തിരുവനന്തപുരം: ഓണാഘോഷത്തിന് സമാപനം കുറിച്ചുകൊണ്ട് കലാ-സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന ഘോഷയാത്ര ദൃശ്യവിരുന്നായി. വൈകിട്ട് അഞ്ചു മണിക്കു വെള്ളയമ്പലത്ത് ഗവര്‍ണര്‍ നിഖില്‍ കുമാര്‍ ഫ്‌ളാഗ്ഓഫ് ചെയ്ത ഘോഷയാത്രയില്‍ ഫ്‌ളോട്ടുകളും കലാരൂപങ്ങളും അണിനിരത്തിക്കൊണ്ട് അനന്തപുരിയിലെ കാണികള്‍ക്ക് മികച്ച അനുഭവമായി. ഘോഷയാത്ര കാണുന്നതിനായി ജില്ലയിലെ വിവിധഭാഗങ്ങളില്‍ നിന്നും സ്ത്രീകളും കുട്ടികളുമടങ്ങിയ ജനങ്ങളുടെ ഒരു നീണ്ട നിര റോഡിനിരുവശവും നേരത്തേ തന്നെ നിലയുറപ്പിച്ചു. കാലാവസ്ഥ അനുകൂലമായിരുന്നത് കാണികള്‍ക്ക് ഏറെ ആശ്വാസമേകി.
ഏറ്റവും മുന്നിലായി നെറ്റിപ്പട്ടം കെട്ടിയ ഗജവീരനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഘോഷയാത്രയുടെ തുടക്കത്തില്‍ ആന ഇടഞ്ഞതിനാല്‍ യാത്രയില്‍ പുനഃക്രമീകരണം നടത്തുകയായിരുന്നു. പഞ്ചവാദ്യവും കണ്ണൂരില്‍ നിന്നെത്തിയ ഓണപ്പൊട്ടന്‍ തെയ്യവും ശ്രദ്ധേയമായി. തൊട്ടുപിന്നാലെ കേരള പൊലീസിന്റെ അശ്വാരൂഢസേന. ആലവട്ടം, വെഞ്ചാമരം, കൊമ്പ്, തായമ്പക എന്നിവ പിന്നാലെ. തുടര്‍ന്ന് എസ്എപി ക്യാംപിലെ 100 പൊലീസുകാര്‍ കേരളീയവേഷത്തില്‍ മുത്തുക്കുടകളുമായി. 101 പേര്‍ പങ്കെടുക്കുന്ന ചെണ്ടമേളമാണ് അതിനു പിന്നില്‍. 50 കേരളീയ വനിതകള്‍ ഓലക്കുടയേന്തി പിന്നാലെ. 50 പേരുടെ വേലകളി, നെയ്യാണ്ടിമേളം, രാജാറാണി കുതിര തുടങ്ങിയ കലാരൂപങ്ങള്‍ അനുഗമിക്കും. 25 യോദ്ധാക്കള്‍ വാളും പരിചയുമായി കളരി പ്രകടനം കാഴ്ചവച്ചു. മയൂരനൃത്തം, പരുന്താട്ടം തുടങ്ങിയവയ്ക്കു ശേഷം 15 പേര്‍ പൊയ്ക്കാലില്‍ നടന്നു നീങ്ങി. ഉടുക്ക് കൊട്ടി നീങ്ങുന്ന 10 പാണന്‍മാരാണ് അവരെ അനുഗമിച്ചു.
തുടര്‍ന്നു ഫ്‌ളോട്ടുകള്‍ മെല്ലെ നിരനിരയായി നീങ്ങുകയായിരുന്നു. റോക്കറ്റ് വിക്ഷേപണവുമായി ബന്ധപ്പെട്ട വിഎസ്എസ്എസിയുടെ ഫ്‌ളോട്ട് മുന്നിലും. തുടര്‍ന്നു വാണിജ്യ നികുതി വകുപ്പ്, കള്ളവും ചതിയുമില്ലാത്ത കാലം അവതരിപ്പിച്ചു. നിലക്കാവടി, പൂക്കാവടി, ചിണ്ടക്കാവടി എന്നിവയ്ക്കു ശേഷം മൃഗസംരക്ഷണ വകുപ്പിന്റെ ഫ്‌ളോട്ട് നീങ്ങി. തെയ്യം, തിറ, കാളി, ദാരികന്‍ തുടങ്ങിയവയും ഇതിനു പി്ന്നിലായി പട്ടികവിഭാഗ വകുപ്പിന്റെ ഫ്‌ളോട്ടിനു ശേഷം സരസ്വതി വിദ്യാലയയുടെ ബാന്‍ഡ് ട്രൂപ്പ് നീങ്ങി.
വ്യവസായ-വാണിജ്യ വകുപ്പിന്റെ ഫ്‌ളോട്ടിനു പിന്നാലെ ഒന്‍പതു പേര്‍ അണിനിരക്കുന്ന യക്ഷഗാനം. കിറ്റ്‌സ്, കയര്‍ വകുപ്പ് എന്നിവയുടെ ഫ്‌ളോട്ടുകള്‍ക്കു ശേഷം ഗരുഡന്‍തൂക്കം. തൃശൂരില്‍ നിന്നെത്തിയ 25 പേരടങ്ങുന്ന പുലികളി സംഘം കാണികളുടെ മനം കവര്‍ന്നു. തുടര്‍ന്ന് 20 പെണ്‍കുട്ടികള്‍ അണിനിരക്കുന്ന വനിതാ ശിങ്കാരിമേളവും സര്‍വേ ഭൂരേഖാ വകുപ്പ്, റിസര്‍വ് ബാങ്ക് തുടങ്ങിയവയുടെ ഫ്‌ളോട്ടുകള്‍ക്കു പിന്നാലെ പരിചമുട്ടുകളി, മയിലാട്ടം തുടങ്ങിയവ ഉണ്ടായിരുന്നു.
മൊത്തം 168 ഇനങ്ങളാണ് രാജപാതയിലൂടെ ഇഴഞ്ഞു നീങ്ങിയത്. ഫ്‌ളോട്ടുകള്‍ക്കിടയില്‍ വിവിധ കലാരൂപങ്ങള്‍ അവതരിപ്പിച്ചു പോകുന്ന രീതിയിലാണു ക്രമീകരിച്ചിരുന്നത്. ഘോഷയാത്ര രാത്രി ഒന്‍പതു മണിയോടെ കിഴക്കേക്കോട്ടയില്‍ സമാപിച്ചു.
ആകെ 3000 -ത്തോളം കലാകാരന്‍മാര്‍ അണിനിരന്ന ഘോഷയാത്രയില്‍ ഗുജറാത്തില്‍ നിന്നും മണിപ്പൂരില്‍ നിന്നുമുള്ള കലാരൂപങ്ങളും അണിനിരന്നിരുന്നു. കൂടാതെ ഓട്ടന്‍തുള്ളല്‍, കളരിപ്പയറ്റ്, മാര്‍ഗംകളി, തിരുവാതിര, പരിചമുട്ടുകളി, ചവിട്ടുനാടകം, ഒപ്പന, നങ്ങ്യാര്‍കൂത്ത് തുടങ്ങി പരമ്പരാഗത കലാരൂപങ്ങളും ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടി.
Discussion about this post