തിരുവനന്തപുരം: വിലക്കയറ്റം നിയന്ത്രിക്കാന്‍ എത്ര പണം ചെലവാക്കാനും സര്‍ക്കാര്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ആനയറ കാര്‍ഷികമൊത്തവിപണനകേന്ദ്രത്തില്‍ ഹോര്‍ട്ടികോര്‍പ്പിന്റെ ജില്ലാ സംഭരണകേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. വിലക്കയറ്റം നിയന്ത്രിക്കുന്നതിന് എത്ര പണം മുടക്കേണ്ടി വന്നാലും അധികച്ചെലവായി കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഓണക്കാലത്ത് വിലക്കയറ്റം നിയന്ത്രിക്കാന്‍ വിപുലമായ സംവിധാനമാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജില്ലാതലത്തില്‍ സംഭരണകേന്ദ്രം വരുന്നത് ഇടനിലക്കാരുടെ ചൂഷണം കുറയ്ക്കാനും കര്‍ഷകര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസമേകാനും സഹായിക്കും. വിപണിവിലയേക്കാള്‍ 30 ശതമാനം വരെ വില കുറച്ചാണ് ഹോര്‍ട്ടികോര്‍പ്പ് വില്‍പന നടത്തുന്നത്. കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് ന്യായമായ വില ലഭ്യമാക്കാനും അതേ സമയം പൊതുജനങ്ങള്‍ക്ക് മിതമായ വിലയില്‍ പച്ചക്കറികളും മറ്റും എത്തിക്കാനും ഹോര്‍ട്ടികോര്‍പ്പ് നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും സര്‍ക്കാരിന്റെ പൂര്‍ണപിന്തുണ മുഖ്യമന്ത്രി വാഗ്ദാനം ചെയ്തു. ചടങ്ങില്‍ ഹോര്‍ട്ടികോര്‍പ്പിന്റെ അമൃത് എന്ന ബ്രാന്‍ഡ് അച്ചാറ് മുഖ്യമന്ത്രി പ്രകാശനം ചെയ്തു.
മൂല്യവര്‍ധനവ് വരുത്തിയതുള്‍പ്പെടെയുള്ള കാര്‍ഷികോത്പന്നങ്ങള്‍ക്കായി ആനയറയില്‍ ലോകോത്തര നിലവാരത്തിലുള്ള ഒരു മാള്‍ നിര്‍മ്മിക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന കൃഷിമന്ത്രി കെ.പി.മോഹനന്‍ പറഞ്ഞു. 19 കോടി ചെലവിലാണ് മാള്‍ നിര്‍മിക്കുന്നത്. ആനയറയില്‍ കൃഷിവകുപ്പിന്റെ വിവിധ ഓഫീസുകളുടെ സമുച്ചയമായി കര്‍ഷകഭവന്‍ നിര്‍മ്മിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എം.എ.വാഹിദ് എം.എല്‍.എ,ഹോര്‍ട്ടികോര്‍പ്പ് ചെയര്‍മാന്‍ ലാല്‍വര്‍ഗീസ് കല്‍പകവാടി, പൊതുഭരണസെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍, ഹോര്‍ട്ടികോര്‍പ് എം.ഡി ഡോ.കെ.പ്രതാപന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post