ഡോ. എ.പി.ബാലകൃഷ്ണന്‍
എഴുത്തു തുടങ്ങിച്ചത്, വൈകിയാണെങ്കിലും അച്ഛന്‍തന്നെ, പക്ഷേ കുഞ്ഞനെ പള്ളിക്കൂടത്തില്‍ ചേര്‍ക്കാന്‍ അവര്‍ക്കു പാങ്ങില്ലായിരുന്നു. ഓലയും നാരായവുമായി കുട്ടികള്‍ അടുത്തുള്ള നാട്ടുപള്ളിക്കൂടത്തിലേക്ക് പോകുന്നത് അവന്‍ നോക്കി നില്‍ക്കും. വയറിന്റെ വിശപ്പിനേക്കാള്‍ അവനെ അലട്ടിയത് വിദ്യയ്ക്കുള്ള വിശപ്പായിരുന്നു. അവന്‍ വഴിവക്കില്‍ ചെന്നുനില്ക്കും. വൈകുന്നേരങ്ങളില്‍ പള്ളിക്കൂടം വിട്ടുവരുന്ന കുട്ടികളോട് എഴുത്തോല വാങ്ങി അതിലെ അക്ഷരങ്ങള്‍ നിലത്തിരുന്ന് എഴുതിപ്പഠിച്ചിട്ട് മടക്കിക്കൊടുക്കും. വൈകാതെ മറ്റു കുട്ടികള്‍ക്കൊപ്പം കൂട്ടിവായിക്കാമെന്നായി. എണ്‍ചുവടി പട്ടികകളും കൂട്ടാനും കുറയ്ക്കാനും ഗുണിക്കാനും ഹരിക്കാനും പഠിച്ചു. ഹരിഃശ്രീ എന്നല്ല ‘ഇതാവത്’ എന്ന വാക്കാണ് വിദ്യാരംഭത്തിനു മുന്‍പുതന്നെ ഓലനോക്കി ആദ്യം പഠിച്ചത് എന്നു പില്ക്കാലത്ത് സ്വാമികള്‍ പറഞ്ഞിട്ടുണ്ട്.
കൊല്ലൂര്‍മഠം ദേവീക്ഷേത്രത്തിലേക്ക് പൂമാല കെട്ടിക്കൊടുക്കുക കുഞ്ഞന്റെ ജോലിയായിരുന്നു. കോണകമുടുത്ത് നെറ്റി നിറയെ ഭസ്മംപൂശി നടന്നിരുന്ന അവന്‍ മഠത്തിലെ അന്തര്‍ജനങ്ങളുടെ കണ്ണിലുണ്ണിയായി. ഉച്ചപൂജ കഴിഞ്ഞ് കിട്ടുന്ന നിവേദ്യച്ചോറ് അമ്മയെ ഏല്പിക്കും. കണ്ട പറമ്പിലെല്ലാം നടന്ന് കറിവയ്ക്കാന്‍ താളും തകരയും ചീരയും പറിച്ചുകൊണ്ടു കൊടുത്തും മറ്റും പകല്‍ മിക്കവാറും അവിടെത്തന്നെ കഴിച്ചുകൂട്ടും.
നങ്ങമ്മ മീന്‍ കൂട്ടുമായിരുന്നു. കൂഞ്ഞനതിഷ്ടമല്ല. ഒരു ദിവസം മീന്‍കാരി കുട്ട മുറ്റത്തു വച്ചിട്ട് എന്തിനോ പോയി. അമ്മ അടുക്കളയിലായിരുന്നു. ആ തക്കംനോക്കി കുഞ്ഞന്‍ മീന്‍കുട്ടയില്‍ മൂത്രമൊഴിച്ചു. മറ്റുള്ളവര്‍ക്ക് വില്‌ക്കേണ്ട മീനില്‍ മൂത്രമൊഴിക്കുന്നതു കണ്ട നങ്ങമ്മ സങ്കടവും ദേഷ്യവും സഹിക്കാതെ അവനെ തല്ലി. ആ അടിയുടെ പാടു മരണം വരെ മാഞ്ഞിരുന്നില്ല. ആ വീട്ടില്‍ പിന്നെ മീന്‍ വാങ്ങിയിട്ടുമില്ല.
പണ്ടു മുതല്‍ക്കേ ഒരു വിദ്യാസങ്കേതമായിരുന്നു കൊല്ലൂര്‍ മഠം. പരദേശി ബ്രാഹ്ണനായ ഒരു ശാസ്ത്രികള്‍ അവിടത്തെ ഉണ്ണിനമ്പൂതിരിമാരെ സംസ്‌കൃതം പഠിപ്പിക്കുന്നുണ്ടായിരുന്നു. ശാസ്ത്രികള്‍ പഠിപ്പിക്കുന്ന ഭാഷയിലും വിഷയങ്ങളിലും മുജ്ജന്മവാസനയാലെന്നപോലെ കുഞ്ഞന് ആകര്‍ഷണം തോന്നി. പുറത്തു മറഞ്ഞുനിന്ന് അവന്‍ നിത്യവും പാഠങ്ങളെല്ലാം ശ്രദ്ധിച്ചു; ഉള്‍ക്കൊണ്ടു. ഒരു വര്‍ഷത്തോളം അങ്ങനെപോയപ്പോള്‍ ഒരു ദിവസം ഗുരുനാഥന്‍ തലേന്നു പഠിപ്പിച്ച ഏതോ ഭാഗം ശിഷ്യരോടു ചോദിച്ചു. ആരും ഉത്തരം പറയാത്ത സാഹചര്യത്തില്‍ കുഞ്ഞന്‍ ശിരയുത്തരം വിളിച്ചുപറഞ്ഞു. ഗുരുനാഥന്‍ അവനെ അകത്തേയ്ക്കു വിളിച്ചു. വെളുത്തുമെലിഞ്ഞ തേജസ്വിയായ ബാലന്‍. ഒരു തോര്‍ത്ത് ഉടുത്തിരുന്നു. അവന്റെ വിടര്‍ന്ന കണ്ണുകളില്‍ വിദ്യക്കുള്ള അടങ്ങാത്ത ദാഹം അദ്ദേഹം കണ്ടിരിക്കണം. താന്‍ നേരില്‍ പഠിപ്പിക്കുന്നവരേക്കാള്‍ ഈ പരോക്ഷശിഷ്യന്‍ വിദ്യയ്ക്ക് ഉത്തമ പാത്രമാണെന്നും ഗ്രഹിച്ചിരിക്കണം. അന്നുമുതല്‍ കുഞ്ഞന് മറ്റുള്ളവര്‍ക്കൊപ്പം ഇരുന്നു പഠിക്കാമെന്നായി. രണ്ടു കൊല്ലത്തിനുള്ളില്‍ സംസ്‌കൃതഭാഷയിലെ മിക്ക കാവ്യങ്ങളും പഠിച്ചു. അപ്പോഴേക്കും ശാസ്ത്രികള്‍ സ്വന്തം നാട്ടിലേക്കു മടങ്ങി. കുഞ്ഞന്റെ വിദ്യാഭ്യാസവും മുടങ്ങി.
അപ്പോള്‍ കുഞ്ഞന് വയസ്സ് പതിമൂന്ന്.
—————————————————————————————————
ഗ്രന്ഥകര്‍ത്താവിനെക്കുറിച്ച്:
ഡോ.എം.പി.ബാലകൃഷ്ണന്‍
മലയാള വര്‍ഷം 1122 ല്‍ ജനിച്ചു. അച്ഛന്‍ തിരുവനന്തപുരം ഋഷിമംഗലത്തു മാധവന്‍നായര്‍. അമ്മ കന്യാകുമാരി ജില്ലയില്‍ കവിയല്ലൂര്‍ മേച്ചേരിത്തറവാട്ടില്‍ ഗൗരിക്കുട്ടിയമ്മ. സാഹിത്യം, വേദാന്തം, സംഗീതം, ജ്യോതിഷം, വാസ്തുശാസ്ത്രം, വൈദ്യം ഇവ പരിചിത മേഖലകള്‍ നെയ്യാറ്റിന്‍കരയില്‍ ഹോമിയോ പ്രാക്റ്റീസ് ചെയ്യുന്നു. ശ്രീ വിദ്യാധിരാജ വേദാന്തപഠനകേന്ദ്രം, സാരസ്വതം കലാസാഹിത്യവേദി എന്നിവയില്‍ പ്രവര്‍ത്തിക്കുന്നു.
ഇതരകൃതികള്‍ : കൊടിയേറ്റം (കവിത), എരിനീര്‍പ്പൂക്കള്‍ (കവിത), നമ്മുടെ റോസയും പൂത്തു (ബാല സാഹിത്യം), പാലടപ്പായസം (ബാലസാഹിത്യം), എന്റെ മണ്ണ് എന്റെ മാനം (ബാലനോവല്‍)
വിലാസം : ഗൗരീശങ്കരം, രാമേശ്വരം, അമരവിള പോസ്റ്റ്, നെയ്യാറ്റിന്‍കര
തിരുവനന്തപുരം, പിന്‍ – 695 122, ഫോണ്‍ : 0471-2222070
പ്രസാധകര്‍ : വിവേകം പബ്ലിക്കേഷന്‍സ്
രാമേശ്വരം, അമരവിള P.O ,
നെയ്യാറ്റിന്‍കര, തിരുവനന്തപുരം – 695 122
ഫോണ്‍: 0471-2222070
Discussion about this post