തിരുവനന്തപുരം: സംസ്ഥാനത്ത് തൊഴില്‍ വകുപ്പിന് കീഴിലുള്ള വിവിധ ക്ഷേമനിധി ബോര്‍ഡുകളിലെ അംഗങ്ങളുടെ പെന്‍ഷന്‍ അടക്കമുള്ള ആനുകൂല്യങ്ങളുടെ വിതരണം ഒക്ടോബര്‍ ഒന്ന് മുതല്‍ ബാങ്ക് അക്കൗണ്ട് വഴി മാത്രമേ ലഭ്യമാകുകയുള്ളൂ എന്ന് തൊഴില്‍ വകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍ അറിയിച്ചു. തൊഴില്‍ വകുപ്പിന് കീഴിലുള്ള ക്ഷേമനിധി ബോര്‍ഡുകളിലേയും അംഗത്വം സംബന്ധിച്ച വിവരങ്ങള്‍ ഡിജിറ്റലൈസ് ചെയ്യുന്ന നടപടികള്‍ രണ്ടായിരത്തോളം അക്ഷയ കേന്ദ്രങ്ങളില്‍ പുരോഗമിക്കുകയാണ്. ക്ഷേമനിധി ആനുകൂല്യങ്ങള്‍ ബാങ്കുകള്‍ വഴി വിതരണം ചെയ്യുന്നതിന്റെ നടപടിയുടെ ഭാഗമായാണ് ഡിജിറ്റലൈസേഷന്‍ ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. ക്ഷേമനിധി ബോര്‍ഡിലെ അംഗങ്ങള്‍, ക്ഷേമനിധിയില്‍ നിന്നും വിരമിച്ച അംഗങ്ങള്‍ എന്നിവര്‍ അവരുടെ ക്ഷേമനിധി കാര്‍ഡ്, ആധാര്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട്, പാസ്ബുക്ക് എന്നിവയും ഇതിനുള്ള 40 രൂപ ഫീസുമായി തൊട്ടടുത്തുള്ള അക്ഷയകേന്ദ്രത്തില്‍ എത്തി രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണം. ഡിജിറ്റലൈസേഷന്‍ നടപടികള്‍ സെപ്റ്റംബര്‍ 30ന് അവസാനിക്കുമെന്നും മന്ത്രി പറഞ്ഞു. ക്ഷേമനിധി ബോര്‍ഡുകളിലെ അംഗങ്ങള്‍ വിവിധ ക്ഷേമനിധി ബോര്‍ഡുകളില്‍ നിന്നും ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നത് തടയാനും വ്യാജ അംഗത്വമൊഴിവാക്കി യഥാര്‍ത്ഥ അവകാശികള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനുമാണ് ഈ നടപടികള്‍ സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കേരള അബ്കാരി വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ്, കേരള അഗ്രികള്‍ച്ചറല്‍ വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ്, കേരള ആര്‍ട്ടിസാന്‍സ് & സ്‌കില്‍ഡ് വര്‍ക്കേഴ്‌സ് ബെനിഫിറ്റ് സ്‌കീം, കേരള ബീഡി & സിഗാര്‍ വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ്, കേരള ബില്‍ഡിങ് & അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ബോര്‍ഡ്, കേരള ഹാന്റ്‌ലൂം വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ്, കേരള ഹെഡ്‌ലോഡ് വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ്, കേരള മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ്, ഷോപ്‌സ് & കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ്, കേരള റ്റോഡി വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ്, കേരള സ്മാള്‍ പ്ലാന്റേഷന്‍ വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ്, കേരള ജൂവലറി വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ്, കേരള ടെയ്‌ലറിങ് വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് എന്നീ ബോര്‍ഡുകളിലെ അംഗങ്ങള്‍ക്കായാണ് രജിസ്‌ട്രേഷന്‍ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
Discussion about this post