തിരുവനന്തപുരം: ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്കും നവീകരണത്തിനുമായി 155.89 കോടി രൂപ കൂടി അനുവദിക്കുവാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ തൈക്കാട് ഗവ. ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ധനമന്ത്രി കെ.എം. മാണി അറിയിച്ചതായി ദേവസ്വം മന്ത്രി വി.എസ്. ശിവകുമാര്‍ പറഞ്ഞു.
എല്ലാ സര്‍ക്കാര്‍ വകുപ്പുകളുടെയും ഏകോപനം ഉറപ്പുവരുത്തിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് അടുത്ത മണ്ഡലം-മകരവിളക്ക് മഹോത്സവത്തിനായി നടത്തുന്നത്. പമ്പ-മരക്കൂട്ടം സ്വാമി അയ്യപ്പന്‍ റോഡ് കോണ്‍ക്രീറ്റിട്ട് നവീകരിക്കും. കണമല പാലത്തിന്റെ നിര്‍മാണം സീസണുമുമ്പ് പൂര്‍ത്തിയാക്കും. പമ്പ-സന്നിധാനം സമാന്തര പൈപ്പ്‌ലൈന്‍ നിര്‍മാണം പൂര്‍ത്തിയാക്കി കുടിവെള്ള വിതരണ സംവിധാനം മെച്ചപ്പെടുത്തും.
പമ്പയില്‍ ആരോഗ്യഭവന്‍ മന്ദിരത്തിന്റെ ഒരു നില സീസണുമുമ്പ് പ്രവര്‍ത്തനസജ്ജമാക്കും. പമ്പയിലും സന്നിധാനത്തും കാരുണ്യ മെഡിക്കല്‍ സ്റ്റോറുകള്‍ തുടങ്ങും. കെഎസ്ആര്‍ടിസി കൂടുതല്‍ ബസ് സര്‍വീസുകള്‍ നടത്തും. മോട്ടോര്‍ വാഹന വകുപ്പ് സേഫ് സോണ്‍ പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കും. ഭക്ഷ്യസുരക്ഷാ ക്രമീകരണങ്ങള്‍ വിപുലപ്പെടുത്തും. അനധികൃത കച്ചവടം കര്‍ശനമായി നിരോധിക്കും. പഞ്ചായത്തുകള്‍ക്ക് ഗ്രാന്റായി ഈ വര്‍ഷം 1.55 കോടി രൂപ അനുവദിക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
ശബരിമലയിലെ സൗകര്യങ്ങള്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി മാളികപ്പുറത്ത് ഫ്‌ളൈഓവര്‍ നിര്‍മിക്കും. സന്നിധാനത്തെ ലോവര്‍ തിരുമുറ്റം നവീകരിക്കും. രണ്ട് അന്നദാന മണ്ഡപങ്ങള്‍കൂടി സ്ഥാപിക്കും. മരക്കൂട്ടത്ത് അണ്ടര്‍ പാസേജ് നിര്‍മിക്കും. നിലയ്ക്കലിലെയും എരുമേലിയിലെയും സൗകര്യങ്ങള്‍ മെച്ചപ്പെടുത്തും. പമ്പയിലും സന്നിധാനത്തും പോലീസ് മെസിനുവേണ്ടി കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിന് 4.5 കോടി രൂപ അനുവദിച്ചതായി യോഗത്തില്‍ അറിയിച്ചു.
മണ്ഡലം-മകരവിളക്ക് മഹോത്സവത്തിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി സെപ്റ്റംബര്‍ ആറിന് രാവിലെ 10ന് എരുമേലിയിലും ഉച്ചയ്ക്ക് 12.30 ന് പന്തളത്തും വൈകുന്നേരം നാലിന് ചെങ്ങന്നൂരും അവലോകനയോഗങ്ങള്‍ സംഘടിപ്പിക്കും. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലുള്ള അവലോകനയോഗം ഒക്‌ടോബര്‍ 24 ന് പമ്പയില്‍ ചേരുമെന്നും ദേവസ്വം മന്ത്രി അറിയിച്ചു.
യോഗത്തില്‍ മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ആര്യാടന്‍ മുഹമ്മദ്, കെ.സി. ജോസഫ്, അടൂര്‍ പ്രകാശ്, ഡോ. എം.കെ. മുനീര്‍, വി.കെ. ഇബ്രാഹിംകുഞ്ഞ്, ചീഫ് വിപ്പ് പി.സി. ജോര്‍ജ്, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.പി. ഗോവിന്ദന്‍ നായര്‍, ബോര്‍ഡംഗം സുഭാഷ് വാസു, ഡിജിപി: കെ.എസ്. ബാലസുബ്രഹ്മണ്യന്‍, ദേവസ്വം സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, ദേവസ്വം കമ്മീഷണര്‍ പി. വേണുഗോപാല്‍, ദേവസ്വം ചീഫ് എന്‍ജിനിയര്‍ രവികുമാര്‍, വിവിധ വകുപ്പുകളുടെ മേധാവികള്‍, ബന്ധപ്പെട്ട ജില്ലാ കളക്ടര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post