തിരുമാന്ധാംകുന്ന് കേശാദിപാദം (ഭാഗം – 30)
ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങള്‍
സത്യാനന്ദസുധാ വ്യാഖ്യാനം : ഡോ.പൂജപ്പുര കൃഷ്ണന്‍ നായര്‍
ഘനഘടിത ഘട്ടന ത്തുടിയൊടിയുന്നൊരാ-
പ്പദപതന താണ്ഡവധ്വനി ഹൃദിതൊഴുന്നേന്‍
ശിവന്‍ ഒരേ സമയം നിര്‍ഗ്ഗുണനും സഗുണനുമാണ്. നിരാകാരനും സാകാരനുമാണ്. നിശ്ചലനും ചലനാത്മകനുമാണ്. ഉപനിഷത്ത് ഇക്കാര്യം ഇങ്ങനെ വ്യക്തമാക്കുന്നു.
* അനേ ജദേകം മനസോജവീയോ
നൈനദ്ദേവാ ആപ്‌നുവന്‍ പൂര്‍വമര്‍ഷത്,
തത് ധാവത്യോന്യാനത്യേതി തിഷ്ഠത്
തസ്മിന്നപോ മാതരിശ്വാദധാതി.
* ഈശാവാസ്യോപനിഷത്
ഏകമായ ആപരമാത്മാവ് നിശ്ചലനാണ്. അതിനുമനസ്സിനെക്കാള്‍ വേഗതയുണ്ട്. മുമ്പേപോയ അതിനെ ദേവന്മാര്‍ക്ക് (ഇന്ദ്രിയങ്ങള്‍ക്കെന്നു അര്‍ത്ഥമുണ്ട്) മനസ്സിലാക്കാനായില്ല. ഓടിക്കൊണ്ടിരിക്കുന്ന മറ്റുവസ്തുക്കളെ അനങ്ങാതിരുന്നുകൊണ്ട് അതു കടന്നുപോകുന്നു. ആ അപ്പീലാണ് സമസ്ത ജീവരാശിയുടെയും നിലനില്പിനാധാരമായ പ്രാണന്‍ കുടികൊളളുന്നത്. പ്രഥമ ശ്രവണത്തില്‍ വിരുദ്ധമെന്നു തോന്നിക്കുന്ന ഈ വാക്യങ്ങള്‍ ശിവതാണ്ഡവത്തിന്റെ മര്‍മ്മം വ്യക്തമാക്കുന്നു. സച്ചിദാനന്ദസ്വരൂപം നിശ്ചലമാണ്. എന്നാല്‍ മായാബന്ധംമൂലം ചലനം തോന്നിക്കുന്നു. പ്രപഞ്ചോല്പത്തിക്കു നിദാനം ഈ ചലനമാണ്. പ്രപഞ്ചത്തിന്റെ നിലനില്പും ഈ ചലനത്തെ ആശ്രയിച്ചിരിക്കുന്നു. ചലനം മായാകല്പിതമാകയാല്‍ പ്രപഞ്ചവും പ്രപഞ്ചാനുഭവവും മായാജന്യം അഥവാ പ്രകൃതിജന്യംതന്നെ. ത്രിമൂര്‍ത്തികളും ദേവന്മാരും പഞ്ചഭൂതങ്ങളും ഇന്ദ്രിയങ്ങളുമെല്ലാം അതില്‍ ഉണ്ടായിനിലനില്ക്കുന്നവയും അതില്‍തന്നെ ലയിക്കുന്നവയുമാണ്. അതിനാല്‍ പരമാത്മാവിനെ ഒരു പ്രകാരത്തിലും അതിശയിക്കാന്‍ അവയ്ക്കു കഴിയുകയില്ല. സൃഷ്ടിസ്ഥിതിസംഹാരങ്ങള്‍ ഈ ചലത്തിന്റെ ഫലമാണ്. ഇതാണു ശിവന്റെ നൃത്തം.
ശിവന്‍ ശക്തിസ്വരൂപന്‍ കൂടിയാണ്. അതിനാല്‍ പ്രപഞ്ചരൂപിയായ ശിവനൃത്തത്തിനു രണ്ടു പ്രകാരങ്ങളുണ്ട്. താണ്ഡവവും ലാസ്യവും. പ്രകൃതിഭാവം കൈക്കൊണ്ട ശിവനൃത്തമാണു ലാസ്യം. അതു ഇന്ദ്രിയങ്ങളെയും ഇന്ദ്രിയാര്‍ത്ഥങ്ങളെയും സന്തര്‍പ്പണം ചെയ്ത് പ്രാപഞ്ചികാനുഭവങ്ങള്‍ പകരുന്നു. അതിനു വിപരീതമാണ് താണ്ഡവം. അതു പ്രകൃതിമുക്തമാകാനും കൈവല്യപദപ്രാപ്തിക്കും ഉപയുക്തമായ ചലനവിശേഷമാകുന്നു. ലാസ്യം പ്രപഞ്ചാനുഭവത്തിനും താണ്ഡവം ജീവന്മുക്തിക്കും കളമൊരുക്കുന്നു. ജന്മമുക്തി പരമലക്ഷ്യമായി കരുതുന്ന ഭാരതീയാചാര്യന്മാര്‍ ലാസ്യതാണ്ഡവ ഭേദങ്ങളുള്ള ശിവനൃത്തങ്ങളില്‍ താണ്ഡവത്തിനു പ്രാധാന്യം കൊടുക്കാനുള്ള കാരണമതാണ്.
ആദ്ധ്യാത്മികമാര്‍ഗ്ഗത്തില്‍ ചരിക്കുന്ന സാധകന്‍ ലാസ്യചലനത്തിലല്ല താണ്ഡവചലനത്തിലാണ് ഏര്‍പ്പെട്ടിരിക്കുന്നതെന്നു സ്പഷ്ടം. അതിനാല്‍ ശിവസ്വരൂപം പ്രത്യക്ഷമായി കാണപ്പെടുന്ന ഉദാത്തമായ പദത്തില്‍ എത്തിച്ചേര്‍ന്നസിദ്ധന് കണ്ണുകള്‍ക്കു വിഷയമാകുന്നത് ശിവന്റെ പ്രകൃത്യാത്മകമായ ലാസ്യമല്ല പുരുഷാത്മകമായ താണ്ഡവമാണ്. അതാണു തിരുമാന്ധാംകുന്നില്‍വച്ച് ശ്രീമഹാദേവന്റെ ദര്‍ശനം ലഭിക്കുമ്പോള്‍ സ്വാമിജിക്ക് താണ്ഡവം ചെയ്യുന്ന ശിവന്റെ പാദധ്വനി കേള്‍ക്കുമാറായത്. ആ താളത്തില്‍ ആ ലയത്തില്‍ ഒന്നായിച്ചേരലാണു ജീവിതത്തിന്റെ ധന്യത.
Discussion about this post