ജനസംഖ്യയില്‍ ലോകത്തില്‍ രണ്ടാമത്തെ രാഷ്ട്രമായ ഭാരതത്തില്‍ ഇന്നും കോടിക്കണക്കിനു മനുഷ്യര്‍ പട്ടിണിക്കാരായുണ്ട്. സ്വാതന്ത്ര്യം കിട്ടി ആറരപ്പതിറ്റാണ്ടു പിന്നിട്ടിട്ടും ഒരുനേരത്തെ ആഹാരംംപോലും കഴിക്കാനില്ലാത്ത പട്ടിണിപ്പാവങ്ങള്‍ ഭാരതത്തില്‍ അവശേഷിക്കുന്നുവെന്നു പറഞ്ഞാല്‍ ജനാധിപത്യ പ്രക്രിയയുടെ പേരില്‍ ഊറ്റംകൊള്ളുന്ന ഒരു രാജ്യത്തിന് നാണക്കേടാണ്. ഇവിടെയാണ് രാഷ്ടപിതാവായ ഗാന്ധിജിയുടെ വാക്കുകള്‍ പ്രസക്തമാകുന്നത്. ഭാരതത്തില്‍ അവസാനത്തെ പട്ടിണിക്കാരനും ഇല്ലാതാകുമ്പോള്‍ മാത്രമേ രാജ്യം സ്വാതന്ത്ര്യം നേടി എന്നു പറയുന്നതിന് അര്‍ത്ഥമുള്ളു എന്ന് അദ്ദേഹം പറഞ്ഞത് സ്വാതന്ത്ര്യം കിട്ടിയ നാളുകളിലാണ്. രാഷ്ട്രീയ സ്വാതന്ത്ര്യം കൊണ്ടു മാത്രം ഒരു രാഷ്ട്രവും പൗരന്മാരുടെ അവകാശം സംരക്ഷിക്കുന്നില്ല. മറിച്ച് സാമ്പത്തികവും സാമൂഹ്യവുമായ സ്വാതന്ത്ര്യംകൂടി ഇതില്‍ പ്രധാന ഘടകമാണ്.
പട്ടിണി തുടച്ചുമാറ്റാനുള്ള ശ്രമത്തില്‍ നിര്‍ണ്ണായകമായ കാല്‍വെയ്പ്പാണ് ഭക്ഷ്യ സുരക്ഷാ ബില്‍. കഴിഞ്ഞ ദിവസം രാജ്യസഭയും ഈ ബില്‍ പാസ്സാക്കിയതോടെ പാര്‍ലമെന്റിന്റെ അംഗീകാരമായി. ഇനി രാഷ്ട്രപതി ഒപ്പുവയ്ക്കുന്നതോടെ ഈ ബില്‍ പ്രാബല്യത്തില്‍വരും. എന്നാല്‍ ബില്‍ കര്‍ശനമായി നടപ്പാക്കുന്നതിലൂടെ മാത്രമേ ഭക്ഷ്യ സുരക്ഷ എന്ന പൗരന്റെ അവകാശത്തിന് പൂര്‍ത്തീകരണം നല്‍കാനാവു.
ലോകസഭാ തെരഞ്ഞെടുപ്പ് സമാഗതമായിരിക്കെ രാഷ്ട്രീയ നേട്ടത്തിനുവേണ്ടിയാണ് ഈ ബില്‍ ഇപ്പോള്‍ തിടുക്കത്തില്‍ പാസ്സാക്കിയതെന്നാണ് പ്രതിപക്ഷത്തിന്റെ വിമര്‍ശനം. ഇതില്‍ ഗൗരവകരമായ ചില കാര്യങ്ങള്‍ അടങ്ങിയിട്ടില്ലേ എന്ന് സംശയവുമുണ്ട്. ഏകകണ്ഠമായി പാസ്സാക്കേണ്ടിയിരുന്നു ഒരു ബില്ലില്‍ പല വകുപ്പുകളും വോട്ടിനിട്ടാണ് പാസ്സാക്കിയത്. പ്രതിപക്ഷം കൊണ്ടുവന്ന പല ഭേദഗതികളും സര്‍ക്കാര്‍ നിരസിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ ഈ ബില്ലിനു പിന്നില്‍ രാഷ്ട്രീയലക്ഷ്യമുണ്ടോ എന്ന സംശയവുമുണ്ട്. പക്ഷേ പൗരന്റെ പട്ടിണി മാറ്റുന്ന കാര്യത്തില്‍ ഏതു രാഷ്ട്രീയ താല്‍പര്യവും അംഗീകരിക്കാവുന്നതാണ്.
അരി ഭക്ഷണം പലപ്പോഴും സ്വപ്‌നമായിരുന്നു ഒരു കാലഘട്ടം കേരളത്തില്‍പ്പോലുമുണ്ടായിരുന്നു. സ്വാതന്ത്ര്യത്തിനു മുമ്പും സ്വാതന്ത്ര്യാനന്തരവും ഗോതമ്പും ബജ്‌റയുമൊക്കെ കഴിച്ച് കേരളീയര്‍ വിശപ്പിടക്കിയിരുന്നു. മരച്ചീനികൃഷിപോലും കേരളത്തില്‍ വ്യാപകമായി പ്രചരിക്കുന്നതിനു കാരണമായത് അരി സുലഭമല്ലാതായതിനാലാണ്. ഈ കാലഘട്ടത്തിലാണ് കേരളത്തില്‍ റേഷന്‍ സമ്പ്രദായം ആരംഭിച്ചത്. അന്നൊക്കെ റേഷന്‍ കടകളില്‍നിന്ന് കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും അരിയും ഗോതമ്പും വാങ്ങിയിരുന്നു. എന്നാല്‍ ഇന്ന് സ്ഥിതിയാകെ മാറി. സാമ്പത്തികമായി ഉയര്‍ന്ന തട്ടിലുള്ളവരും മദ്ധ്യവര്‍ഗ്ഗക്കാരുമൊന്നും റേഷന്‍ കടകളിലേക്കു തിരിഞ്ഞുനോക്കാറില്ല. രണ്ടു രൂപയ്ക്ക് ബി.പി.എല്‍ കാര്‍ക്ക് മുപത്തഞ്ച് കിലോയോളം അരിയും ലഭിക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍ റേഷന്‍ കാര്‍ഡുള്ള ഒരു വ്യക്തിക്കും പട്ടിണി കിടക്കേണ്ടതില്ലാത്ത ഒരു അവസ്ഥ കേരളത്തിലുണ്ട്. പക്ഷേ രണ്ട് രൂപയ്ക്ക് അരിവാങ്ങി മറിച്ചു വില്‍ക്കുകയും റേഷന്‍ കടകളില്‍ ചിലവാകാതെ വരുന്ന രണ്ടു രൂപയ്ക്കുള്ള അരി പത്തും പതിനഞ്ചും രൂപയ്ക്ക് മൊത്ത കച്ചവടക്കാര്‍ക്ക് നല്‍കുകയുമാണ് ചെയ്യുന്നത്. ഈ അരി മില്ലില്‍ കൊണ്ടുപോയി ചില വ്യത്യാസങ്ങള്‍ വരുത്തി മുപ്പതും മുപ്പത്തഞ്ചും രൂപയ്ക്കുള്ള ബ്രാന്‍ഡഡ് അരിയായി വില്‍പ്പന നടത്തുകയും ചെയ്യുന്നു. ഖജനാവില്‍നിന്ന് പ്ൗരന്റെ പട്ടിണി മാറ്റാനായി ചിലവിടുന്ന കോടിക്കണക്കിന് രൂപ എങ്ങനെയാണ് കൊള്ളയടിക്കപ്പെടുന്നത് എന്നതിന്റെ ദൃഷ്ടാന്തമാണിത്.
ഭക്ഷ്യ സുരക്ഷാ ബില്‍ നടപ്പാക്കുമ്പോഴും സബ്‌സിഡി കുത്തകകളുടെ കൈകളിലേക്ക് പോകാതെ നോക്കേണ്ട ചുമതലയും സര്‍ക്കാരിനുണ്ട്. ആയിരക്കണക്കിനു കോടി രൂപയാണ് ഭക്ഷ്യ സുരക്ഷയ്ക്കായി ഖജനാവില്‍നിന്ന് ചെലവാക്കാന്‍പോകുന്നത്. എന്നാല്‍ അത് അര്‍ഹതപ്പെട്ടവരുടെ കൈകളിലെത്തുകയും ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനമെന്ന ലക്ഷ്യം സാക്ഷാത്കരിക്കുകയും വേണം. മറിച്ച് അത് കച്ചവടക്കാരുടെയും ഇടത്തട്ടുകാരുടെയുമൊക്കെ കൈകളില്‍ പോകാനുള്ള അവസരം ഒഴിവാക്കിക്കൊണ്ടുവേണം ഭക്ഷ്യ സുരക്ഷ എന്ന ലക്ഷ്യത്തിലേക്ക് പോകേണ്ടത്. പട്ടിണി ഇല്ലാത്ത സമൂഹം എന്നത് തീര്‍ച്ചയായും മഹത്തായ ഒരു ചുവടുവയ്പ്പാണ്. അതിന് ഭക്ഷ്യസുരക്ഷാ നിയമത്തിലൂടെ കഴിയുന്നുവെങ്കില്‍ ഒരുപക്ഷേ സ്വാതന്ത്ര്യാനന്തരം ഭാരതത്തില്‍ നടപ്പാക്കിയ ഏറ്റവും മഹത്തും അര്‍ത്ഥപൂര്‍ണവുമായ ഒരു നിയമമാണെന്ന് ഭാവി തലമുറ അതിനെ വിലയിരുത്തും. മറിച്ചാകാതെ നോക്കുക എന്നതാണ് ഭരണകൂടത്തിന്റെ കര്‍ത്തവ്യം.
Discussion about this post