തിരുവനന്തപുരം: മഹാത്മാഗാന്ധി ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതിപ്രകാരമുളള പരിപാടികള്‍ സമൂഹത്തില്‍ സമ്പത്ത് വര്‍ദ്ധിപ്പിക്കുന്ന തരത്തിലുളള പ്രവര്‍ത്തനങ്ങളിലേയ്ക്കും ഉത്പാദനവുമായി ബന്ധപ്പെട്ട മേഖലയിലേയ്ക്കും വ്യാപിപ്പിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു. 100 തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തിയാക്കിയ അംഗങ്ങള്‍ക്കുള്ള ഓണക്കോടി വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തിന് അനുയോജ്യമായ പദ്ധതികളിലേയ്ക്കുകൂടി തൊഴിലുറപ്പ് പദ്ധതിയെ ബന്ധപ്പെടുത്താനും പദ്ധതി ഫണ്ടിന്റെ 20-25 ശതമാനം സംസ്ഥാനത്തെ സാഹചര്യത്തിനനുസരിച്ച് ചെലവഴിക്കാനുമനുവദിക്കണമെന്ന് കേന്ദ്രത്തോടാവശ്യപ്പെട്ടിട്ടുണ്ട്. പദ്ധതിയുടെ കൂടുതല്‍ ഫലപ്രദമായ നടപ്പാക്കലിന് സര്‍ക്കാര്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജനജീവിതത്തില്‍ കാര്യമായ വ്യത്യാസം കൊണ്ടുവരുന്ന പദ്ധതികളാണ് നമുക്കാവശ്യമെന്നും വികസനത്തിന്റെ അര്‍ത്ഥം പൂര്‍ണമാകുന്നത് ഇത്തരം പദ്ധതികള്‍ നടപ്പാക്കുമ്പോഴാണെന്നും ചടങ്ങില്‍ സംസാരിച്ച കേന്ദ്രമാനവവിഭവശേഷി സഹമന്ത്രി ഡോ. ശശി തരൂര്‍ പറഞ്ഞു. കനകക്കുന്ന് കൊട്ടാരത്തില്‍ നടന്ന ചടങ്ങില്‍ ഗ്രാമ-വികസനവകുപ്പ് മന്ത്രി കെ.സി. ജോസഫ് അധ്യക്ഷനായിരുന്നു.
1412 കോടി രൂപയാണ് തൊഴിലുറപ്പ് പദ്ധതിക്കായി കഴിഞ്ഞ വര്‍ഷം സംസ്ഥാനം ചെലവഴിച്ചത്. ഉത്പാദനരംഗത്തുകൂടി തൊഴിലുറപ്പ് പദ്ധതി പ്രകാരമുളള പരിപാടികള്‍ വ്യാപിപ്പിച്ചാല്‍ വികസനരംഗത്ത് കാര്യമായ മാറ്റം കൊണ്ടുവരാന്‍ കഴിയുമെന്ന് മന്ത്രി കെ.സി. ജോസഫ് പറഞ്ഞു. അരുവിക്കര ഗ്രാമപഞ്ചായത്തിലെ 500 തൊഴിലാളികള്‍ക്കാണ് ഓണക്കോടി വിതരണം ചെയ്തത്. 400 രൂപയില്‍ അധികരിക്കാത്ത ഓണക്കോടി ജില്ലയില്‍ 69,000 ത്തിലധികം തൊഴിലാളികള്‍ക്ക് സൗജന്യമായാണ് നല്‍കുന്നത്. ഓരോ ജില്ലയിലേയും ഓണക്കോടി വിതരണപരിപാടിയിലൂടെയും ഹാന്‍വീവ്/ഹാന്‍ടെക്‌സ് ഷോറൂമുകളില്‍ നിന്ന് നേരിട്ടും അര്‍ഹരായ തൊഴിലാളികള്‍ക്ക് ഓണക്കോടി വാങ്ങാം. ഷോറൂമുകളില്‍ നിന്ന് വാങ്ങുന്നതിനായി 400 രൂപ വീതം ബാങ്ക്അക്കൗണ്ടിലൂടെ നല്കും. ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍, ഡെപ്യൂട്ടി സ്പീക്കര്‍ എന്‍. ശക്തന്‍, പാലോട് രവി എം.എല്‍.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്‍സജിതാ റസല്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. തൊഴിലുറപ്പ് പദ്ധതി പ്രകാരം ജില്ലയില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ച നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. മണികണ്ഠനെ ചടങ്ങില്‍ ആദരിച്ചു.
Discussion about this post