Tuesday, July 8, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home സനാതനം

ഗര്‍ഗ്ഗഭാഗവതസുധ – ശ്രീകൃഷ്ണന്റെ മഥുരാപ്രവേശം

by Punnyabhumi Desk
Sep 9, 2013, 06:11 pm IST
in സനാതനം

ചെങ്കല്‍ സുധാകരന്‍

35. ശ്രീകൃഷ്ണന്റെ മഥുരാപ്രവേശം
ഭഗവാന്റെ മഥുരാപ്രവേശം, അവതാരകഥകളില്‍ പ്രധാനമാണ്. അവതാരോദ്ദേശ്യം സാധിക്കുന്നതിനായി സമയമടുത്തു എന്ന് കൃഷ്ണന്‍ മനസ്സിലാക്കി. അക്രൂരന്‍ നിമിത്തമായി എന്നുമാത്രം! കംസനിഗ്രഹത്തിന്റെ തയ്യാറെടുപ്പിലായിരുന്നു ഭഗവാന്‍! ചാപപൂജ കാണാനുള്ള ക്ഷണം സ്വീകരിച്ചതുതന്നെ ആ അര്‍ത്ഥത്തിലാണ്. ഭക്തനായ അക്രൂരന്റെ ഇംഗിതം സാധിച്ചുകൊടുത്ത സന്തോഷവും ശൗരിക്കുണ്ട്.

Gargabhagavatha sudha_slider5അക്രൂരനാല്‍ ഉപനീതമായ ബലരാമകൃഷ്ണന്മാര്‍ മഥുരയിലെ ഉപവനത്തിലെത്തി. അവര്‍ യമുനാതീരത്തു വിശ്രമിച്ചു. അതിലെ (യമുനയിലെ) ജലം കുടിച്ച് സംതൃപ്തരായി. കൃഷ്ണാനുമതിയോടെ അക്രൂരന്‍ നിത്യകര്‍മ്മങ്ങള്‍ക്കായി യമുനയിലേക്കുപോയി. കുളിക്കാന്‍ നദിയിലിറങ്ങിമുങ്ങി. അവിടെ ഒരു മഹാത്ഭുതം! ജലത്തനുള്ളില്‍ ബലരാമനും ശ്രീകൃഷ്ണനും തമ്മില്‍ സംസാരിച്ചുകൊണ്ടിരിക്കുന്നതായി അക്രൂരന്‍ കണ്ടു. അത്യാശ്ചര്യത്തോടെ അദ്ദേഹം ജലോപരിപൊങ്ങി രഥത്തിലേക്കു നോക്കി. അപ്പോഴും രാമകൃഷ്ണന്മാരെ പൂര്‍വസ്ഥിതിയില്‍ കണ്ടു. മാത്രമല്ല, ചുരുണ്ട് മണ്ഡലാകൃതിപൂണ്ട് ആദിശേഷനെയും കാണായി. ഭക്തിഭാവത്താല്‍ ആനന്ദം നിറഞ്ഞ അക്രൂരന് ആ അനവദ്യദൃശ്യം ധന്യമായ ഒരനുഭവമായി. അദ്ദേഹം പിന്നെയും ജലത്തിനുള്ളില്‍ മുങ്ങി നോക്കി. അവിടെ ചില വിശേഷദൃശ്യങ്ങള്‍കൂടി കണ്ടു. ആദിശേഷന്റെ മടിത്തട്ടില്‍ ഗോലോകവും ഗോവര്‍ദ്ധനവും വൃന്ദാവനവും. സൂര്യോകടിപ്രഭനും കാമസുന്ദരനുമായ ശ്രീകൃഷ്ണനെ രാധാസമേതനായി കണ്ടു. അക്രൂരന്‍ അദ്ഭുതപരതന്ത്രനായി.

”ജ്ഞാത്വാ കൃഷ്ണം പരം ബ്രഹ്മ
നത്വാനത്വാ പുനഃ പുനഃ
കൃതാഞ്ജലി പുടോളക്രൂരഃ
സ്തുതിം ചക്രേതി ഹര്‍ഷിതഃ”

ശ്രീകൃഷ്ണന്‍ പരബ്രഹ്മമാണെന്നു മനസ്സിലാക്കിയ അക്രൂരന്‍, ഭഗവാനെ വീണ്ടും വീണ്ടും നമസ്‌കരിച്ചു. അഞ്ജലീബന്ധനായി സ്തുതിച്ചു.) കൂപ്പുകൈയുമായി അക്രൂരന്‍ നോക്കിനില്‍ക്കേ ശ്രീഭഗവാന്‍ അന്തര്‍ദ്ധാനം ചെയ്തു.
നിത്യകര്‍മ്മങ്ങള്‍ നിറവേറ്റിയ അക്രൂരന്‍ ഭഗവദ്‌രഹസ്യം മനസ്സിലാക്കിയ തൃപ്തിയോടെ രാമകൃഷ്ണന്മാരിരുന്ന രഥസമീപമെത്തി. ആഗാന്ദിനീനന്ദനന്‍, സ്‌നിഗ്ദ്ധഗംഭീര ധ്വനിയോടുകൂടിയ രഥത്തില്‍ രാമകൃഷ്ണന്മാരെ മഥുരയിലെത്തിച്ചു. അവിടെ മനോഹരമായ ഉപവനത്തില്‍ നന്ദരാജനും കൂട്ടരും കാത്തുനില്‍ക്കുകയായിരുന്നു. അവരെ കണ്ട് കൃഷ്ണന്‍, അക്രൂരനെ രഥവുമായി പൊയ്‌ക്കൊള്ളാന്‍ അനുവദിച്ചു. താന്‍ ഗോപന്മാരുമൊത്ത് പിന്നാലെ എത്തിക്കൊള്ളാമെന്നും. അപ്പോള്‍ അക്രൂരന്‍ ഭഗവാനെ സ്വഗൃഹത്തിലേക്കു ക്ഷണിച്ചു. ഭഗവാനെക്കൂടാതെ താന്‍ സ്വഗൃഹത്തിലേക്കില്ലെന്നും ആ പരമഭക്തന്‍ പറഞ്ഞു. കംസ നിഗ്രഹാനന്തരം അക്രൂരന്റെ ഇംഗിതം സാധിക്കുമെന്നുപറഞ്ഞ്, കൃഷ്ണന്‍, ആ ഭക്തനെ ആശ്വസിപ്പിച്ചു.

നാഗരഭംഗികളാസ്വദിച്ചുകൊണ്ട് രാമകൃ,ഷ്ണന്മാര്‍, ഗോപാലരൊന്നിച്ചുല്ലസിച്ചു. നന്ദഗോപര്‍ പറഞ്ഞു.: ”നിങ്ങള്‍ ഇവിടെ വളരെ ശ്രദ്ധിക്കണം. ഇത് വൃന്ദാവനമല്ല, നിഷ്ഠൂരനായ കംസന്റെ രാജ്യമാണ് എന്ന്, ബാലന്മാര്‍ നന്ദനെ വണങ്ങി. പറഞ്ഞപോലെ അനുസരിച്ചുകൊള്ളാമെന്നുറപ്പുകൊടുത്ത് സപരിവാരം മഥുരാപുരികാണാന്‍ പുറപ്പെട്ടു.

അളകാപുരിയിലെ ശോഭിച്ച മഥുര ബലരാമനും കൃഷ്ണനും നന്നായി ഇഷ്ടപ്പെട്ടു. മണിമാളികകളും ഉത്തുംഗസൗധങ്ങളും കണ്ട് അകംനിറഞ്ഞ ആ യാദവബാലന്മാര്‍ രാജമാര്‍ഗ്ഗത്തിലൂടെ യാത്ര തുടര്‍ന്നു. അലോക സൗന്ദര്യമാര്‍ന്ന ശ്രീകൃഷ്ണനെ പുരവാസികള്‍ കണ്ടു. അവര്‍ അത്ഭുതസ്മിതിതരായി. അവാച്യാനന്ദമനുഭവിച്ചു. മാളികമച്ചില്‍ കയറിനിന്നും വീടിനുള്ളിലെ ജനാലകളിലൂടെയും നാഗരികാംഗനമാര്‍ ഭഗവത്സൗന്ദര്യമാസ്വദിച്ചു. അംഗോപാംഗം സൗന്ദര്യം നിറഞ്ഞ കൃഷ്ണനെ വേഷഭൂഷാദികളോടെ കണ്ട് പുരസ്ത്രീകള്‍ മോഹിതരായി.

”അഹോ വൃന്ദാവനം രമ്യം
യത്ര സന്നിഹിതോഹ്യയം
ധന്യാ ഗോപഗണാഃ സര്‍വേ
പശ്യന്ത്യേനം മനോഹരം”

(വൃന്ദാവനം എത്ര ധന്യമാണ്! ഈ മനോഹരസ്വരൂപം സദാ കണ്ടു കൊണ്ടിരിക്കുന്ന ഗോപന്മാര്‍ ഭാഗ്യവാന്മാര്‍ തന്നെ) എന്നിങ്ങനെ അവര്‍ പറഞ്ഞുകൊണ്ടിരുന്നു. ഗോപികമാരുടെ ഭാഗധേയവും അവര്‍ വാഴ്ത്തി.
നഗരം വീക്ഷിച്ചു നടന്ന ശ്രീഭഗവാന്‍ അതിലേവന്ന ഒരു രജകനെ കണ്ടു. ”മിത്രമേ, ഞങ്ങള്‍ക്കു കുറേ നല്ല വസ്ത്രങ്ങല്‍ തരുക. തന്നാല്‍ നിനക്കു ശ്രേയസ്സുണ്ടാകും.” – എന്ന് ശ്രീകൃഷ്ണന്‍ അവനോടു പറഞ്ഞു! പക്ഷേ, ആ മധുരനിസ്വനം രജകനില്‍ ഇഷ്ടഫലമല്ലുളവാക്കിയത്. ആ ദുഷ്ടന്‍, ‘ഹേ, കൗപീനധാരികളേ, നിങ്ങളുടെ പിതാക്കന്മാരോ പ്രപിതാമഹന്മാരോ ഇത്ര നല്ല വസ്ത്രം ധരിച്ചിട്ടുണ്ടോ? ഇത് രാജാവിനുള്ളതാണ്. ജീവന്‍ വേണമെങ്കില്‍ കടന്നുപോകുവിന്‍!” എന്ന് കോപിച്ചു പറഞ്ഞു ഭഗവാന്‍ കൃഷ്ണന്‍ ആ ദുഷ്ടന്റെ തല നഖം കൊണ്ടുനുള്ളിയെടുത്തു. ഗോപകുമാരന്മാര്‍ ആര്‍ത്തിയോടെ വസ്ത്രങ്ങളെടുത്തു. ഇതു കണ്ടുനിന്ന ഒരു തുന്നല്‍ക്കാരന്‍ അവരുടെ ശരീരത്തിനിണങ്ങുംവിധം വസ്ത്രങ്ങള്‍ പാകമാക്കി നല്‍കി. അവന്‍ ഉചിതമായ വസ്ത്രങ്ങള്‍ കൃഷ്ണന് സമര്‍പ്പിച്ചു വണങ്ങി. പ്രസന്നനായ കൃഷ്ണന്‍ അവന് ആത്മസാരൂപ്യം നല്‍കി അനുഗ്രഹിച്ചു.

അനന്തരം ശ്രീകൃഷ്ണന്‍ ഗോപാലന്മാരുമൊത്ത് സുദാമാവ് എന്ന മാലകെട്ടുകാരന്റെ വീട്ടിലെത്തി. അയാള്‍ കൃഷ്ണനെ നമസ്‌കരിച്ചു, സ്വീകരിച്ചുകൊണ്ടുപോയി പുഷ്പസിംഹാസനത്തിലിരുത്തി. എന്നിട്ട്, ഗദ്ഗദകണ്ഠനായി പറഞ്ഞു:
”ധന്യം കുലം മേ ഭവനം ച ജന്മ-
ത്വയ്യാഗതേ ദേവ കുലാനി സപ്ത
മാതുഃപിതുഃ സപ്ത തഥാ പ്രിയായ
വൈകുണ്ഠലോകം ഗതവന്തി മന്യേ”

(ഭഗവാന്‍, അങ്ങയുടെ ആഗമനത്താല്‍ എന്റെ ഗൃഹം പാവനമായി. എന്റെ മാതാപിത്താകളുടേയും പത്‌നിയുടേയും ഏഴുതലമുറകള്‍ വൈകുണ്ഠം പ്രാപിക്കാന്‍ അര്‍ഹതയുള്ളവരായി.) സുദാമാവ്, പലതലത്തില്‍ സ്തുതിച്ച് വീണ്ടും വീണ്ടും തൊഴുത് ഭക്തിവിലീനനായി. അവന്‍ രാമകൃഷ്ണന്മാരേയും ഗോപന്മാരേയും പുഷ്പഹാരങ്ങളാലലങ്കരിച്ചു.  നിഷ്‌കളങ്കഭക്തിക്കുദാഹരണമായ മാലാകാരനില്‍ ഭഗവാന് പ്രീതിവളര്‍ന്നു. അദ്ദേഹം സുദാമനോട്: ”നിനക്ക് എന്നോടുള്ള ഭക്തി അവിരതം തുടരട്ടെ. എന്റെ ഭക്തരോട് സംസര്‍ഗ്ഗവും വരട്ടെ.” – എന്നു പറഞ്ഞനുഗ്രഹിച്ചു.

നന്ദകുമാരനും സുഹൃത്തുക്കളും നഗരത്തില്‍ പിന്നെയും നടന്നു. വഴിയില്‍ ഒരു വിചിത്രരൂപിണിയെ കണ്ടു. സുന്ദരമുഖമുള്ളവള്‍! എന്നാല്‍, അവള്‍ കുനിയായിരുന്നു! രാജകീയ കുറിക്കൂട്ടുകളുമായി അവള്‍ കൊട്ടാരത്തിലേക്കു പോവുകയായിരുന്നു. ഭഗവാന്‍, അവളോട്, ‘സുന്ദരീ, നീ ആരാണ്? ആരുടെ ഭാര്യയാണ്? നീ ഈ ചന്ദനം ആര്‍ക്കാണു കൊണ്ടുപോകുന്നത്? കുറേ ഞങ്ങള്‍ക്കു തരുക. എന്നാല്‍, നിനക്കു ശ്രേയസ്സുണ്ടാകും.” – എന്നു പറഞ്ഞു. താന്‍ കുബ്ജയാണെന്നും കംസന്റെ ദാസിയാണെന്നും അവള്‍ അറിയിച്ചു. ശ്രീഭഗവാനെ കണ്ട് അവള്‍ മോഹിതയായി. ആ കുറിക്കൂട്ടുകള്‍ അവള്‍ ഭഗവാനെ അണിയിച്ചു.

സന്തുഷ്ടനായ ശ്രീകൃഷ്ണന്‍ അവളെ അനുഗ്രഹിച്ചു. മൂന്നുവളവുകളോടുകൂടിയ കുബ്ജയുടെ ശരീരത്തെ നിവര്‍ത്തുകയും സുരസുന്ദരീസദൃശയാക്കുകയും ചെയ്തു. ”ഹേ സുന്ദരാ, നമുക്ക് എന്റെ ഗൃഹത്തിലേക്കു പോവുക. എനിക്കങ്ങയെക്കൂടാതെ ജീവിക്കാന്‍ കഴിയുകയില്ല.” എന്നു പറഞ്ഞ് ഭഗവാനെ ക്ഷണിച്ചു. ആനന്ദഭരിതനായ ശ്രീകൃഷ്ണന്‍, അവളോടു ആഗ്രഹം സാധിപ്പിക്കാമെന്ന് വാക്കുകൊടുത്ത് വീണ്ടും മുന്നോട്ടുനടന്നു.

പുരവാസികള്‍ ഗോപാന്മാരാല്‍ ആകൃഷ്ടരായി. അവര്‍ അവിടെ നിറഞ്ഞാസ്വദിച്ചു. ധനാഢ്യരായ കച്ചവടക്കാര്‍ അമൂല്യവസ്തുക്കള്‍ കൃഷ്ണന് കാഴ്ചവച്ചു. ”ഈ രാജ്യം അങ്ങയുടേതാകുമ്പോള്‍ ഞങ്ങളെ മറക്കല്ലേ!” എന്നപേക്ഷാസ്വരത്തില്‍ പറഞ്ഞു. എല്ലാവരേയും അനുഗ്രഹിച്ച് കൃഷ്ണന്‍ കംസന്റെ രാജധാനിയിലേക്കുപോയി.
ഭഗവാന്റെ മഥുരാപ്രയാണകഥയില്‍ സൂക്ഷ്മമായ തത്ത്വം ഉള്‍ക്കൊണ്ടിരിക്കുന്നു. അക്രൂരന്റെ അനുഭവത്തെ ശ്രദ്ധിച്ചുനോക്കാം. അദ്ദേഹം ഏറ്റവും വലിയ ഭക്തന്മാരിലൊരാളാണ്. കൃഷ്ണനെ ക്ഷണിക്കുന്നതിനേക്കാള്‍, ഭഗവാനെ കാണുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. അത് സഫലമാവുകയും ചെയ്തു. ഭഗവാനെ രഥത്തിലേറ്റി മടങ്ങി. അക്രൂരന്‍ യമുനാസ്‌നാനത്തിനിടയില്‍ ഭഗവത്തത്ത്വം തിരിച്ചറിയുന്നു. യമുനാതടത്തില്‍ ജ്യേഷ്ഠനുമൊത്ത് രഥത്തിലിരിക്കുന്ന കൃഷ്ണനെ, ജലാന്തര്‍ഭാഗത്തും പുറത്തും ഒരേ സമയം കണ്ട് അക്രൂരന്‍ സന്തുഷ്ടനായി. ആനന്ദനിര്‍വൃതിയിലാണ്ടു. കൂടുതലന്വേഷി
ക്കാതെതന്നെ ഇതിന്റെ പൊരുള്‍ ആര്‍ക്കും മനസ്സിലാകുന്നതാണ്. ആചാര്യസ്വാമികള്‍ പറഞ്ഞതുപോലെ,

”സര്‍വ്വഗം സച്ചിദാനന്ദം
ജ്ഞാന ചക്ഷുര്‍ന്നിരീക്ഷതേ
അജ്ഞാനചക്ഷുര്‍ന്നേക്ഷേത
ഭാസന്തം ഭാനുമന്ധവത്”

എല്ലായിടത്തും നിറഞ്ഞിരിക്കുന്ന ഭഗവാനെ ജ്ഞാനികള്‍ നന്നായറിയുന്നു. ”ഈശ്വര: സര്‍വ്വഭൂതാനാം ഹൃദ്ദേശേളര്‍ജ്ജുനതിഷ്ഠതി” എന്ന് അന്യത്ര ഗീതാകാരന്‍ പറഞ്ഞതും ഒരേ അര്‍ത്ഥത്തില്‍തന്നെ. ഈശ്വരന്‍ സര്‍വ്വവ്യാപിയെന്ന പരമാര്‍ത്ഥ്യം അക്രൂരനറിഞ്ഞു. എങ്ങും നിറഞ്ഞ പരംപൊരുള്‍തന്നെയാണ് ശ്രീകൃഷ്ണരൂപത്തില്‍ അവതരിച്ചിരിക്കുന്നതെന്ന സത്യവും അക്രൂരന്‍ മനസ്സിലാക്കി. ഭക്തിയോഗത്തിന്റെ പരമകാഷ്ഠയാണിത്.

കംസനിര്‍ദ്ദേശവും അക്രൂരന്റെ ആമ്പാടിയിലേക്കുള്ള യാത്രയും കൃഷ്ണനിമന്ത്രവുമെല്ലാം കഥാഗതിയുടെ സ്ഥൂരാവിഷ്‌കാരങ്ങള്‍മാത്രം! മുത്തുമണികള്‍ക്കിടയിലൂടെ കടന്നുപോകുന്ന സൂത്രമെന്നപോലെ, ഈ കഥാസംഭവങ്ങള്‍ക്കിടയിലൂടെ തത്ത്വസൂത്രം കടന്നുപോകുന്നു. സംശുദ്ധമാനസനും ഈശ്വരഭക്തനുമായ വ്യക്തി-അക്രൂരന്‍-ഈശ്വരദര്‍ശനലോലനാകുന്നതാണിതിലെ പ്രധാനാംശം! ആ മാനസിക തപസ്സ് ഭഗവദ്ദര്‍ശത്തില്‍ കലാശിക്കുന്നു. ദര്‍ശനം സാക്ഷാത്കരിച്ചാല്‍, ഭക്തന് ഭഗവാനെക്കൂടാതെ ജീവിക്കാനാവില്ല. അക്രൂരരഥത്തില്‍ രാമകൃഷ്ണന്മാരെ കയറ്റിക്കൊണ്ടാണ് അദ്ദേഹം വൃന്ദാവനത്തില്‍ നിന്നു മടങ്ങിയത്. ഈ രഥം മനസ്സല്ലാതെ മറ്റൊന്നല്ല. മനോരഥത്തില്‍ സദാ പ്രതിഷ്ഠിതമായ ഭഗവദ്രൂപത്തില്‍ ഭക്തന്റെ ദൃഷ്ടിയുടെ തുടര്‍ന്നുള്ള ധ്യാനാവസ്ഥിത തദ്ഗതമാനസരൂപ’ ഭക്താഗ്രണിയായി അക്രൂരന്‍. കണ്ണടച്ചാലും തുറന്നാലും ഈശ്വരചിന്തം മാത്രം കാണുന്നിടത്തോളം  ആ മനസ്സ് വളര്‍ന്നു. ‘യാതൊന്നതൊക്കെ ഹരിനാരായണായ നമഃ” എന്ന ഹരിനാമകീര്‍ത്തനത്തില്‍ പറഞ്ഞിട്ടുള്ളതുപോലെ! യമുനയില്‍ മുങ്ങിയപ്പോഴാണ് അക്രൂരന് ആഗ്രഹമുണ്ടായത്. യമുന, ഭക്തിഗംഗതന്നെ. അത്തരം ഭക്തി പ്രവാഹം വിലയിതമാകുന്ന മനസ്സിന് മറ്റെന്തുകാണാനാകും? അകത്തും പുറത്തും എവിടേയും നിറഞ്ഞു പ്രഭതൂകുന്ന പരബ്രഹ്മത്തെമാത്രമേ സ്മരിക്കാനാവൂ!

മഥുരയിലെത്തിയ കൃഷ്ണന്‍ നഗരക്കാഴ്ചകള്‍ കാണാനായി വേര്‍പിരിയുമ്പോല്‍, അക്രൂരന്‍, സ്വഗൃഹത്തിലേക്ക്, ഭഗവാനെ ക്ഷണിക്കുന്നു. ‘ഒരു നേരമെങ്കിലും കാണാതെ വയ്യെ’ന്ന ഭക്തമനസ്സാണിവിടെ വെളിവാകുന്നത്. ‘എന്മനഃപങ്കജേവാഴ്ക പോകായ്‌കെങ്ങും’ എന്ന് എഴുത്തച്ഛന്‍ പറഞ്ഞവാക്കുകള്‍ ഇവിടെയോര്‍ക്കുന്നതുകൊള്ളാം. ഭക്തിഭാവം നിറഞ്ഞ കഥാമൃതംമാത്രമേ ഭാഗവതമഹാപുരാണം വായിക്കുന്നവര്‍ക്ക് രുചിക്കാനാവൂ! നോക്കുന്നവര്‍ക്കൊക്കെ വിരക്തിയുണ്ടാ’ക്കു
വാനുള്ള സംസാരയോഗശമനൗഷധമാണിതിലെ ഓരോ കഥയും.

രജകകഥയും ഭഗവത്‌ലീലാരഹസ്യം മനസ്സിലാക്കാന്‍ സഹായിക്കുന്നതാണ്. അയാളുടെ കയ്യിലുണ്ടായിരുന്ന രാജകീയവസനങ്ങളാണ് ശ്രീകൃഷ്ണന്‍ ചോദിച്ചത്. അത് അയാള്‍ നല്‍കിയില്ല. ഭഗവാനെ ഭര്‍ത്സിക്കുകയും ചെയ്തു. അതിനാല്‍, അവന്റെ തല നുള്ളിയെടുത്തു. വിപരീതഭാവത്തിലാണെങ്കിലും ഭഗവാനെ സമീപിച്ചവനാണ് ആ അലക്കുകാരന്‍! സദ്ഭാവത്തിലായാലും കുഭാവത്തിലായാലും ഈശ്വരനോടടുത്താല്‍, ഭക്തനെ ഭഗവാന്‍ വിടുകയില്ല. രാജസമഗ്നനായ ആളാണ് രജകന്‍! അതിന്റെ ലക്ഷണമാണ് വിലപിടിച്ച പട്ടുവസ്ത്രങ്ങള്‍. രജോഗുണമാണതിന്നടിസ്ഥാനം! അവനില്‍നിന്ന് ആ ഭാവം മാറ്റുകയാണ്  ഭഗവാന്‍ ചെയ്തത്. തലനുള്ളിയെടുത്തതിലൂടെ. അപ്പോള്‍, ആ രജകന്റെ ശരീരത്തില്‍നിന്നൊരു തേജസ്സ് ഉയര്‍ന്നുചെന്ന് ഭഗവാനില്‍ ലയിച്ചു. രാജസ്സാദിഗുണബന്ധനം വിട്ട് ശുദ്ധമായ മനസ്സ് ഭഗവാനിലേക്ക് പാറിച്ചെന്നു എന്നാണിതിനര്‍ത്ഥം! അജ്ഞാനത്തിന്റേയും തജ്ജന്യാഹങ്കാരത്തിന്റേയും ആവരണം പിടിച്ചുമാറ്റി, പാപത്തെ ദ്വേഷിച്ച് പാപിയെ സ്‌നേഹിച്ച്, ഭഗവാന്‍ ഭക്തനെ, തന്നിലേക്കാകര്‍ഷിച്ചു. ആവിധം കൃഷ്ണനാമം സാര്‍ത്ഥകമാക്കുകയും ചെയ്തു.

രജകന്‍ കൊണ്ടുവന്ന വസ്ത്രങ്ങള്‍, വേണ്ടവിധം ധരിക്കാനറിയാതെ, തോന്നിയപോലെ ധരിക്കാന്‍ തുടങ്ങിയ ഗോപാലന്മാരെ ഒരു തുന്നല്‍ക്കാരന്‍ സഹായിച്ചു. അയാള്‍ അവരവര്‍ക്കിണങ്ങുന്നവിധം വസ്ത്രങ്ങള്‍ രൂപപ്പെടുത്തിക്കൊടുത്തു. ഇവിടെ വസ്ത്രം വേഷം എന്ന അര്‍ത്ഥത്തെ കടന്ന് ‘ജന്മം’ എന്ന സൂക്ഷ്മാര്‍ത്ഥത്തിലേക്കു മാറുന്നു. ഭഗവദ്ഭക്തന്മാരും സഖാക്കളുമാണെങ്കിലും തങ്ങളുടെ ജന്മോദ്ദേശ്യം മനസ്സിലാക്കാതിരുന്ന വ്യക്തികളെ, സ്വലക്ഷ്യങ്ങള്‍ ബോധ്യപ്പെടുത്തിയ ഗുരുവരനാണ് തുന്നല്‍ക്കാരന്‍! അയാള്‍ ചെയ്യുന്ന ജോലി അതാണ്. ശരീരത്തിനിണങ്ങുന്നവിധം വസ്ത്രം രൂപപ്പെടുത്തുക! ജന്മോദ്ദേശ്യങ്ങളോര്‍മ്മിപ്പിച്ച് അതിനിണങ്ങുന്നവിധം ജീവിതം രൂപപ്പെടുത്തുന്ന ആചാരന്യന്മാരുടെ സ്ഥാനമാണ്, വൈദാന്തികാര്‍ത്ഥത്തില്‍, തുന്നല്‍ക്കാര്‍ക്കുള്ളത്. ആ വിധം ധര്‍മ്മ്യകര്‍മ്മമാചരിക്കുന്ന വ്യക്തിയെ, ഭഗവാന്‍ സാരൂപ്യമുക്തി നല്‍കി അനുഗ്രഹിച്ചു എന്ന തത്ത്വമാണ് ഈ കഥയില്‍ കാണാന്‍ കഴിയുന്നത്.

പിന്നീട്, ഭഗവാന്‍ സുദാമാവ് എന്ന മാലകെട്ടുകാരന്റെ വീട്ടിലേക്കാണ് പോയത്. കണ്ട ഉടന്‍ അയാള്‍ ഭഗവാനെ താണുവണങ്ങി ഉചിതാസനം നല്‍കിയിരുത്തി. താനുണ്ടാക്കിവച്ചിരുന്ന മാല്യങ്ങള്‍, അവന്‍ രാമകൃഷ്ണന്മാര്‍ക്കും കൂട്ടുകാര്‍ക്കുമായി നല്‍കി. അവര്‍ ആ മാല്യങ്ങളുമണിഞ്ഞ് കൂടുതല്‍ സുന്ദരന്മാരായി ശോഭിച്ചു. സുദാമാഎന്ന നാമവും ഇവിടെ പ്രസക്തമാണ്. ദാമം കയറാണ്. സുന്ദരമായ ദാമം ധരിച്ചവനാണ് സുദാമാവ്! ഭക്തിയാകുന്ന ദാമമാണ് അയാള്‍ ധരിച്ചിട്ടുള്ളത്. ഈശ്വരഭക്തന്‍ എന്ന സാരം ആ പേരുതന്നെ സൂചിപ്പിക്കുന്നു. (കുചേലന്റെ യഥാര്‍ഥ നാമം സുദാമാ എന്നായിരുന്നു. ഏറ്റവും വലിയ നിരീഹ ഭക്തനാണല്ലോ കുചേലന്‍.) ഓരോ പുഷ്പദളവുമെടുത്ത് ചരടില്‍ കോര്‍ക്കുകയാണ് ‘മാലാകാര’ന്മാര്‍ ചെയ്യുന്നത്. തികച്ചും പ്രതീകാത്മകമായ കര്‍മ്മം! ഇവിടെ, പുഷ്പദലങ്ങള്‍ ഈശ്വരനാമങ്ങളാണ്. അവയെ യഥായോഗ്യം ജപിച്ച് ഭക്തിപൂര്‍വ്വം അര്‍പ്പിക്കുകയാണ് മാല കോര്‍ക്കല്‍! അത് തുടര്‍ന്നുകൊണ്ടിരിക്കുന്ന ഭക്തനെ അനുഗ്രഹിക്കാന്‍ ഭഗവാന്‍ അങ്ങോട്ടുചെന്നു. അതാണ് ഭക്തപരായണനായ നാരായണന്റെ രീതി. കൃഷ്ണന്‍ അവനില്‍ പ്രസാദിച്ചു. സാരൂപ്യമുക്തി നല്‍കി അനുഗ്രഹിക്കുകയും ചെയ്തു. ആരില്‍ ഭക്തിവര്‍ദ്ധിച്ചാലും അവനെ തന്നില്‍ ചേര്‍ക്കുന്ന കാരുണ്യമാണ് ഈശ്വരന്റേത്.

അവസാനം കുബ്ജയുടെ കഥയാണ്. സുന്ദരനായ കൃഷ്ണനെക്കണ്ട് ആ ദാസി തന്നെപ്പോലും മറന്നുപോയി. രാജാവിനുള്ള കുറിക്കൂട്ടുണ്ടാകുന്ന കുബ്ജയോട് ആ സൗന്ദര്യലേപനം തനിക്കു നല്‍കുമോ എന്ന് ഭഗവാന്‍ ചോദിച്ചു. അവള്‍ക്കാകട്ടെ, രണ്ടാമതൊന്നാലോചിക്കാനില്ലായിരുന്നു. അവള്‍ ആ ചന്ദനലേപനം മുഴുവന്‍ തന്നെ ഭഗവാനുനല്‍കാന്‍ സന്നദ്ധയായിരുന്നു. ത്രിലോകസുന്ദരമായ മുഖശ്രീയുള്ള കുബ്ജയ്ക്കു ശരീരത്തില്‍ മൂന്നുവളവുണ്ടായിരുന്നു. കൃഷ്ണന്‍ അതുശ്രദ്ധിച്ചു. കുറിക്കൂട്ടു സ്വീകരിച്ച് ഭഗവാന്‍ അവളുടെ വളവുതീര്‍ത്ത് മുഖത്തിനുചിതമായ സൗന്ദര്യം ശരീരത്തിനുമുണ്ടാക്കി. അവളുടെ അഭ്യര്‍ത്ഥനയനുസരിച്ച്, കംസവധാനന്തരം ഭഗവാന്‍ കുബ്ജയുടെ ആതിഥ്യം സ്വീകരിക്കുകയും ചെയ്തു.

ഈ കഥയും ഭക്തിപ്രധാനമാണ്. ഭക്തഹൃദയം സദാശ്യാമസുന്ദരനില്‍ ആമഗ്നമാകാന്‍ കൊതിച്ചുകൊണ്ടിരിക്കും. ഹൃദയത്തില്‍ തുളുമ്പുന്ന ഭക്തിയുടെ പ്രതീകമാണ് കരചഷകത്തിലെ ചന്ദനാലേപം! അത് മറ്റാര്‍ക്കാണ് കുബ്ജ ചാര്‍ത്തുക? സുന്ദരമുഖവും മൂന്നുവളവുമുള്ള ഉടല്‍തന്നെ ആ വ്യക്തിത്വം വ്യക്തമാക്കുന്നു. ത്രിപുലീസഹതിസങ്കല്പമാണവര്‍ക്കുണ്ടായിരുന്നത്. ജ്ഞാനം, ജ്ഞേയം ജ്ഞാതാവ് എന്നീ ത്രൈവിധ്യമാണ് ത്രിവക്രത! മനുഷ്യസാമാന്യാവസ്ഥയാണത്! എന്നാല്‍, അസാധാരണമുഖകാന്തി അവള്‍ക്കുണ്ടായിരുന്നു. ഭക്തന്റെ ദൃഷ്ടിയില്‍ ഏറ്റവും വലിയ സൗന്ദര്യം ഈശ്വരോന്മുഖതയാണ്. അതാണ് കുബ്ജ! അപ്പോള്‍, ത്രിവക്രയായ കുബ്ജ ഏതുഭക്തനും പകരമുള്ള പദമാണ്. ഭഗവത്സ്പര്‍ശമുണ്ടായാല്‍ ത്രിപുലീഭാവം മാറും. ഭഗവാന്‍ കുബ്ജയുടെ വളവുനിവര്‍ത്തി എന്നു പറഞ്ഞതിലെ സാരമതാണ്. ഈശ്വരാനുഗ്രഹത്താല്‍ നിര്‍ഗുണമാനസനായ ഭക്തന്റെ മനസ്സ് ‘ത്രിപുടി മുടിഞ്ഞ്’ ഏകമേവാദ്വയ ബ്രഹ്മ’ത്തില്‍ ലയിക്കുന്നു. പിന്നീട്, ഹഡദയാധിനാഥനായ ഈശ്വരനെ അനന്തരാത്മാവിലേക്കാവാഹിക്കുന്നു! ആതിഥ്യം സ്വീകരിച്ച്, ശ്രീകൃഷ്ണന്‍, കുബ്ജയെ അനുഗ്രഹിച്ചു എന്നു പറഞ്ഞിട്ടുള്ളതിലെ രഹസ്യമിതാണ്. ഭക്തിഭാവനിഷ്യന്ദിയായ ഭാഗവതകഥകളില്‍ അഗ്രിമസ്ഥാനമര്‍ഹിക്കുന്ന കഥകളാണ് ശ്രീകൃഷ്ണന്റെ മഥുരാപ്രവേശത്തിലുണ്ടായവ. അകളങ്കഭക്തിയുടെ ഉത്തമോദാഹരണങ്ങളായ ഈ കഥകള്‍, അദ്ധ്യാത്മജിജ്ഞാസുക്കള്‍ക്ക് കൂടുതല്‍ ആനന്ദം പ്രദാനം ചെയ്യുമെന്നത് തീര്‍ച്ചയാണ്!
—————————————————————————————————————————-
ഗ്രന്ഥകര്‍ത്താവിനെക്കുറിച്ച്:-

ചെങ്കല്‍ സുധാകരന്‍
1950 മാര്‍ച്ച് ഏഴാം തീയതി നെയ്യാറ്റിന്‍കര താലൂക്കിലെ ചെങ്കല്‍ ദേശത്ത് കുറ്ററക്കല്‍ വീട്ടില്‍ ജനനം. പരേതരായ ആര്‍.ഗോവിന്ദപ്പിള്ളയും വി.ഭാര്‍ഗവി അമ്മയും അച്ഛനമ്മമാര്‍. കേരള സര്‍വകലാശാലയില്‍ നിന്നും മലയാളസാഹിത്യത്തില്‍ എം.എ, എം.ഫില്‍, ബിഎഡ് ബിരുദങ്ങള്‍ നേടി. ചേര്‍ത്തല എന്‍.എന്‍.എസ് കോളേജിലും വിവിധ സര്‍ക്കാര്‍ കലാലയങ്ങളിലും ജോലി ചെയ്തു. 2005 മാര്‍ച്ചില്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ അധ്യാപകനായി വിരമിച്ചു. ഇപ്പോള്‍ ഏറ്റുമാനൂരപ്പന്‍ കോളേജിലെ മലയാളവിഭാഗത്തില്‍ ജോലിചെയ്യുന്നു. അഗ്രപൂജ എന്നപേരില്‍ ഒരു കാവ്യം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാളത്തിലെ ആനുകാലികങ്ങളില്‍ കവിതകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചു വരുന്നു.

തിരുവനന്തപുരം സര്‍ക്കാര്‍ കോളേജിലെ ചരിത്രവിഭാഗം അധ്യാപികയായിരുന്ന ഡോ.ആര്‍ .അയിഷ ,ഭാര്യ. മക്കള്‍ : മാധവന്‍ , ഗായത്രി.

വിലാസം: ഗായത്രി, ടി.സി. 6/199 – 7, സൗപര്‍ണ്ണികാ ഗാര്‍ഡന്‍സ്, നേതാജി റോഡ്,വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം – 695 013,

മൊബൈല്‍: 9447089049

പ്രസാധകക്കുറിപ്പ്:-
വ്യാസമഹാഭാരതവും മഹാഭാഗവതവും പോലെ അത്ര പ്രചാരമുള്ള ഒരു കൃതിയല്ല ഗര്‍ഗ്ഗഭാഗവതം. ഈ കൃതി ഗര്‍ഗ്ഗാചാര്യനാല്‍ വിരചിതമായി എന്ന് വിശ്വസിക്കപ്പെടുന്നു. ഗര്‍ഗ്ഗഭാഗവതകഥകളും അവയ്ക്കുള്ള ശ്രീ.ചെങ്കല്‍ സുധാകരന്റെ നിരീക്ഷണവുമാണ് ഗര്‍ഗ്ഗഭാഗവതസുധ ഒന്നാംഭാഗം എ്ന്ന ഈ കൃതി. ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ശ്രീ.ചെങ്കല്‍ സുധാകരന്റെ ആദ്യ കൃതിയാണിത്. ഈ കൃതിയുടെ പാരായണത്താല്‍ ഓരോ ഭക്തന്റെയും മനസ്സ് ശ്രീകൃഷ്ണലീലകളിലൂടെ കടന്ന് അഷ്ടരാഗവിമുക്തനായി പരമാനന്ദമനുഭവിക്കട്ടെ എന്ന് ഞങ്ങള്‍ ആശിക്കുന്നു.

കൃഷ്ണഭക്തകേരളം ഈ കൃതിയേയും അതിന്റെ മൂല്യത്തെപ്രതി സ്വീകരിക്കുമെന്ന പ്രതീക്ഷയോടെ,

മാളുബന്‍ പബ്ലിക്കേഷന്‍സ്

ഗര്‍ഗ്ഗഭാഗവതസുധ -ഭാഗം 1 സമ്പൂര്‍ണ്ണ ഗ്രന്ഥത്തിന് എഴുതുക:-

MaluBen Publications
Arayoor P.O., (via) Amaravila
Thiruvananthapuram – 695 122
Mobile: 98469 98425
email: [email protected]

ShareTweetSend

Related News

സനാതനം

ശിവരാത്രി മഹോത്സവം

സനാതനം

അഖണ്ഡ നാമജപം മുഴങ്ങുന്ന അഭേദാശ്രമം നാമവേദി

സനാതനം

ഭാരതത്തില്‍ ദീപാവലി ആഘോഷത്തിന്റെ പ്രസക്തി

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies