വ്യത്യസ്ഥ മതവിഭാഗങ്ങളില്‍പ്പെട്ടവരും വിവിധ വിശ്വാസപ്രമാണങ്ങള്‍ വച്ചു പുലര്‍ത്തുന്നവരും വസിക്കുന്ന നാടാണ് ഭാരതം. നാനാത്വത്തില്‍ ഏകത്വം എന്ന ആശയം ഭാരതത്തിന്റെ ചൈതന്യമായി പ്രസരിക്കുന്നതുകൊണ്ടാണ് ഈ നാട്ടില്‍ ന്യൂനപക്ഷങ്ങള്‍ക്ക് മറ്റുവിഭാഗങ്ങളോടൊപ്പം തോളോടുതോള്‍ ചേര്‍ന്നു ജീവിക്കാന്‍ കഴിയുന്നത്. ഭരണഘടന നല്‍കുന്ന ഉറപ്പ് ലഭിച്ചിട്ട് ആറുപതിറ്റാണ്ടു പിന്നിട്ടിട്ടേയുള്ളൂ. പക്ഷേ, നൂറ്റാണ്ടുകളായി വിവിധ മതവിഭാഗങ്ങളില്‍ പെട്ടവര്‍ സ്വന്തം വിശ്വാസപ്രമാണങ്ങള്‍ വച്ചുപുലര്‍ത്തുകയും ആരാധനാസ്വാതന്ത്ര്യം അനുഭവിച്ചുകൊണ്ടും ജീവിച്ചുവരികയാണ്. ന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേക അവകാശം ലഭിക്കുന്ന മറ്റൊരു രാഷ്ട്രവും ലോകത്തില്ല. ഈ പ്രത്യേക സാഹചര്യത്തെ ദുരുപയോഗം ചെയ്തുകൊണ്ടാണ് ന്യൂനപക്ഷങ്ങള്‍ എന്നും ഭരണഘടനയെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് അവകാശങ്ങളെക്കുറിച്ച് വീമ്പിളക്കാറുള്ളത്.
രാഷ്ട്രമെന്നനിലയില്‍ ഭാരതം നിലനിന്നാല്‍ മാത്രമേ, ന്യൂനപക്ഷങ്ങള്‍ക്ക് ഇന്നു ലഭിക്കുന്ന എല്ലാപരിരക്ഷയും അനുഭവിക്കാന്‍ കഴിയൂ. എന്നാല്‍ മുസ്ലീംസമുദായം പലപ്പോഴും ഉയര്‍ത്തിപ്പിടിക്കുന്ന മുസ്ലീംവ്യക്തിനിയമം ഒരുരാഷ്ട്രമെന്ന നിലയില്‍ ഭാരതത്തിന്റെ നിയമത്തെയും ഭരണഘടനയെയും ചോദ്യംചെയ്യുന്നതാണ്. അതുകൊണ്ടാണ് ബിജെപി വളരെക്കാലമായി ഏകീകൃതസിവില്‍ നിയമം വേണമെന്ന് വാദിക്കുന്നത്.
ഈ സാഹചര്യത്തിലാണ് പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 ആക്കി നിശ്ചയിച്ച നിയമത്തെ കോടതിയില്‍ ചോദ്യംചെയ്യാനുള്ള കേരളത്തിലെ ചില മുസ്ലീം സംഘടനകളുടെ നീക്കത്തെ കാണേണ്ടത്. മുസ്ലീം വ്യക്തിനിയമത്തില്‍ വിവാഹപ്രായം നിശ്ചയിച്ചിട്ടില്ല എന്നതിന്റെ മറവിലാണ് ഈ പ്രശ്‌നത്തെ കോടതിയിലേക്ക് വലിച്ചിഴയ്ക്കാന്‍ ശ്രമിക്കുന്നത്. ഓരോ മതത്തില്‍പ്പെട്ടവരും പ്രത്യേക വ്യക്തിനിയമത്തിനു കീഴില്‍ ജീവിക്കാന്‍ ശഠിച്ചാല്‍ ഭാരതമെന്ന് ജനാധിപത്യരാജ്യത്തിന്റെ സ്ഥിതി എന്താകുമെന്ന വിവേകം പോലുമില്ലാതെയാണ് അന്ധമായ മതവിശ്വാസത്തിന്റെ പേരില്‍ ചിലസംഘടകള്‍ എടുത്തുചാടുന്നത്. മുസ്ലീംലീഗിന്റെ പിന്തുണ ഇക്കാര്യത്തില്‍ ഉണ്ടെന്നതാണ് ലജ്ജാകരമായ വസ്തുത.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വിവാഹത്തിന്റെ പേരില്‍ കുരുതികൊടുക്കാനുള്ള മുസ്ലീംസഘടനകളുടെ നീക്കം പ്രാകൃതയുഗത്തിലേക്ക് ആ സമുദായത്തെ കൊണ്ടുപോകാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. മൊഴിചൊല്ലുന്നതിലൂടെ നരകയാതന അനുഭവിക്കേണ്ടിവരുന്ന പെണ്‍കുട്ടികളുള്ള ഒരു സമുദായത്തെ കൂടുതല്‍ ദൈന്യത്തിലേക്ക് തള്ളാന്‍ മാത്രമേ വിവാഹപ്രായം കുറയ്ക്കുന്നതിലൂടെ കഴിയൂ. മുസ്ലീം സമുദായത്തിലെ വിവേകമതികളായ നേതാക്കളും സാംസ്‌കാരിക പ്രവര്‍ത്തകരും മുന്നോട്ടുവന്ന് ഈ നീക്കത്തില്‍ നിന്ന് അവരെ പിന്തിരിപ്പിക്കുന്നതാണ് ഉത്തമം.
Discussion about this post