തിരുവനന്തപുരം: ജൈവസാങ്കേതികമേഖലയിലെ നവീനസാധ്യതകള്‍ പ്രയോജനപ്പെടുത്തി ഈ മേഖലയില്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ സംസ്ഥാനത്തിന് കഴിയണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു. ജീവശാസ്ത്രം: അവസരങ്ങളും വെല്ലുവിളികളും എന്ന വിഷയത്തെഅധികരിച്ച് കെ.എസ്.ഐ.ഡി.സി.മാസ്‌കറ്റ് ഹോട്ടലില്‍ നടത്തിയ ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വികസനരംഗത്തെ സാധ്യതകള്‍ പ്രയോജനപ്പെടുത്തേണ്ടിയിരുന്ന ഐ.റ്റി. പോലുളള പല മേഖലകളിലും സംസ്ഥാനം മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് പിന്നിലായിപ്പോയി. എങ്കിലും ഇ- ഗവേണന്‍സ് പദ്ധതികള്‍ മുഖേന സേവനങ്ങള്‍ ജനങ്ങളിലെത്തിക്കുന്ന കാര്യത്തില്‍ മുന്‍പന്തിയിലെത്താന്‍ സംസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തോന്നയ്ക്കലിലെ ജൈവശാസ്ത്രപാര്‍ക്കായ ബയോ-360 ന്റെ നിര്‍മാണം രണ്ടരവര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കാനാണ് പദ്ധതിയെന്ന് വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി അറിയിച്ചു. ബയോ-360 ലൂടെ ആവശ്യമായ അടിസ്ഥാനസൗകര്യങ്ങള്‍ നല്‍കിക്കൊണ്ട് ഈ രംഗത്ത് കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കാനും ഗവേഷണ സാധ്യതകള്‍ വളര്‍ത്താനും കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
കെ.എസ്.ഐ.ഡി.സി. മാനേജിങ് ഡയറക്ടര്‍ ടോം ജോസ് ഉദ്ഘാടനചടങ്ങിന് സ്വാഗതം ആശംസിച്ചു.
Discussion about this post