തിരുവനന്തപുരം: ടെണ്ടര്‍ യോഗ്യതാ നിര്‍ണയ അപേക്ഷകള്‍ (ആര്‍.എഫ്.ക്യൂ.) ക്ഷണിച്ചതോടെ ദശാബ്ദങ്ങളായി അനിശ്ചിതാവസ്ഥയിലായിരുന്ന കഴക്കൂട്ടം-മുക്കോല നാലുവരിപ്പാതയുടെ നിര്‍മാണത്തിനുള്ള കളമൊരുങ്ങിയിരിക്കുകയാണെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി ഡോ.ശശി തരൂര്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ദേശീയ ഹൈവേ അതോറിറ്റി (എന്‍.എച്ച്.എ.ഐ.) ആഗോള ടെണ്ടര്‍ നടപടികള്‍ക്ക് തുടക്കമിട്ടതോടെ, കഴക്കൂട്ടം മുതല്‍ തമിഴ്‌നാട് അതിര്‍ത്തി നിര്‍മാണം യാഥാര്‍ത്ഥ്യത്തിലേക്ക് കൂടുതല്‍ അടുത്തിരിക്കുന്നു. ടെണ്ടര്‍ നടപടികളില്‍ പങ്കാളികളാകാന്‍ യോഗ്യതയുള്ള കമ്പനികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും അതോറിറ്റി യോഗ്യതാ നിര്‍ണയ അപേക്ഷ ക്ഷണിച്ചുകൊണ്ട് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുകയാണ്. രണ്ട് ദശാബ്ദങ്ങള്‍ക്കുമുമ്പ് ഭൂമി ഏറ്റെടുത്തിട്ടുള്ള കഴക്കൂട്ടം മുതല്‍ മുക്കോല വരെയുള്ള 26.50 കിലോമീറ്റര്‍ ദൂരമാണ് പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുന്നത്. മുക്കോല മുതല്‍ കളിയിക്കാവിള വരെയുള്ള അവശേഷിക്കുന്ന 16.50 കിലോമീറ്റര്‍ ദൂരത്തെ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ധൃതഗതിയില്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഭൂമി വിട്ടുകൊടുത്തവര്‍ക്കുള്ള നഷ്ടപരിഹാര പാക്കേജ് സംബന്ധിച്ച ശുപാര്‍ശകള്‍ ഉടന്‍തന്നെ ജില്ലാതല പര്‍ച്ചേസ് കമ്മിറ്റി സമര്‍പ്പിക്കും. നാലുവരിപ്പാതയുടെ ഡിസൈന്‍ എഞ്ചിനീയറിങ്, സാമ്പത്തിക സ്രോതസ്, നിര്‍മാണം, നടത്തിപ്പ്, അറ്റകുറ്റപ്പണികള്‍ തുടങ്ങിയവ അതോറിറ്റിയുമായി ഏര്‍പ്പെടുന്ന ഉടമ്പടിയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന ടെണ്ടര്‍ കമ്പനിയുടെ ചുമതലയായിരിക്കും. നിലവിലുള്ള രണ്ടുവരിപ്പാതയുടെ വീതികൂട്ടല്‍, മെച്ചപ്പെടുത്തല്‍, കാല്‍നട യാത്രക്കാര്‍ക്കായുള്ള സൗകര്യങ്ങള്‍, പാതയുടെ ഇരുപാര്‍ശ്വങ്ങളിലുമുള്ള മുഴുനീള സര്‍വീസ് റോഡുകള്‍ തുടങ്ങിയവയാണ് നിര്‍മാണത്തിന്റെ വിവിധ ഘടകങ്ങള്‍. പാതയുടെ 26.50 കിലോമീറ്റര്‍ ദൂരത്തില്‍ ഒരു റയില്‍വേ മേല്‍പ്പാലം, മൂന്ന് വലിയ പാലങ്ങള്‍, മൂന്ന് ഇടത്തരം പാലങ്ങള്‍, 76 കലുങ്കുകള്‍, 68 പൈപ്പ് കലുങ്കുകള്‍, വാഹനങ്ങള്‍ക്കായുള്ള രണ്ട് വീതം മേല്‍പ്പാലങ്ങള്‍, അടിപ്പാലങ്ങള്‍ എന്നിവ നിര്‍മ്മിക്കുന്നതാണ്. പദ്ധതിക്കായി ആകെ 776.27 കോടി രൂപ ചെലവ് കണക്കാക്കിയിട്ടുണ്ടെന്നും ശശി തരൂര്‍ പറഞ്ഞു.
Discussion about this post