ഡോ.അദിതി
ഒരിക്കല്‍ അര്‍ഷ്ടിസേനന്റെ ആശ്രമത്തില്‍ താമസിക്കുന്ന അവസരത്തില്‍ ദ്രൗപദി ഭീമനോടു പറഞ്ഞു: ‘ബലവാനായ അങ്ങയുടെ കര ബലംകൊണ്ട് ഈ ഗന്ധമാദന പര്‍വ്വതം അധീനതയിലാകുന്നതു കാണാന്‍ ഞാനാഗ്രഹിക്കുന്നു. ‘ദ്രൗപദിയുടെ ഈ ആഗ്രഹം കണക്കിലെടുത്ത് ഭീമന്‍ ഗന്ധമാദനത്തില്‍ ചെന്ന് അനേകം ഗന്ധര്‍വ്വസേനയോടൊപ്പം അവരുടെ സേനാനായകനായ മണിമാനെയും കൊന്നു. രക്ഷപ്പെട്ട ചില സേനാനികള്‍ ഗന്ധര്‍വ്വരാജാവായ കുബേരന്റെ അടുത്തുചെന്ന് സേനാനായകനായ മണിമാനും യക്ഷസൈന്യവും ഒരു മനഷ്യന്റെ കരങ്ങളാല്‍ കൊല്ലപ്പെട്ടതു ധരിപ്പിച്ചു. വാര്‍ത്ത കേട്ട അതിക്രുദ്ധനായ കുബേരന്‍ ഗന്ധര്‍വ്വ സേനയോടൊപ്പം ഗന്ധമാദനപര്‍വ്വതത്തിലേക്കു പോയി. ഭീമന്‍ ഗന്ധര്‍വ്വേസനയെ വധിച്ചപ്പോഴുണ്ടായ അവരുടെ ദീനരോദനം അര്‍ഷ്ടിസേനന്റെ ആശ്രമത്തിലിരുന്നാലും കേള്‍ക്കാമായിരുന്നു. അതുകൊണ്ട് യുധിഷ്ഠിരനും ഭീമനെ അന്വേഷിച്ച് ഈ അവസരത്തില്‍ പര്‍വ്വതത്തിലെത്തിയിരുന്നു. ഭീമന്‍ വധിച്ച മണിമാനെയും മറ്റും യുധിഷ്ഠിരന്‍ അവിടെ കണ്ടു. മണിമാന്റേയും മറ്റും ജഡങ്ങള്‍ കണ്ട യുധിഷ്ഠിരന് അത് കുബേരദേശമാണെന്നു ബോദ്ധ്യമായി. ഈ അവസരത്തില്‍ കുബേരന്‍ അവിടെ എത്തിക്കഴിഞ്ഞിരുന്നു. കുബേരനെ കണ്ട യുധിഷ്ഠിരന്‍ തന്റെ ആയുധം താഴെവച്ചു വണങ്ങിനിന്നു. കുബേരനില്‍നിന്നു ശക്തമായ ഒരു പ്രതികരണം പ്രതീക്ഷിച്ചതാണ്. എന്നാല്‍ കുബേരനാവട്ടെ മന്ദസ്മിതത്തോടുകൂടി ഈ കൂട്ടക്കൊലയ്ക്കിടയാക്കിയ ശാപവൃത്താന്തം പറഞ്ഞു കേള്‍പ്പിച്ചു. ഒരിക്കല്‍ കുബേരന്റെ സുഹൃത്തുകൂടിയായ മണിമാന്‍ അഗസ്ത്യനെ അവഹേളിച്ചു. അതുകൊണ്ട് അയാള്‍ സൈന്യ സമേതം ഒരു മനുഷ്യന്റെ കൈയില്‍നിന്നും മൃത്യുവരിക്കുമെന്നും സൈന്യനാശത്തില്‍ അത്യന്തം ദുഃഖിക്കുമെന്നുമായിരുന്നു ആ ശാപം.
ഈ ശാപത്തിലേക്കു വഴി തെളിച്ച സംഭവം പരിശോധിക്കാം. ഒരിക്കല്‍ കുശവതിയില്‍ ദേവന്മാരുടെ ഒരു ചര്‍ച്ചായോഗം നടക്കുകയായിരുന്നു. മഹത്തായ യക്ഷസേനയോടൊപ്പം സേനാധിപതിയായ കുബേരന്‍ വിമാനത്തില്‍ പോകുകയായിരുന്നു. അപ്രകാരം പോകവെ യമുനാതീരത്ത് തപസ്സനുഷ്ഠിച്ചുകൊണ്ടിരുന്ന ഒരു മുനിയെ കണ്ടു. സൂര്യാഭിമുഖമായിരുന്ന ആ മുനി തന്റെ രണ്ടു കൈകളും ഉയര്‍ത്തിപ്പിടിച്ചിരുന്നു. ആ അവസരത്തില്‍ ആ ഋഷി മഹത്തായ ദീപസ്തംഭം പോലെ ശോഭിച്ചു. യക്ഷസേനാപതിയായ മണിമാന്‍ ആകാശത്തുനിന്നുകൊണ്ട് ഋഷിയുടെ തലയില്‍ വിസര്‍ജ്ജിച്ചു. ഈ അത്യന്തം ഹീനമായ കര്‍മ്മം മഹാന്മാരെ വക വെക്കാത്തതില്‍നിന്ന് ഉടലെടുത്തതാണ്, ധിക്കാരമാണ്, ശിക്ഷാര്‍ഹവുമാണ്. ക്രോധാഗ്നിയില്‍ ആ പ്രദേശമാകെ ജ്വലിച്ചുനില്‍ക്കവെ ഋഷി മണിമാനെയും കൂട്ടരെയും ശപിച്ചു. മാനവന്റെ കൈയില്‍നിന്നു യക്ഷസേനയോടൊപ്പം നിനക്കും മരണമുണ്ടാവട്ടെ എന്നായിരുന്നു ആ ശാപം.
ശാപത്തിന്റെ ഔചിത്യം ചിന്തിക്കേണ്ടിയിരിക്കുന്നു. എന്തുകൊണ്ടാണ് മുനി കുറ്റകൃത്യത്തില്‍ പ്രഥമഗണനീയനായ മണിമാനെ മാത്രം ശപിക്കാത്തത്? സേനയില്‍ പെട്ടവര്‍ ഒരു കുറ്റവും ചെയ്തില്ല. ഇവിടെ നിരപരാധികളായ സൈനികരെക്കൂടി ശാപത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. പ്രജാപതിയായ കുബേരനും ശാപം കൊടുത്തു. അദ്ദേഹം സംഭവം നോക്കിനിന്നതേയുള്ളൂ; സംഭവത്തില്‍ ഇടപെട്ടയാളല്ല. കുറ്റം ചെയ്യാത്തതുകൊണ്ടുതന്നെ കുബേരനെ ശപിക്കാന്‍ പാടില്ലായിരുന്നു. സേനയില്‍ പെട്ട ഒരാള്‍ ഒരു കുറ്റം ചെയ്തു എങ്കില്‍ അതില്‍ സേനാനായകനെ കുറ്റപ്പെടുത്താം. അയാളെ വിസ്തരിക്കുകയും ശിക്ഷിക്കുകയും ആകാം. സേനയുടെ അച്ചടക്കത്തിനു സേനാനായകനുമായി ബന്ധമുള്ളതുകൊണ്ട് അത് ന്യായീകരിക്കാം. ഇവിടെ കാര്യം വ്യത്യസ്തമാണ്. സേനാനായകനാണ് കുറ്റവാളി. അതുകൊണ്ട് പാവപ്പെട്ട സൈനികര്‍ക്കുകൂടി സേനാനായകന്‍ ചെയ്ത കുറ്റത്തിന് ശിക്ഷകൊടുക്കാന്‍ പാടില്ലായിരുന്നു. ഒരുപക്ഷേ കുബേരനെ ശിക്ഷിച്ചത് നീതികരിക്കാം. സേനാനായകനായ മണിമാനെ നിയന്ത്രിക്കേണ്ട ചുമതല കുബേരനുണ്ടല്ലോ?
മണിമാന്‍ ചെയ്ത പാപത്തിന്റെ ഗൗരവം ചിന്തിക്കാം. അറിഞ്ഞുകൊണ്ടൊരുതെറ്റുചെയ്യാം. അറിയാതെ ഒരുവന്‍ തെറ്റുചെയ്‌തെന്നും വരാം. അറിഞ്ഞാലും അല്ലെങ്കിലും കുറ്റം ചെയ്താല്‍ ശിക്ഷിക്കേണ്ടതുതന്നെ. ശിക്ഷയുടെ കാര്യം വരുമ്പോള്‍ അറിയാതെ ചെയ്ത കുറ്റത്തിനു ശിക്ഷ കുറച്ചുകൊടുത്തെന്നു വരാം. മണിമാന്റെ കുറ്റത്തിന്റെ ആഴം നിര്‍ണ്ണയിക്കുന്നതിനു മുമ്പ് ഇയാള്‍ അറിഞ്ഞുകൊണ്ടാണോ കുറ്റം ചെയ്തത് അതോ അറിയാതെയാണോ എന്നു നിശ്ചയിക്കേണ്ടിയിരിക്കുന്നു. മണിമാന്‍ ചെയ്ത കുറ്റം മനഃപൂര്‍വ്വമാണെന്നു വിശ്വസിക്കാന്‍ തരമില്ല. ഒരുവന് ചിലപ്പോള്‍ അവന്റെ പ്രാഥമികാവശ്യത്തെ പിടിച്ചുനിര്‍ത്താന്‍ പറ്റി എന്നു വരികയില്ല. മുനിയുടെ തലയില്‍ മണിമാന്‍ വിസര്‍ജ്ജിച്ചുപോയത് ഈ നിലയിലെടുക്കണം. ഇതൊരുപക്ഷം. അനിയന്ത്രിതമായ പ്രാഥമികാവശ്യമാണ് മണിമാനെ കുറ്റക്കാരനാക്കിയതെന്നു പറഞ്ഞ് അയാളെ രക്ഷപ്പെടുത്താന്‍ പറ്റുകയില്ല. വളരെ ദൂരെ നിന്നുതന്നെ ഋഷിയുടെ ശിരസ്സിനു ചുറ്റുമുള്ള പ്രകാശവലയത്തിന്റെ പ്രഭ ആകാശചാരിയായ ഒരുവന് കാണാമായിരുന്നു. അതുകൊണ്ട് ഋഷിയുടെ ശിരസ്സും വളരെ ദൂരെവച്ചുതന്നെ മണിമാന്റെ ശ്രദ്ധയില്‍പെട്ടു എന്നുധരിക്കണം. ഒരു പ്രത്യേകസ്ഥലം ഒരു ജീവിയെ അതിന്റെ പ്രാഥമികാവശ്യം നിറവേറ്റുന്നതിനു പ്രേരിപ്പിച്ചേക്കാം. ഉദാഹരണമായി വെണ്മയുള്ള ഒരു പ്രതലത്തില്‍ പാല്‍ പാത്രം നിറഞ്ഞിരിക്കുന്നതു കണ്ടാല്‍ വീടിന്റെ തട്ടിലിരിക്കുന്ന പല്ലിക്ക് എച്ചമിടാന്‍ തോന്നും. ഒരു മൈല്‍കുറ്റികണ്ടാല്‍ ഒരു പട്ടിക്ക് മൂത്രമൊഴിക്കാന്‍ തോന്നും, ഒരു പട്ടിയോ, പൂച്ചയോ, ചെറിയ ഒരു മണ്‍കൂനയോ കുഴിയോ കണ്ടാല്‍ അവിടെ കാഷ്ടിക്കും. മുനിയുടെ ശിരസ്സുകണ്ടപ്പോള്‍ മണിമാനു വിസര്‍ജ്ജിക്കാന്‍ തോന്നിപ്പോയതാണെന്നു പറഞ്ഞ് മണിമാനെ രക്ഷിക്കാന്‍ പറ്റുമോ? വിവേകമില്ലാത്ത പല്ലിയേയും പട്ടിയേയും പൂച്ചയേയും പോലെ ദിവ്യനായ മണിമാനെ കണക്കാക്കാന്‍ പറ്റുമോ? പാടില്ല. അതുകൊണ്ട് മണിമാന്റെ ഈ പ്രവൃത്തി സംശയത്തിന് ഇടം കൊടുക്കാതെതന്നെ ഹീനമായ ഒരു കുറ്റമായിപ്പോയി എന്ന് വിധികല്പിക്കേണ്ടിയിരിക്കുന്നു. മര്‍ത്ത്യനില്‍ നിന്നുള്ള നിര്‍ദ്ദയ മരണമായിരുന്നു അതിനുള്ള ശിക്ഷ. സേനകളെക്കൂടി ശിക്ഷിച്ചതിന്റെ ഔചിത്യം ചിന്തിക്കേണ്ടിയിരിക്കുന്നു. ശരിക്കുപറഞ്ഞാല്‍ ദൂരെവച്ചുതന്നെ ഋഷിയെ കാണുമ്പോള്‍ മണിമാന്‍ താഴെയിറങ്ങിവന്ന് മഹര്‍ഷിയെ നമസ്‌കരിച്ചിട്ട് യാത്ര തുടരണമായിരുന്നു. എന്നാല്‍ പ്രകൃതത്തില്‍ സംഭവിച്ചത് അതി കഠിനമായ നിലയില്‍ മാനസികപീഡ അനുഭവിക്കാനുള്ള ഒരു നിലയില്‍ ഒരു ഋഷിയെക്കൊണ്ടെത്തിച്ചതാണ്. ഋഷിയുടെ അന്തസ്സും അഭിമാനവും ആഭിജാത്യവുമെല്ലാം ഗന്ധര്‍വ്വസേനാനായകന്‍ ഇവിടെ കാറ്റില്‍ പറത്തിയിരിക്കുന്നു. മണിമാന്റെ കുറ്റം കൊണ്ടുള്ള വേദനയല്ല. അതുമൂലം വന്നുചേര്‍ന്ന അപമാനം കൊണ്ടുള്ള വേദനയാണ്. ഒരു ശ്രേഷ്ഠന് മരണത്തെക്കാള്‍ ഭയാനകമാണപമാനം. മരണമോ അപമാനമോ ഏതെങ്കിലുമൊന്ന് സ്വീകരിക്കണമെന്നു വന്നാല്‍ ശ്രേഷ്ഠന്‍ മരണമേ സ്വീകരിക്കൂ. അതുകൊണ്ട് മരണത്തേക്കാള്‍ വലുതായ അപമാനം കൂടി മരണത്തിനു മുമ്പ് മണിമാന് കൊടുക്കണമായിരുന്നു എന്നു മഹര്‍ഷി വിചാരിച്ചതായി കരുതേണ്ടിയിരിക്കുന്നു. ഗന്ധര്‍വ്വ സേനയുടെ നായകനെന്ന നിലയില്‍ മണിമാന്‍ അതിപരാക്രമിയാണ്. അതുകൊണ്ട് ഒരു മനുഷ്യനും പരാക്രമത്തില്‍ ഒരിക്കലും മണിമാനൊപ്പം വരികയില്ല.
Discussion about this post