബലകമാണ്. ‘യഥാ വ്രജ ഗോപികാനാം’ (എപ്രകാരമാണോ വ്രജത്തിലെ ഗോപികമാരുടെ ഭക്തി, അതുപോലെ)
ഇത്തരം ഭക്തിലക്ഷണം മനസ്സില്‍വച്ചു കൊണ്ടുവേണം പൂര്‍വ്വജന്മവരഫലമായ ഗോപികാജന്മം നേടിയ പുണ്യശാലിനികളുടെ ഭക്തിയെ വിലയിരുത്താന്‍. ശ്രീകൃഷ്ണപ്രയാണവാര്‍ത്തയറിഞ്ഞപ്പോള്‍ത്തന്നെ അവര്‍ നഷ്ടപ്രാണകളെപ്പോലെയായി. ചിലര്‍ വാടിവീണു. ചിലര്‍ ബോധംകെട്ടു. രാധയാകട്ടെ, ബോധമറ്റുനിലംപതിച്ചു എന്നുമാത്രമല്ല. അസ്തപ്രജ്ഞാവസ്ഥയിലും ‘കൃഷ്ണ കൃഷ്‌ണേതി’ ജപിക്കുകയും ചെയ്തിരുന്നു.
ഭക്തരുടെ ഹൃദയാമന്ത്രണമാണ് ശ്രീകൃഷ്ണനെ അവരുടെ അടുക്കലേക്ക് വേഗമെത്തിച്ചത്. അദ്ദേഹമവരെ സമീപിച്ച് പലപല സാന്ത്വനവാക്കുകളാല്‍ സമാധാനിപ്പിച്ചു. ‘ഹരിസ്വയം സംബോധയാമാസവാഗ്ഭിഃ” എന്നാണ് ഗര്‍ഗ്ഗാചാര്യര്‍ പറഞ്ഞിരിക്കുന്നത്. ചുട്ടുനീറുന്ന ശരീരത്തില്‍ പനിനീര്‍മഴപോലെയാണ്, അവര്‍ക്ക് ഭഗവാന്റെ വാക്കുകള്‍ അനുഭവപ്പെട്ടത്. ദുഃഖമടക്കി സമാധാനിക്കാന്‍ അത് സഹായിച്ചു. പക്ഷേ, ‘നിന്നെ പിരിഞ്ഞാല്‍ ക്ഷണാര്‍ദ്ധം പൊറുക്കുമോ?’ എന്ന് വാത്സല്യഭക്തിക്കധീനയായി, കൗസല്യാദേവി ചോദിച്ചപോലെ ഉല്ബണമായൊരാവേഗം ഗോപികമാരെ മഥിച്ചുകൊണ്ടുമിരുന്നു!
രാധാകൃഷ്ണസമാഗമവും സംഭാഷണവും അതീവശ്രദ്ധ പതിയേണ്ട ഒരു സന്ദര്‍ഭമാണ്. തന്റെ വിയോഗമോര്‍ത്ത് രാധ ദുഃഖിക്കരുതെന്നും അവതാരോദ്ദേശ്യം നന്നായറിയുന്നവള്‍ രാധയാണെന്നും പറഞ്ഞ് ഭഗവാന്‍ സാന്ത്വിനിപ്പിച്ചു. കംസാദി നിഗ്രഹം കഴിഞ്ഞ് വേഗം മടങ്ങാമെന്ന് പറഞ്ഞാശ്വസിപ്പിച്ചു.
അര്‍ദ്ധനാരീശ്വര സങ്കലപ്ത്തിലെ പാര്‍വ്വതീപരമേശ്വരന്മാര്‍ക്കു സമമാണ് രാധാകൃഷ്ണന്മാര്‍! സാംഖ്യന്മാരുടെ പ്രകൃതിപുരുഷന്മാരും ഇവര്‍തന്നെ. ഒരാള്‍ക്കുമറ്റാള്‍ എന്നുപോലും പറയാനാകാത്ത അഭേദത്വമാണിവരില്‍! പ്രകൃതിയെക്കൂടാതെ/ശക്തിയെക്കൂടാതെ പുരുഷന്/ശിവന് ഒന്നും സാദ്ധ്യമല്ല. അതാണ് ബ്രഹ്മാദികളുടെ അഭ്യര്‍ഥനയനുസരിച്ചുള്ള തന്റെ അവതാരരഹസ്യം രാധ നന്നായറിയുമെന്ന് ഭഗവാന്‍ പറയുന്നത്. രാധാഭക്തിപോലുള്ള ധാരാഭക്തി മറ്റാരിലും കാണുകയില്ല. ഒരിക്കലും രാധ/ഭക്തന്‍ കൃഷ്ണനെ/ഭഗവാനെ പിരിയുകയില്ല. അതാണ് നിരീഹഭക്തിയുടെ സ്വഭാവം! ഭേദമുള്ളിടത്താണ് വേര്‍പാട്. അതോര്‍മ്മിപ്പിച്ചുകൊണ്ടാണ് ശ്രീകൃഷ്ണന്റെ സംഭാഷണം! പുറമേ, രാധാകൃഷ്ണന്മാരുടെ വേര്‍പാടായി തോന്നാമെങ്കിലും, അതല്ല സത്യം!
സ്ഥൂരദൃഷ്ടിയില്‍, വിരഹാര്‍ത്തയായ രാധയെ കാണാം. അപ്പോഴും വിരഹം സംഭവിച്ചുകഴിഞ്ഞിട്ടില്ല. വേര്‍പെട്ടാലുണ്ടാകുന്ന ദുഃഖമാണത്. കൃഷ്ണനെ പിരിഞ്ഞ് രാധ ഉണ്ടായിരിക്കില്ലെന്ന സത്യമാണ് ഇക്കഥയില്‍ പ്രപഞ്ചനം ചെയ്യുന്നത്. ”രാധേ, ഭൂഭാരം തീര്‍ത്ത് – കംസാദികളുടെ നിഗ്രഹത്തിലൂടെ – സംരക്ഷിക്കുവാനല്ലേ, നീയുമൊത്തുള്ള എന്റെ അവതാരം?” എന്ന് ശ്രീകൃഷ്ണഭഗവാന്‍ ചോദിക്കുന്നിടത്ത് ഭക്തിയുടെ ലക്ഷ്യമെന്താണെന്ന സത്യവുമൊളിഞ്ഞിരിക്കുന്നു. ഭൂഭാരം തീര്‍ക്കുകയെന്നാല്‍ ലൗകിക ദുഃഖമകറ്റുക എന്നും അര്‍ത്ഥമെടുക്കാം. കംസാദികള്‍ ലൗകികപീഡകള്‍! അതുതീര്‍ന്നാല്‍ ജീവന്‍ മുക്തനാണ്. അപ്പോള്‍ പ്രകൃതിപുരുഷലയം പൂര്‍ണ്ണമാകും. അത്തരം സന്ദര്‍ഭത്തില്‍ ദുഃഖത്തിനെവിടെ സ്ഥാനം? പരമാനന്ദാനുഭവത്തിലെ അമൃതസുഖമാണത്തരക്കാര്‍ക്കുണ്ടാകുന്നത്.
ഭഗവാനല്ലാതെ മറ്റൊന്നും ശാശ്വതമല്ലെന്ന വിശ്വാസം നിഷ്‌കളങ്കഭക്തിയില്‍ നിന്നുണ്ടാകുന്നതാണ്. ”സാത്വസ്മിന്‍ പരമപ്രേമരൂപാ” എന്ന് ശ്രീനാരദന്‍ പറഞ്ഞതുമിതുദ്ദേശിച്ചാകാം. ഭഗവാനോട് ഏറ്റവും ഉദാത്തമായ പ്രേമമാണ് ഭക്തനുള്ളത്. ”അങ്ങയുടെ വേര്‍പാടില്‍ എന്റെ പ്രാണന്‍, കര്‍പ്പൂരസമാനം ധൂളിധൂസരമായിപ്പോകും” എന്ന് രാധ പറയുന്നുവല്ലോ? അഭിന്നഭാവത്തിലുള്ള ഭക്തിയാണ് ഈ വാക്കുകളില്‍ നിറഞ്ഞുനില്‍ക്കുന്നത്. താനും ഭഗവാനും ഒന്നായിരിക്കേ എങ്ങനെയാണ് വേറിട്ടുപോവുക. പോകണമെങ്കില്‍ ഭിന്നതവേണം. ഈ സത്യം വ്യക്തമാക്കാന്‍, രാധാകൃഷ്ണന്മാരുടെ സംഭാഷണത്തിലെ സ്ഥൂലതവിശദമാക്കിയെന്നുമാത്രം! ‘കണ്ണുള്ളവര്‍ കണ്ടുകൊള്ളട്ടെ’ എന്ന അര്‍ഥത്തില്‍ മേല്‍ക്കാണിച്ച സന്ദര്‍ഭത്തിലെ അവസാനഭാഗം ഏറെ ചിന്തനീയമായിരിക്കുന്നു. കാമിജനങ്ങള്‍ക്ക് നിഷ്‌കളങ്കനായ എന്നെ അറിയാന്‍ കഴിയുകയില്ല. കര്‍മ്മേന്ദ്രിയങ്ങള്‍ക്കെങ്ങനെ രാസാസ്വാദനം സാധിക്കും? കൈകാലുകള്‍ക്കോ പായൂപസ്ഥങ്ങള്‍ക്കോ അതിനുള്ള ശേഷിയില്ല. രസനയ്ക്കു മാത്രമേ ആസ്വാദനം ചെയ്യാന്‍ കഴിയൂ! അതുപോലെ, ശുദ്ധേന്ദ്രിയമാനസന്മാര്‍ക്കുമാത്രമേ ശുദ്ധതത്ത്വത്തെയും അറിയാന്‍ കഴിയൂ! ‘ബ്രഹ്മവിദ് ബ്രഹ്മൈവ ഭവതി’ എന്നുണ്ടല്ലോ. അതുപോലെ, പ്രേമമാണ് ഏറ്റവും ശ്രേഷ്ഠം! അതിനുതുല്യം മറ്റൊന്ന് ഈ ലോകത്തിലില്ല! എന്നുപറഞ്ഞ ഭാഗത്ത് പ്രേമഭക്തിയുടെ അനര്‍ഘപദം ഭഗവാന്‍തന്നെ വ്യക്തമാക്കിയിരിക്കുന്നു. ”ഭവതിക്കെങ്ങനെ എന്നെ പിരിയാനാകും? പാലും വെളുപ്പുമെന്നപോലെ നാം അഭിന്നരല്ലേ?” ഇതില്‍പ്പരം ഖണ്ഡിതമായ ഒരഭിപ്രായം വേറെയില്ലല്ലോ? ഭഗവാനും ഭക്തനും ഒന്നാണെന്ന സുദൃഢപ്രഖ്യാപനമാണിത്.
”പ്രേമൈവ കര്‍ത്തവ്യ മനോമയി സ്വതഃ
പ്രേമ്ണാ സമാനം ഭുവി നാസ്തി കിഞ്ചിത്”
ശ്രീകൃഷ്ണന്റെ വാക്കുകളിലൂടെ, ശ്രീഗര്‍ഗ്ഗന്‍ മേല്‍പ്പറഞ്ഞ തത്ത്വത്തിന് ഊന്നല്‍ കൊടുക്കുകയും ചെയ്തിരിക്കുന്നു. അര്‍ച്ചനം, കീര്‍ത്തനം തുടങ്ങി വളരുന്ന നവധാഭക്തി, പടികളെല്ലാം കടന്ന് ശിവം അനുഭവിക്കുന്നു.
ആദിഗോപികമാരില്‍ ലീലയോട് ഭഗവാന് സ്‌നേഹമുണ്ടായെന്നു കണ്ട് പട്ടറാണി രാധ പരിഭവിച്ചു. (ഗോലോകത്തില്‍വച്ച്) അതുകണ്ട് ഭഗവദനുചരനായ ശ്രീദാമാവ് രാധയെ കുറ്റപ്പെടുത്തി. കുപിതയായ രാധ, ‘നീയൊരു രാക്ഷസനായി ജനിക്കാനിടവരട്ടെ’ എന്ന് ശപിച്ചു. ‘നിനക്ക് കൃഷ്ണനെ പിരിഞ്ഞ് ദീര്‍ഘകാലം കഴിയാനിടവരട്ടെ.’ – എന്ന് ശ്രീദാമന്‍ പ്രതിശാപവുമിട്ടു. ആ ശാപഫലാനുഭവവും കൂടിയാണ് ഈ അവതാരത്തിലുള്ളത്. രാധയുടെ അഭ്യര്‍ത്ഥന മാനിച്ച്, മഥുരയിലേക്കുപോയാലും മാസത്തിലൊരിക്കല്‍ രാധാസമക്ഷം ദര്‍ശനസുഖം നല്‍കാമെന്ന് ഭഗവാന്‍ വാക്കുകൊടുത്തു. അതിനാല്‍, രാധ ദുഃഖമടക്കി. മാസത്തിലൊരിക്കലെന്ന കഥാംശത്തിനിവിടെ പ്രസക്തിയില്ല. ദര്‍ശനം കിട്ടുമെന്ന പ്രതീക്ഷ രാധയില്‍ ആനന്ദം നിറച്ചു. അതുതന്നെയാണ് ഭക്തന്റെ തൃപ്തി!
മഥുരയിലേക്കു രാമകൃഷ്ണന്മാര്‍ സഞ്ചാരം തുടങ്ങിയപ്പോള്‍, ഗോപികമാര്‍ ദുഃഖം സഹിയാതെ, ചില ചാപല്യങ്ങള്‍ കാട്ടി. അക്രൂരനെ ക്രൂരനെന്നു വിശേഷിപ്പിച്ചതും സാരഥിയേയും തുരഗങ്ങളേയും അടിച്ചുവീഴ്ത്തി, കൃഷ്ണനെ കൊണ്ടുപോകരുതെന്ന് അഭ്യര്‍ഥിച്ചതും അനന്യഭക്തിയുടെ സൂക്ഷ്മതത്ത്വമാണ്. സാരഥിയായി ബുദ്ധിയേയും അശ്വങ്ങളായി ഇന്ദ്രിയങ്ങളേയും രഥമായി ശരീരത്തേയും സങ്കല്പിച്ചിട്ടുള്ള ഉപനിഷദുക്തി പ്രസിദ്ധമാണല്ലോ? ”ആത്മാനം രഥിനം വിദ്ധി ശരീരം രഥമേവ ച” എന്ന കഠശ്ലോകം ഇതിന് സാധൂകരണമാണ്.
യോഗികല്പരായ ഗോപികമാര്‍ ഈശ്വരപ്രീത്യര്‍ത്ഥം പ്രയത്‌നിച്ചു. പക്ഷേ, ഭഗവദ്വിരഹം അവരെ അത്യധികം മഥിച്ചു. ഭഗവത്സംഗമം നഷ്ടമാകുമോ എന്ന് അവര്‍ ഭയന്നു. അതു സംഭവിക്കാതിരിക്കാന്‍ കരുതലോടെ ശ്രമം തുടങ്ങി. ശരീരമെന്ന രഥവും ഇന്ദ്രിയക്കുതിരകളും ബുദ്ധിയെന്ന സാരഥിയും തടസ്സങ്ങളാണെന്ന് മനസ്സിലാക്കി. അതിനാല്‍, അവയെ വരുതിയില്‍ നിറുത്താന്‍ ആഗ്രഹിച്ചു. ആദ്യം ബുദ്ധിയെ നിയന്ത്രിക്കാന്‍. തുടര്‍ന്ന് ഇന്ദ്രിയങ്ങളെ. അങ്ങനെ ശരീരത്തേയും ഉണ്ടായ ശരീരഭാവം അവര്‍ സ്വയം നശിപ്പിച്ചു. സാരഥിയേയും കുതിരകളേയും അടിച്ചുവീഴ്ത്തി എന്നു പറഞ്ഞതിലെ സാരമിതാണ്. അക്രൂരനാകുന്ന മനസ്സിനെ കുറ്റപ്പെടുത്തി. തുടര്‍ന്നുള്ള ഭക്തിയാല്‍ ഭഗവത് പ്രസാദമുണ്ടായി. മനഃശാന്തിയും നേടി. ഇത്തരം സൂക്ഷ്മതകളെ കഥാപരിവേഷത്തില്‍ അവതരിപ്പിക്കുകയാണ് ഭാഗവതകാരന്മാര്‍ – വ്യാസനും ഗര്‍ഗ്ഗനും – ചെയ്തിരിക്കുന്നത്.
—————————————————————————————————————————-
ഗ്രന്ഥകര്‍ത്താവിനെക്കുറിച്ച്:-
ചെങ്കല്‍ സുധാകരന്‍
1950 മാര്‍ച്ച് ഏഴാം തീയതി നെയ്യാറ്റിന്‍കര താലൂക്കിലെ ചെങ്കല്‍ ദേശത്ത് കുറ്ററക്കല്‍ വീട്ടില്‍ ജനനം. പരേതരായ ആര്‍.ഗോവിന്ദപ്പിള്ളയും വി.ഭാര്‍ഗവി അമ്മയും അച്ഛനമ്മമാര്‍. കേരള സര്‍വകലാശാലയില്‍ നിന്നും മലയാളസാഹിത്യത്തില്‍ എം.എ, എം.ഫില്‍, ബിഎഡ് ബിരുദങ്ങള്‍ നേടി. ചേര്‍ത്തല എന്‍.എന്‍.എസ് കോളേജിലും വിവിധ സര്‍ക്കാര്‍ കലാലയങ്ങളിലും ജോലി ചെയ്തു. 2005 മാര്‍ച്ചില്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ അധ്യാപകനായി വിരമിച്ചു. ഇപ്പോള്‍ ഏറ്റുമാനൂരപ്പന്‍ കോളേജിലെ മലയാളവിഭാഗത്തില്‍ ജോലിചെയ്യുന്നു. അഗ്രപൂജ എന്നപേരില്‍ ഒരു കാവ്യം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാളത്തിലെ ആനുകാലികങ്ങളില്‍ കവിതകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചു വരുന്നു.
തിരുവനന്തപുരം സര്‍ക്കാര്‍ കോളേജിലെ ചരിത്രവിഭാഗം അധ്യാപികയായിരുന്ന ഡോ.ആര്‍ .അയിഷ ,ഭാര്യ. മക്കള്‍ : മാധവന്‍ , ഗായത്രി.
വിലാസം: ഗായത്രി, ടി.സി. 6/199 – 7, സൗപര്‍ണ്ണികാ ഗാര്‍ഡന്‍സ്, നേതാജി റോഡ്,വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം – 695 013,
മൊബൈല്‍: 9447089049
പ്രസാധകക്കുറിപ്പ്:-
വ്യാസമഹാഭാരതവും മഹാഭാഗവതവും പോലെ അത്ര പ്രചാരമുള്ള ഒരു കൃതിയല്ല ഗര്‍ഗ്ഗഭാഗവതം. ഈ കൃതി ഗര്‍ഗ്ഗാചാര്യനാല്‍ വിരചിതമായി എന്ന് വിശ്വസിക്കപ്പെടുന്നു. ഗര്‍ഗ്ഗഭാഗവതകഥകളും അവയ്ക്കുള്ള ശ്രീ.ചെങ്കല്‍ സുധാകരന്റെ നിരീക്ഷണവുമാണ് ഗര്‍ഗ്ഗഭാഗവതസുധ ഒന്നാംഭാഗം എ്ന്ന ഈ കൃതി. ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ശ്രീ.ചെങ്കല്‍ സുധാകരന്റെ ആദ്യ കൃതിയാണിത്. ഈ കൃതിയുടെ പാരായണത്താല്‍ ഓരോ ഭക്തന്റെയും മനസ്സ് ശ്രീകൃഷ്ണലീലകളിലൂടെ കടന്ന് അഷ്ടരാഗവിമുക്തനായി പരമാനന്ദമനുഭവിക്കട്ടെ എന്ന് ഞങ്ങള്‍ ആശിക്കുന്നു.
കൃഷ്ണഭക്തകേരളം ഈ കൃതിയേയും അതിന്റെ മൂല്യത്തെപ്രതി സ്വീകരിക്കുമെന്ന പ്രതീക്ഷയോടെ,
മാളുബന്‍ പബ്ലിക്കേഷന്‍സ്
ഗര്‍ഗ്ഗഭാഗവതസുധ -ഭാഗം 1 സമ്പൂര്‍ണ്ണ ഗ്രന്ഥത്തിന് എഴുതുക:-
MaluBen Publications
Arayoor P.O., (via) Amaravila
Thiruvananthapuram – 695 122
Mobile: 98469 98425
email: [email protected]
Discussion about this post