തിരുവനന്തപുരം: ജാതിയുടെയും മതത്തിന്റെയും ഭാഷയുടെയും ദേശത്തിന്റെയുമൊക്കെ പേരിലുള്ള വിഭാഗീയത സമൂഹത്തില്‍ ആഴത്തില്‍ സ്വാധീനം ചെലുത്തുന്ന വര്‍ത്തമാനകാലത്ത് ശ്രീനാരായണഗുരുവിന്റെ ദര്‍ശനങ്ങള്‍ വഴികാട്ടിയായി സ്വീകരിക്കണമെന്ന് ഉപരാഷ്ട്രപതി എം.ഹമീദ് അന്‍സാരി പറഞ്ഞു. സെനറ്റ് ഹാളില്‍ പ്രഥമ ശ്രീനാരായണഗുരു ഗ്ലോബല്‍ സെക്യുലര്‍ ആന്‍ഡ് പീസ് അവാര്‍ഡ് കേന്ദ്രസഹമന്ത്രി ഡോ.ശശിതരൂരിന് സമ്മാനിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതത്തിന്റെയും പ്രദേശത്തിന്റെയും പേരിലുള്ള വിദ്വേഷം നാടിന്റെ ഐക്യത്തിന് ഭീഷണിയും പുരോഗതിക്ക് തടസ്സവുമാണെന്ന് അദ്ദേഹം പറഞ്ഞു.മതേതരത്വവും ജനാധിപത്യവുമാണ് രാജ്യത്തിന്റെ ആധാരശില. അതുപോലെ സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി, വിശ്വസിക്കാനും ചിന്തിക്കാനും ആരാധിക്കാനുമുള്ള സ്വാതന്ത്ര്യം, അവസരങ്ങളുടെ തുല്യത എന്നിവയും പ്രധാനമാണെന്നും ഉപരാഷ്ട്രപതി പറഞ്ഞു.
ശ്രീനാരായണഗുരുവിന്റെ പേരിലുള്ള അവാര്‍ഡ് ഒരു പുരസ്‌കാരത്തിനുപരി അദ്ദേഹത്തിന്റെ ദര്‍ശനങ്ങള്‍ പ്രചരിപ്പിക്കുന്നതിനുള്ള കടമ കൂടിയാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഗവര്‍ണര്‍ നിഖില്‍ കുമാര്‍ പറഞ്ഞു. കേരളം ലോകത്തിനു നല്‍കിയ സംഭാവനയാണ് ശശി തരൂരെന്ന് ചടങ്ങില്‍ ആശംസയര്‍പ്പിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ടെങ്കിലും ഗുരുവിന്റെ പേരിലുള്ള ബഹുമതി വിലമതിക്കാനാകാത്തതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോകം മുഴുവന്‍ അംഗീകരിച്ച ശ്രീനാരായണഗുരുവിനെ കാണാന്‍ ഗാന്ധിയും ടാഗോറും ഇവിടേക്കു വന്നുവെങ്കിലും ഗുരുദേവദര്‍ശനങ്ങള്‍ ലോകമെമ്പാടും പ്രചരിപ്പിക്കുന്നതില്‍ നാം വേണ്ടത്ര വിജയിച്ചിട്ടില്ലെന്ന് പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തില്‍ കേന്ദ്രമാനവവിഭവശേഷി സഹമന്ത്രി ശശി തരൂര്‍ പറഞ്ഞു. എത്രയോ കാലം മുന്‍പു തന്നെ ആഗോളവീക്ഷണമുള്ളയാളായിരുന്നു ശ്രീനാരായണഗുരുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശ്രീനാരായണധര്‍മ്മ സമിതിയാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. ചടങ്ങില്‍ ഡോ.ജി.സുബോധനന്‍, മനു പുഷ്പാംഗദന്‍ തുടങ്ങിയവരും പങ്കെടുത്തു.
Discussion about this post