കൊച്ചി: സോളാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് സിറ്റിംഗ് ജഡ്ജിയെ വിട്ടു നല്‍കാനാകില്ലെന്ന് ഹൈക്കോടതി. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റിയാണ് തീരുമാനം അറിയിച്ചത്. സിറ്റിംഗ് ജഡ്ജിയെ നല്‍കാതിരിക്കാനുള്ള കാരണങ്ങള്‍ വ്യക്തമാക്കിയിട്ടില്ല. തീരുമാനം സര്‍ക്കാരിനെ തീരുമാനം രേഖാമൂലം അറിയിച്ചിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിലെ ഹൈക്കോടതി ജഡ്ജിമാരെ ലഭ്യമാക്കുന്നത് സംബന്ധിച്ച വിഷയം അടുത്ത മന്ത്രിസഭായോഗം പരിഗണിക്കും.
സിറ്റിംഗ് ജഡ്ജിയെ ഹൈക്കോടതിയില്‍ നിന്ന് ലഭിക്കാനുള്ള സാധ്യതയില്ലെന്ന് നിയമവൃത്തങ്ങള്‍ നേരത്തെ തന്നെ സൂചിപ്പിച്ചിരുന്നു. സിറ്റിംഗ് ജഡ്ജിയെ വിട്ടുനല്‍കണമെന്ന ആവശ്യം മുമ്പ് പലഘട്ടങ്ങളിലും ഹൈക്കോടതി നിരാകരിച്ചിരുന്നു. കോടതി നടപടികള്‍ക്ക് തന്നെ വേണ്ടത്ര ജഡ്ജിമാര്‍ ഇല്ലെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു കോടതി നിലപാട്.
37 ജഡ്ജിമാരുള്ള ഹൈക്കോടതിയില്‍ നിലവില്‍ 28 ജഡ്ജിമാര്‍ മാത്രമേയുള്ളൂ. 2014 മധ്യത്തോടെ ഇവരില്‍ 5 ജഡ്ജിമാര്‍ വിരമിക്കും.
നേരത്തെ തട്ടേക്കാട് ബോട്ട് ദുരന്തം ഉണ്ടായപ്പോള്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. അന്ന് 31 ജഡ്ജിമാര്‍ മാത്രമേയുള്ളൂവെന്ന് കാണിച്ച് ഹൈക്കോടതി ഈ ആവശ്യം നിരാകരിക്കുകയായിരുന്നു. കുമരകം ബോട്ടപകടം, മലപ്പുറം വിഷമദ്യദുരന്തം എന്നിവയുണ്ടായപ്പോഴും ഈ രീതിയില്‍ തന്നെയായിരുന്നു കോടതി തീരുമാനം.
Discussion about this post