തൃശ്ശൂര്‍: സംസ്ഥാനത്തെ ക്ഷേത്രങ്ങളിലെ സ്വര്‍ണ്ണത്തിന്റെ കണക്ക് കാണിക്കാന്‍ റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശം. ഇത് സംബന്ധിച്ച് റിസര്‍വ് ബാങ്കിന്റെ കത്ത് ലഭിച്ചതായി ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് സ്ഥിരീകരിച്ചു. മാനേജിംഗ് കമ്മിറ്റി കത്ത് പരിഗണിക്കുമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. സ്വര്‍ണ്ണം വാങ്ങുകയല്ല കണക്കെടുക്കുകയാണ് ലക്ഷ്യമെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. അതേസമയം ക്ഷേത്ര സ്വത്ത് കൈയ്യടക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് റിസര്‍വ് ബാങ്ക് കത്ത് നല്‍കിയിട്ടുള്ളതെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്‍ പറഞ്ഞു.
ക്ഷേത്രങ്ങളിലെ സ്വര്‍ണശേഖരത്തിന്റെ കണക്ക് വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് രണ്ട് ദിവസങ്ങള്‍ക്കു മുമ്പാണ് ആര്‍ബിഐ കത്തയച്ചത്. ക്ഷേത്രങ്ങള്‍ വെളിപ്പെടുത്തുന്ന വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും ആര്‍ബിഐ കത്തില്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യം എളുപ്പമല്ലെന്നാണ് ക്ഷേത്രം അധികൃതര്‍ പറയുന്നത്. നിലവിലെ ദേവസ്വം ബോര്‍ഡിന്റെ കാലാവധി അവസാനിച്ചിരിക്കുകയാണ്. മറ്റ് നിയമവശങ്ങള്‍ കൂടി പരിശോധിച്ച ശേഷം മാത്രമേ ഇക്കാര്യത്തില്‍ മറുപടി നല്‍കാന്‍ കഴിയുകയുള്ളുവെന്നാണ് ക്ഷേത്രം അധികൃതര്‍ പറയുന്നത്.
രാജ്യം ഇപ്പോള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് ഇപ്പോഴത്തെ കണക്കെടുപ്പെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. കത്തയച്ച കാര്യം റിസര്‍വ്വ് ബാങ്കിന്റെ റീജിയണല്‍ ഡയറക്ടര്‍ സലിം ഗംഗാധരന്‍ സ്ഥിരീകരിച്ചു. എന്നാല്‍ സ്വര്‍ണം വാങ്ങാന്‍ പദ്ധതിയില്ലെന്നും സ്ഥിതിവിവരകണക്കെടുപ്പിന്റെ ഭാഗമായി മാത്രം ഇതിനെ കണ്ടാല്‍ മതിയെന്നും സലിം ഗംഗാധരന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം ക്ഷേത്രങ്ങളിലെ സ്വര്‍ണ്ണം സംബന്ധിച്ച് സര്‍ക്കാര്‍ വിശദീകരിക്കണമെന്ന് കെ എന്‍ ബാലഗോപാല്‍ എംപി ആവശ്യപ്പെട്ടു. എന്നാല്‍ ബാലഗോപാലിന്റെ നിലപാടിനെ ബിജെപി എതിര്‍ത്തു. സര്‍ക്കാര്‍ വിശദീകരിക്കേണ്ടെന്നും സ്വര്‍ണ്ണം ക്ഷേത്രാവകാശമാണെന്നും ബിജെപി പ്രതികരിച്ചു.
Discussion about this post