തിരുവനന്തപുരം: തിരുവനന്തപുരം-ചെങ്ങന്നൂര്‍, തിരുവനന്തപുരം-ഹരിപ്പാട് സബര്‍ബന്‍ റയില്‍ സര്‍വീസ് തുടങ്ങാന്‍ സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ രൂപീകരിക്കും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ മുഖ്യമന്ത്രിയുടെ ചേമ്പറില്‍ റയില്‍വേ ഉന്നതോദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
തിരുവനന്തപുരം-ചെങ്ങന്നൂര്‍, തിരുവനന്തപുരം-ഹരിപ്പാട് പാതയിരട്ടിപ്പിക്കല്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് സബര്‍ബന്‍ റയില്‍ സര്‍വീസ് ആരംഭിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. റയില്‍വേയുടെ സബര്‍ബന്‍ കോറിഡോര്‍ കേരളത്തിനുകൂടി ലഭിക്കത്തക്കവിധം നടപടികളെടുക്കണമെന്നും ചര്‍ച്ചയില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സംരംഭമായാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. സ്റ്റേഷനുകളില്‍ ഓട്ടോമാറ്റിക് സിഗ്നലിങ് സംവിധാനം സ്ഥാപിക്കുക, സ്റ്റേഷന്‍ നവീകരണം എന്നിവയുള്‍പ്പെടെയുള്ള പ്രവൃത്തികള്‍ സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ വഴി നിര്‍വഹിക്കും. ലോകബാങ്ക് വായ്പയുടെ സഹായത്തോടെയാവും പദ്ധതി നടപ്പാക്കുക. ഒരു കിലോമീറ്ററിന് ശരാശരി 20 കോടി രൂപയും ആകെ 3000 കോടി രൂപയുമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. വിശദമായ പദ്ധതിരേഖ തയാറാക്കാന്‍ മുംബൈ റയില്‍ വികാസ് കോര്‍പ്പറേഷനെ ചുമതലപ്പെടുത്തും.
ഡിസംബര്‍ മാസത്തോടെ ഡി.പി.ആര്‍. സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. റോഡിലൂടെയുള്ള ഗതാഗത തിരക്ക് പരിഹരിക്കുകയാണ് പ്രദേശിക അതിവേഗ റയില്‍ സര്‍വീസ് (റീജിയണല്‍ റാപ്പിഡ് റെയില്‍) പദ്ധതിക്കു കീഴിലുള്ള സബര്‍ബന്‍ റയില്‍വേയിലൂടെ ഉദ്ദേശിക്കുന്നത്. കണ്ണൂര്‍ മുതല്‍ എറണാകുളം വരെയുള്ള ദൂരം മൂന്നര മണിക്കൂറുകൊണ്ട് എത്താവുന്ന തരത്തില്‍ ട്രയിന്‍ സര്‍വീസ് ആരംഭിക്കണമെന്നും കഴക്കൂട്ടത്ത് ട്രയിന്‍ സ്റ്റോപ്പേജ് അനുവദിക്കണമെന്നും ചര്‍ച്ചയില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കേന്ദ്രസഹമന്ത്രി ശശി തരൂര്‍, മന്ത്രി ആര്യാടന്‍ മുഹമ്മദ്, ചീഫ് സെക്രട്ടറി ഇ.കെ.ഭരത് ഭൂഷണ്‍, ദക്ഷിണ റയില്‍വേ ജനറല്‍ മാനേജര്‍ രാകേഷ് മിശ്ര, ഡി.ആര്‍.എം. രാജേഷ് അഗര്‍വാള്‍, മുംബൈ റയില്‍ വികാസ് കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടര്‍ രാകേഷ് സക്‌സേന തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post