ഐ.പി.എല്‍ ഒത്തുകളിയുടെ പേരില്‍ മലയാളിയായ ഇന്ത്യന്‍ താരം എസ്. ശ്രീശാന്തിന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയ ബി.സി.സി.ഐയുടെ നടപടി നിര്‍ഭാഗ്യകരം എന്നു മാത്രമല്ല വിശേഷിപ്പിക്കേണ്ടത്. മറിച്ച് ഇത് പ്രതിഷേധാര്‍ഹം കൂടിയാണ്. ശ്രീശാന്തിനൊപ്പം അങ്കിത് ചവാനും ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. രവി സവാനി റിപ്പോര്‍ട്ടിന്റെ വെളിച്ചത്തിലാണ് നടപടിയെന്നാണ് വ്യാഖ്യാനം.
അതേസമയം ഒത്തുകളി സംബന്ധിച്ച് ഡല്‍ഹി പോലീസ് ചാര്‍ജ് ചെയ്ത കേസ് കോടതിയുടെ പരിഗണനയിലിരിക്കെ ശ്രീശാന്തിനും മറ്റും ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയതിനെതിരെ വിവാദവും ഉയര്‍ന്നിട്ടുണ്ട്. അച്ചടക്ക സമിതിക്കു മുമ്പാകെ കഴിഞ്ഞ ദിവസം ശ്രീശാന്ത് തനിക്ക് പറയാനുള്ളതെല്ലാം രേഖാമൂലം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം പരിശോധിക്കാതെയാണ് നടപടി ഉണ്ടായിരിക്കുന്നതെന്നാണ് പുറത്തു വന്ന വിവരം.
കായിക ലോകം, പ്രത്യേകിച്ച് ക്രിക്കറ്റ് മേഖലയില്‍ ഉത്തരേന്ത്യന്‍ ലോബി തങ്ങളുടെ ആധിപത്യം ഉറപ്പിച്ചിരിക്കുകയാണ്. കേരളത്തില്‍നിന്ന് ആദ്യമായാണ് ശ്രീശാന്തിനെപ്പോലെ ഒരു ചെറുപ്പക്കാരന്‍ ഇന്ത്യയ്ക്കുവേണ്ടി കളിച്ച് നേട്ടങ്ങളുണ്ടാക്കിയത്. കളിക്കിടയില്‍ ചെറിയ കുസൃതിത്തരങ്ങളുടെ പേരില്‍ ശ്രീശാന്ത് വിവാദ നായകനായെങ്കിലും ഫാസ്റ്റ് ബൗളറെന്ന നിലയില്‍ പല അന്താരാഷ്ട്ര മത്സരങ്ങളിലും ശ്രീശാന്തിന്റെ സാന്നിധ്യം നിര്‍ണായകമായി. വരാനിരിക്കുന്ന നാളുകളില്‍ ശ്രീശാന്ത് ഉയരങ്ങള്‍ കീഴടക്കുമെന്നായിരുന്നു കായിക ലോകത്തിന്റെ പ്രതീക്ഷ. അതിനുള്ള പരിശ്രമത്തിലായിരുന്നു ശ്രീശാന്ത്. എന്നാല്‍ ഐ.പി.എല്‍ ഒത്തുകളി വിവാദത്തില്‍ കുടുങ്ങിയതോടെ എല്ലാം തകിടംമറിയുകയായിരുന്നു.
ജാമ്യം പോലും ലഭിക്കാതെ ജയിലില്‍ കഴിയുകയും ചോദ്യം ചെയ്യലിന്റെ പേരില്‍ കടുത്ത പീഡനം അനുഭവിക്കുകയും ചെയ്ത ശ്രീശാന്ത് ജാമ്യം നേടി പുറത്തുവന്നപ്പോള്‍ ആരോടും പരിഭവമില്ലാതെ പറഞ്ഞത് ആ ദിനങ്ങള്‍ താന്‍ മറക്കാന്‍ ശ്രമിക്കുന്നുവെന്നാണ്. സത്യം പുറത്തുവരുമെന്നും ശ്രീശാന്ത് സൂചിപിച്ചിരുന്നു. പുറത്താക്കല്‍ പ്രഖ്യാപനം പുറത്തുവന്നപ്പോഴും ശ്രീശാന്തിന്റെ പ്രതികരണം തികച്ചം പക്വമായിത്തന്നെയായിരുന്നു. വിലക്കിന്റെ പേരില്‍ താന്‍ തകര്‍ന്നു പോകില്ലെന്നും അതിനു കാരണം തന്റെ നിരപരാധിത്തമാണെന്നും ശ്രീശാന്ത് പറയുന്നു. ദൈവത്തിലും സത്യത്തിലും ഉറച്ച വിശ്വാസമുണ്ടെന്നും മലയാളിയുടെ അഭിമാനമായ ശ്രീശാന്ത് പറയുമ്പോള്‍ ഇതൊന്നും കേള്‍ക്കേണ്ട കര്‍ണ്ണങ്ങള്‍ കേട്ടതായി ഭാവിക്കുന്നില്ല.
ഭാരതത്തിന്റെ കായിക മേഖലയ്ക്ക് ഇന്നും ഒരു ഒളിമ്പിക്‌സ് സ്വര്‍ണ മെഡല്‍ സ്വപ്‌നമാണ്. കാരണം, രാഷ്ട്രീയക്കാര്‍ മേലാളന്മാരായി ഭരിക്കുന്ന കായിക ലോകത്ത് കഴിവുളഌവരുടെ വളര്‍ച്ച മുരടിപ്പിക്കുന്ന നടപടികളാണ് പലപ്പോഴും ഉണ്ടാകുന്നത്. ഇവിടെ കഴിവിനെക്കാള്‍ പ്രധാനം മറ്റു പലതുമാണ്. എന്നാല്‍ അത്‌ലറ്റിക് മത്സരങ്ങളിലും വോളിബോളിലുമൊക്കെ കേരളത്തിന്റെ സംഭാവനയാണ് എന്നും ഇന്ത്യയ്ക്കു നേട്ടമായി മാറിയിട്ടുള്ളത്. അതേസമയം ക്രിക്കറ്റില്‍ കേരളത്തിനു വലിയ മുന്നേറ്റങ്ങളുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. അവിടെയായിരുന്നു ശ്രീശാന്തിലെ പ്രതീക്ഷ. അത് തല്ലിക്കെടുത്താന്‍ കിട്ടിയ അവസരത്തെ ഉത്തരേന്ത്യന്‍ ലോബി നന്നായി ഉപയോഗിക്കുകയാണ്.
ഈ ഒത്തുകളിയില്‍ പങ്കാളികളായ വന്‍ സ്രാവുകള്‍ ഇപ്പോഴും പുറത്ത് വിലസുകയാണ്. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഉടമയും ബി.സി.സി.ഐ മുന്‍ അദ്ധ്യക്ഷനുമായ എന്‍. ശ്രീനിവാസന്റെ മരുമകന്‍ ഗുരുനാഥ് മെയ്യപ്പനടക്കമുള്ളവര്‍ നിയമത്തിന്റെ ആനുകൂല്യത്തില്‍ സ്വതന്ത്രരായി വിലസുന്നു. ഇവിടെയാണ് ശ്രീശാന്ത് ഉള്‍പ്പെടെയുള്ളവരുടെ ആജീവനാന്ത വിലക്കിനെ കാണേണ്ടത്.
കായിക മേഖലയില്‍ വളര്‍ന്നുവരുന്ന പ്രതിഭകളെ പ്രാദേശികതയുടെയും സ്വജനപക്ഷപാതത്തിന്റെയും അസൂയയുടെയുമൊക്കെ പേരില്‍ തല്ലിക്കൊഴിക്കുന്ന പ്രവണത വര്‍ദ്ധിച്ചുവരികയാണ്. ശ്രീശാന്തിനു നേരെയുണ്ടായ നടപടിയെയും മറ്റൊന്നായി കാണാന്‍ കഴിയില്ല. കോടതിയില്‍ കേസിന്റെ അന്തിമ വിധി ഉണ്ടാകുന്നതുവരെ കാത്തിരിക്കുന്നതിനു പകരം തിടുക്കത്തില്‍ ഏകപക്ഷിയമായി എടുത്ത ബി.സി.സി.ഐയുടെ തീരുമാനം പുനപരിശോധിച്ച് ഇക്കാര്യത്തില്‍ മാന്യമായ ഒരു നിലപാട് സ്വീകരിക്കുകയാണ് വേണ്ടത്.
Discussion about this post