ലണ്ടന്‍: ലോകത്തില്‍ ഏറ്റവും വിലയേറിയ പുസ്‌തകം എന്ന ബഹുമതി ബേര്‍ഡ്‌സ് ഓഫ് അമേരിക്ക എന്ന പക്ഷിനിരീക്ഷണ ഗ്രന്ഥം ഒരിക്കല്‍ കൂടി കരസ്ഥമാക്കി. ലണ്ടനില്‍ നടന്ന ലേലത്തില്‍ 70 ലക്ഷം പൗണ്ടിനാ (ഏതാണ്ട് 50 കോടി രൂപ) ജെയിംസ് ഓഡുബോണ്‍ 19ാം നൂറ്റാണ്ടിലെഴുതിയ ഈ പുസ്‌തകത്തിന്റെ പ്രതി ബുധനാഴ്‌ച വിറ്റുപോയത്. ഇതേ പുസ്‌തകത്തിന്റെ വേറൊരു പ്രതി പത്തുവര്‍ഷം മുമ്പ് 60 ലക്ഷം പൗണ്ടിന് ലേലത്തില്‍ പോയിരുന്നു.
ലോകത്തിലെ ഏറ്റവും മികച്ച സചിത്ര ഗ്രന്ഥം എന്നു വിശേഷിപ്പിക്കപ്പെട്ട പുസ്‌തകത്തിന്റെ കേടുപാടുകളില്ലാത്ത 119 കോപ്പികളെ ഇപ്പോള്‍ അവശേഷിക്കുന്നുള്ളൂ. അതില്‍ 108ഉം വായനശാലകളുടെയും മ്യൂസിയങ്ങളുടെയും കൈവശമാണ്. ഹെസ്‌കെത് പ്രഭു എന്ന പുസ്‌തക പ്രേമിയുടെ കൈവശമുണ്ടായിരുന്ന കോപ്പിയാണ് ഇപ്പോള്‍ ലേലം ചെയ്‌തത്.
അമേരിക്കയിലെ പക്ഷികളുടെ സമ്പൂര്‍ണ വിവരങ്ങളടങ്ങിയ പുസ്‌തകത്തില്‍ ആയിരം മുഴുവലിപ്പ ജലച്ചായ ചിത്രങ്ങളുണ്ട്. 12 വര്‍ഷമെടുത്താണ് ഓഡുബോണ്‍ ഇവ വരച്ചുതീര്‍ത്തത്. മിഴിവ് ഒട്ടും ചോര്‍ന്നുപോകാതെയാണ് ഇവയുടെ പകര്‍പ്പ് പുസ്‌തകത്തില്‍ ചേര്‍ത്തത്. ഓഡുബോണ്‍ വരച്ച യഥാര്‍ഥ ചിത്രങ്ങള്‍ ന്യൂയോര്‍ക്കിലെ ഹിസ്‌റ്റോറിക്കല്‍ സൊസൈറ്റിയിലാണു സൂക്ഷിച്ചിരിക്കുന്നത്.
Discussion about this post