മുന്‍ കരസേന മേധാവി ജനറല്‍ വി.കെ. സിങിനെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ ആതീവ ഗൗരവകരമാണ്. കാശ്മീര്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ വി.കെ. സിങ് കോടികള്‍ മുടക്കിയെന്നും രാജ്യ തലസ്ഥാനത്ത് രാഷ്ട്രീയ നേതാക്കളുടെയടക്കം ഫോണ്‍ സംഭാഷണം ചോര്‍ത്താന്‍ ശ്രമിച്ചുവെന്നുമാണ് അദ്ദേഹത്തിനെതിരെ ഉയര്‍ന്നുവന്ന പ്രധാന ആരോപണം. വി.കെ. സിങ് കരസേനാ മേധാവിയായിരുന്നപ്പോള്‍ മിലിട്ടറി ഇന്റലിജന്‍സിനു കീഴില്‍ ടെക്ക്‌നിക്കല്‍ സര്‍വീസ് ഡിവിഷന്‍ രൂപവല്‍ക്കരിച്ചുകൊണ്ട് സൈന്യത്തിന്റെ അധികാര ശ്രേണി അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇതു സംബന്ധിച്ച് ലഫ്റ്റനന്റ് ജനറല്‍ വിനോദ് ഭാട്ടിയ അന്വേഷണം നടത്തി ഇക്കഴിഞ്ഞ മാര്‍ച്ചില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ അഞ്ചു മാസത്തോളം പൊടിയടിച്ചിരുന്ന റിപ്പോര്‍ട്ട് ഇക്കഴിഞ്ഞ ദിവസമാണ് ഒരു ഇംഗ്ലീഷ് ദിനപ്പത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്. ഇത് പ്രത്യക്ഷപ്പെട്ട സമയം വളരെ പ്രാധാന്യമര്‍ഹിക്കുന്നു. കാരണം ഹരിയാനയിലെ റിവാഡിയില്‍ നടന്ന വിമുക്ത ഭട റാലിയില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയോടൊപ്പം വി.കെ. സിങ് പങ്കെടുത്തതിനു പിന്നാലെയാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. ഇത് യാദൃശ്ചികമായി കാണാനാകില്ല.
വി.കെ. സിങ്ങിനോടുള്ള പ്രതികാര നടപടിയായാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടതെന്നാണ് ബി.ജെ.പി കുറ്റപ്പെടുത്തുന്നത് സി.ബി.ഐയെയും ഐ.ബിയെയുംപോലെ മിലിട്ടറി ഇന്റലിജന്‍സിനെയും വരുതിയിലാക്കാനുള്ള നീക്കമാണ് കോണ്‍ഗ്രസ് നടത്തുന്നതെന്നും ബി.ജെ.പി പറയുമ്പോള്‍ അതില്‍ സത്യമില്ലാതില്ല. പ്രതിരോധ സേനയുമായി ബന്ധപ്പെട്ട ഒരു വിഷയത്തെ കോണ്‍ഗ്രസ് രാഷ്ട്രീയ നേട്ടത്തിനായി ദുരുപയോഗം ചെയ്യുന്നു എന്നാണ് ഇപ്പോഴത്തെ സംഭവങ്ങളില്‍നിന്ന് പ്രാഥമികമായി വിലയിരുത്താന്‍ കഴിയുക.
രാഷ്ട്രസുരക്ഷ എന്തിനെക്കാളും പ്രധാനമാണ്. അക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമരുത്. താല്‍ക്കാലിക രാഷ്ട്രീയ നേട്ടങ്ങള്‍ക്കുവേണ്ടി പ്രതിരോധ സേനയെ ദുരുപയോഗം ചെയ്യുന്നത് മാപ്പര്‍ഹിക്കാത്ത തെറ്റാണ്. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണത്തിലൂടെ എന്താണ് ഉണ്ടായതെന്ന് കണ്ടെത്തേണ്ടതുണ്ട്. എന്നാല്‍ ഇത് കരസേനയുടെ മനോവീര്യത്തെ ബാധിക്കുന്ന തരത്തിലാകരുത്. പ്രത്യേകിച്ച് ഭാരതത്തിനു ചുറ്റും ശത്രുക്കള്‍ തക്കം പാര്‍ത്തിരിക്കുന്ന അവസരമാണ് ഇതെന്ന കാര്യം എല്ലാവരും ഓര്‍ക്കണം.
Discussion about this post