Sunday, July 6, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home സനാതനം

സഭാ പ്രവേശവും കംസവധവും (ഗര്‍ഗ്ഗഭാഗവതസുധ- ഭാഗം II )

by Punnyabhumi Desk
Sep 25, 2013, 03:54 pm IST
in സനാതനം

ചെങ്കല്‍ സുധാകരന്‍

1. സഭാ പ്രവേശവും കംസവധവും

ശ്രീകൃഷ്ണ വാര്‍ത്തകള്‍ കേട്ടുകേട്ട് കംസന്‍ ഭയചകിതനായി. രജകന്റെ തലയറുത്തതും ചാപം കാക്കുന്നവരെ വധിച്ചതുമറിഞ്ഞ് കൂടുതല്‍ വിഷണ്ണനായി. കംസന്‍, പല ദുര്‍നിമിത്തങ്ങളും കണ്ട് ഉത്കണ്ഠാകുലനായി. സ്വരക്ഷയ്ക്കായി ആലോചിച്ചു. ദ്വദ്ധ്വയുദ്ധത്തിനായുള്ള മല്ലന്മാരെ ഒരുക്കി നിര്‍ത്തുവാന്‍ മന്ത്രിക്കു കല്പന നല്‍കി. സഭാമണ്ഡപത്തിനു മുന്നില്‍ രംഗമണ്ഡപമൊരുക്കി. യുദ്ധം നേരില്‍ കാണത്തക്കവിധം സിംഹാസനമുറപ്പിച്ച്, കംസന്‍, അതിലിരിപ്പായി. പര്‍വതശ്ര്യംഗത്തില്‍ സിംഹമിരിക്കുന്നതുപോലെ.

Garga-IInd-slider-1-pbരാജസാന്നിദ്ധ്യം രംഗത്തിനു മോടികൂട്ടി. ഗായകര്‍ പാടി. വേശ്യകള്‍ നൃത്തമാടി. മൃദംഗഭേര്യാദിവാദ്യങ്ങള്‍ മുഴങ്ങി. സാമന്തരാജാക്കന്മാരും പ്രഭുക്കന്മാരും പൗരന്മാരും മല്ലയുദ്ധം കാണാനെത്തി. തങ്ങള്‍ക്കായി സജ്ജീകരിച്ച ആസനങ്ങളിലിരുന്നു. കംസന്‍ ക്ഷണിച്ചതനുസരിച്ചെത്തിയ നന്ദരാജനും മറ്റു ഗോപന്മാരും രാജാവിന് കാഴ്ചദ്രവ്യങ്ങള്‍ സമര്‍പ്പിച്ചു. തങ്ങള്‍ക്കു നിശ്ചയിച്ചിരുന്ന മഞ്ചങ്ങളിലിരുന്നു. മായാബാലന്മാരായ രാമകൃഷ്ണന്മാരും മല്ലയുദ്ധം കാണാനെത്തിച്ചേര്‍ന്നു.

ചാണുരന്‍, മുഷ്ടികള്‍, കൂടന്‍, ശലന്‍ മുതലായ മല്ലന്മാര്‍ തമ്മില്‍ത്തമ്മില്‍ ഗദായുദ്ധമാരംഭിച്ചു. അപ്പോഴാണ് ശ്രീകൃഷ്ണനും ബലരാമനും രംഗമണ്ഡപത്തിലേയ്ക്കു പ്രവേശിച്ചത്. ആ സമയം മദജലം സ്രവിക്കുന്ന കുവലയാപീഡമെന്ന ആനയെ മദ്യമത്തമാക്കി രംഗദ്വാരത്തില്‍ നിറുത്തിയിരുന്നു.

‘ഗജം കുവലയാപീഡം
അംഗദ്വാരമവസ്ഥിതം
വീക്ഷ്യകൃഷണോ മഹാമാത്രം’
പ്രാഹ ഗംഭീരയാഗിരാ. (അതുകണ്ട് ശ്രീകൃഷ്ണന്‍, മഹാമാത്രനെന്ന പാപ്പാനോട്, ഘനഗംഭീര സ്വരത്തില്‍ പറഞ്ഞു.) ആനയെമാറ്റി തനിക്കു വഴി നല്‍കണമെന്ന് ഭഗവാന്‍, ആവശ്യപ്പെട്ടു. അല്ലെങ്കില്‍ ആനയേയും ആനക്കാരനേയും അടിച്ചുവീഴ്ത്തുമെന്നും അറിയിച്ചു. ആ വാക്കുകളാരും ചെവിക്കൊണ്ടില്ല. എന്നുമാത്രമല്ല, ആനയെ, ശ്രീകൃഷ്ണന്റെനേര്‍ക്ക് അയയ്ക്കുകയും ചെയ്തു. ആ ഗജവീരന്‍.

‘ഗൃഹീത്വാ തം ഹരിം സദ്യ:
ശുണ്ഡാ ദണ്ഡേന നാഗരോട്
ഉജ്ജഹാര തതസ്തസ്മാത്
നിര്‍ഗതോ ഭാരഭൃത് ഹരി:’

(ഭഗവാനെ തുമ്പിക്കൈ കൊണ്ട് തൂക്കിയെടുത്തു. ഭാരമധികമാകയാല്‍ അതിന്, കൃഷ്ണനെ, ഉയര്‍ത്തുവാന്‍ കഴിഞ്ഞില്ല. ഭഗവാന്‍ ആനയുടെ പിടിയില്‍ നിന്ന് നിര്‍ഗമിച്ചു.) കുവലയാപീഡം പിന്‍വാങ്ങിയില്ല. അതു വീണ്ടും ഭഗവാനെ തുമ്പിക്കൈകൊണ്ടു പിടിച്ചു. കൃഷ്ണന്‍ തട്ടിമാറ്റി. ആന പലവിധത്തിലും ഉപദ്രവിക്കാന്‍ ശ്രമിച്ചു. ഓടിയും തിരിഞ്ഞും മറിഞ്ഞും തുടര്‍ന്നു. കൃഷ്ണന്‍ അതിപടുതയോടെ പിടിയില്‍പ്പെടാതെ രക്ഷപ്പെട്ടു. മുഷ്ടിപ്രഹരമേല്പിച്ച് ആനയെ വശം കെടുത്തി. കണ്ടു നിന്ന ബലരാമന്‍ ആനയെ വാലില്‍ പിടിച്ചെടുത്തു ചുഴറ്റി. ഭഗവാനും ആനയെ കിണറ്റിലെ കയര്‍ ചുഴറ്റുന്നപോലെ കറക്കി.

ബലരാമകൃഷ്ണന്മാരുടെ മര്‍ദനമേറ്റ് ആന വിറച്ചുപോയി. മഹാമാത്രനും ആറേഴാനക്കാരും കുവലയപീഡത്തിന്റെ പുറത്തുകയറി. മഹാമാത്രന്‍, വേറേ ചില ആനകളേയും കൂട്ടി, അവയെ രാമകൃഷ്ണന്മാരുടെ നേരേ പായിച്ചു. ശ്രീഭഗവാന്‍ വീണ്ടും കുവലയാപീഡത്തെ തുമ്പിക്കൈയില്‍പ്പിടിച്ച് പമ്പരം പോലെ കറക്കി. പിന്നീട് ‘പോതയാമാസ ഭൂപൃഷ്‌ഠേ കമണ്ഡലുമിവാര്‍ഭക’ (കുട്ടികള്‍ മണ്‍കുടം നിലത്തെറിയുന്നപോലെ, അതിനെ, നിലത്തേയ്‌ക്കെറിഞ്ഞു.) ആനക്കാര്‍ തെറിച്ചുവീണു. കുവലയപീഡം കാലഗതി പ്രാപിക്കുകയും ചെയ്തു. ആ മദഗജത്തിന്റെ ശരീരത്തില്‍ നിന്ന് ഒരു ജ്യോതിസ്സുയര്‍ന്ന് ഭഗവാനില്‍ ലയിച്ചു. രാമകൃഷ്ണന്മാര്‍ ആനയുടെ കൊമ്പുകളിളക്കിയെടുത്ത്, മഹാമാത്രനെ, അടിച്ചുകൊന്നു. ഭീതരായ മറ്റു പാപ്പാന്മാരും ആനകളും ഓടിയൊളിച്ചു.

മല്ലന്മാരോടും കുവലയപീഡത്തോടുമെതിര്‍ത്ത്, ജയിച്ച്, കായക്ലേശത്താല്‍ ചുവന്ന മുഖത്തോടുകൂടിയ ഭഗവാനേയും ബലരാമനേയും കണ്ട് മഥുരാവാസികള്‍ അദ്ഭുതപരതന്ത്രരായി. ആനയുടെ കൊമ്പും തോളിലേന്തി രംഗപ്രവേശം ചെയ്ത കൃഷ്ണനെ ഓരോരുത്തര്‍ക്കും ഓരോന്നായി തോന്നി.

‘മല്ലാശ്ചമല്ലം ച നരാ നരേന്ദ്രം
സ്ത്രിയ: സ്മരം ഗോപഗണാ: വ്രജേശം
പിതാസുതം ദണ്ഡധരം ഹൃസന്തോ
മൃത്യംച കംസോ വിബുധാ: വിരാജം
തത്ത്വംപരം യോഗവിരാശ്ച ഭോഗാ
ദേവം തദാ രംഗഗതം ബലേന
പൃഥക് പൃഥക് ഭാവനയാഹ്യപശ്യന്‍
സര്‍വേ-ജനാസ്തം പരിപൂര്‍ണ ദേവം’

(മല്ലന്മാര്‍ക്കു മല്ലനായും പ്രജകള്‍ക്കു രാജാവായും സുന്ദരിമാര്‍ക്ക് കാമദേവനായും ഗോപന്മാര്‍ക്ക് പ്രജനാഥനായും കംസന് തന്റെ അന്തകനായും നീചകന്മാര്‍ക്ക് ശിക്ഷകനായും പിതാവായ നന്ദന് പുത്രനായും യോഗികള്‍ക്ക് പരമതത്ത്വമായും ദേവന്മാര്‍ക്ക് വിരാട് പുരുഷനായും പരിപൂര്‍ണതമനായ കൃഷ്ണന്‍ കാണപ്പെട്ടു.) അവിടെയെത്തിയവര്‍ക്കെല്ലാം സന്തോഷമായി. അവര്‍ രാമകൃഷ്ണന്മാരെ പരമപുരുഷന്മാരായിക്കണ്ട് വാഴ്ത്തി! വ്രജമണ്ഡലം ആ യാദവ ബാലന്മാരാല്‍ ധന്യമായി എന്ന് അവര്‍ പറഞ്ഞു. ‘ഇവരെ കാണാന്‍ കഴിഞ്ഞതുപോലും നമ്മുടെ പുണ്യമാണ്. ഹേ രാമാ, ഹേ കൃഷ്ണാ, നിങ്ങള്‍ അതിബലവാന്മാരാണ്. രാജസന്നിധിയില്‍ വച്ച് നിങ്ങളുടെ സാമര്‍ത്ഥ്യം തെളിയിച്ചാലും. രാജാവ് സന്തോഷിക്കട്ടെ, മല്ലയുദ്ധം തുടര്‍ന്നാലും. നിങ്ങള്‍ വെറും കുട്ടികളല്ല. ബലവാന്മാരാണ്. എത്രയും ലാഘവത്തോടെയാണല്ലോ, നിങ്ങള്‍സ ആ ബലവാനായ ആനയെക്കൊന്നത്!’

തുടര്‍ന്ന് ഭഗവാന്‍, ചാണൂരന്‍, തോശലന്‍ മുതലായ മല്ലന്മാരോട് യുദ്ധത്തിലേര്‍പ്പെട്ടു. അവരെ വധിച്ചു. ശേഷിച്ച മല്ല സംഘം ജീവനില്‍ കൊതിപൂണ്ട് ഓടിയൊളിച്ചു. ആ മല്ലരംഗത്തില്‍, കൃഷ്ണന്‍, ശ്രീദാമാവ് തുടങ്ങിയ മിത്രങ്ങളുമായി, കേളിയായി, ദ്വന്ദ്വയുദ്ധം നടത്തി. കാണികള്‍ ദുന്ദുഭീഘോഷസഹിതം ജയജയാരവം മുഴക്കി.

തന്റെ കാപട്യങ്ങള്‍ ഫലിക്കാതെ വന്നതില്‍ കംസന് ഇച്ഛാഭംഗമുണ്ടായി. കോപം വര്‍ദ്ധിച്ചു. ദുന്ദുഭിഘോഷം മുഴക്കി ആനന്ദിച്ച ജനങ്ങളോട് ക്രുദ്ധനായി. കംസന്‍ ഭടന്മാരോട് ഉറക്കെ പറഞ്ഞു:- ‘ഈ വസുദേവപുത്രന്മാരെ രാജ്യത്തില്‍ നിന്ന് നിഷ്‌കാസനം ചെയ്‌വിന്‍. വ്രജവാസികളുടെ ധനമെല്ലാം അപഹരിപ്പിന്‍! പിതാവായ ഉഗ്രസേനന്റെയും വസുദേവന്റെയും ശിരച്ഛേദം ചെയ്വിന്‍! നന്ദഗോപനെ ബന്ധിപ്പിന്‍! വൃഷ്ണികളെല്ലാം വധിക്കപ്പെടട്ടെ!’ ആ കംസന്റെ അക്രോശം ഉച്ചത്തില്‍ കേള്‍ക്കായി. ശ്രീഭഗവാന് കോപമുയര്‍ന്നു. ക്രോധാവിഷ്ടനായ കൃഷ്ണന്‍ കംസമഞ്ചത്തിലേയ്ക്കു ചാടിക്കയറി. മദമത്തനായ കംസന്‍ തന്റെ അന്തകനെ നേരില്‍ക്കണ്ടു ഭയന്ന്, അധിക്ഷേപവാക്കുകള്‍ ചൊരിഞ്ഞ് വാളും പരിചയുമായി കൃഷ്ണന്റെ നേര്‍ക്കു ചീറിയടുത്തു. വിഷമാളുന്ന ഘോരസര്‍പ്പത്തെ ഗുരുത്മാനെന്നപോലെ ശ്രീകൃഷ്ണന്‍ വാളും പരിചയുമടക്കം കംസനെ, കൈകളാലടക്കിപ്പിടിച്ചു. രണ്ടു സിംഹങ്ങളെപ്പോലെ അവര്‍ ക്രുദ്ധിച്ച് പോരടിച്ചു. ഭഗവാന്‍, ആ ദൈത്യേന്ദ്രനെ സര്‍വശക്തിയും സമാഹരിച്ച്, എടുത്തുയര്‍ത്തി, ആകാശത്തില്‍ വട്ടത്തില്‍ ചുഴറ്റി. ഊക്കോടെ മഞ്ചത്തിലേയ്‌ക്കെറിഞ്ഞു. കംസന്റെ ശരീരഭാരം താങ്ങാനാകാതെ, മഞ്ചം ഞെരിഞ്ഞുപോയി. ആ ദുഷ്ടന്‍ വീണ്ടും എഴുന്നേറ്റ് കൃഷ്ണനോടേറ്റു. കൃഷ്ണന്‍ കംസന്റെ മേല്‍ ചാടി വീണു. ഇരുവരുമൊരുമിച്ച് ഭൂമിയില്‍ പതിച്ചപ്പോള്‍ ആ ഭൂഭാഗം കുഴിഞ്ഞുപോയി. ഭൂമണ്ഡലം വിറച്ചുപോയി.

‘സംപരേതം ഭോജരാജം
ഭൂമിം തം വിചകര്‍ഷഹ
യഥാമൃഗേന്ദ്രോ നാഗേന്ദ്രം
സര്‍വേഷാം പശ്യതാം നൃപ!’ (മഹാരാജന്‍, ശ്രീകൃഷ്ണന്‍, മരിച്ചുകിടന്ന കംസനെ, ആനയെ സിംഹം വലിച്ചിഴയ്ക്കുന്നതുപോലെ, ഏവരും കാണ്‍കെ, വവിച്ചിഴച്ചു.) അപ്പോള്‍ കംസന്റെ എട്ടുസഹോദരന്മാര്‍ കൃഷ്ണരാമന്മാര്‍ക്കു നേരേ ചാടിവീണു. സൃഷ്ടി, സുനാമാവ്, നൃഗ്രോധന്‍, കുങ്കന്‍, ശങ്കു, തുഹു, തുഷ്ടിമാന്‍, രാഷ്ട്രപാലന്‍ എന്നീ കംസസോദരന്മാരെ ഭഗവാനും ബലനും മുഷ്ടിപ്രഹരത്താല്‍ വധിച്ചു. ദേവന്മാര്‍ മംഗളവാദ്യം മുഴക്കി. ജയജയ എന്ന് വിജയം ആശംസിച്ചു. രാമകൃഷ്ണന്മാരുടെ മേല്‍ പുഷ്പവൃഷ്ടിയും നടത്തി. വിദ്യാധരികള്‍ നൃത്തം ചെയ്തു. ഗന്ധര്‍വ്വന്മാര്‍ കൃഷ്ണസ്തുതികള്‍ പാടിപ്പുകഴ്ത്തി. ബ്രഹ്മാവും മുനിമാരും വിമാനങ്ങളിലേറി വന്ന് വേദങ്ങള്‍ ചൊല്ലി. കംസനെ വധിച്ചതില്‍ സജ്ജനങ്ങളെല്ലാം ആഹ്ലാദിച്ചു.

കംസ സഭയിലേയ്ക്കുള്ള ശ്രീകൃഷ്ണപ്രവേശം സംഭവബഹുലമായ ഒരു രംഗമണല്ലോ? പലപലയുദ്ധങ്ങള്‍! വധങ്ങള്‍! എല്ലാ കഥകള്‍ക്കുമുണ്ട് ഓരോ പൂര്‍വകാരണം. ഗര്‍ഗാചാര്യര്‍ അതു വ്യക്തമാക്കുന്നു. അതാണല്ലോ വ്യാസഭാഗവതത്തില്‍ നിന്ന് ഗര്‍ഗഭാഗവതത്തെ വ്യത്യസ്തമാക്കുന്നതും. മഥുരാപ്രവേശഘട്ടം മുതല്‍ കംസവധംവരെയുള്ള സംഭവപരമ്പരകളില്‍ രജകന്‍, കുബ്ജ, തുന്നല്‍ക്കാരന്‍, മാലാകാരന്‍, കുവലയാപീഡം, ചാണുരാദികള്‍, കംസാനുജന്മാര്‍ എന്നിവര്‍ കൂടുതല്‍ ശ്രദ്ധയര്‍ഹിക്കുന്നു.

ഭഗവത് സ്പര്‍ശത്തില്‍ മുക്തി നേടാനിറങ്ങിയ കുബ്ജയ്ക്ക് ആ ഭാഗ്യമുണ്ടാകാന്‍ കാരണമെന്തെന്ന് ബഹുലാശ്വമഹാരാജാവ് നാരദരോട് ചോദിച്ചപ്പോള്‍ മഹര്‍ഷി, കുബ്ജാചരിത്രം രാജാവിനെ അറിയിച്ചു. അവള്‍ പൂര്‍വ്വജന്മത്തില്‍ രാക്ഷസിയായ ശൂര്‍പ്പണഖയായിരുന്നത്രേ! പഞ്ചവടിയില്‍ വച്ച് ശ്രീരാമനെക്കണ്ട് അവള്‍ പ്രേമപരവശയായി. ലക്ഷ്മണനാല്‍ ക്ഷതാംഗയായ അവള്‍ക്ക്, മനസ്സിലാണധികം ക്ഷതമേറ്റത്. അവള്‍ പിന്നീട്, പതിനായിരം വര്‍ഷം, ശ്രീരാമപ്രാപ്തിയുദ്ദേശിച്ച് ജലതപസ്സു ചെയ്തു. ശ്രീമഹാദേവന്‍ പ്രത്യക്ഷപ്പെട്ട്, ദ്വാപരാന്തത്തില്‍ ശൂര്‍പ്പണഖമനോരഥം സാധിക്കുമെന്നനുഗ്രഹിച്ചു. ആ പാവനപ്രേമമാണ് മഥുരയില്‍ സാര്‍ത്ഥകമായത്. ഭഗവാന്‍ കംസവധാനന്തരം കുബ്ജാ ഗൃഹത്തിലെത്തി അവളോടൊപ്പം കുറച്ചുനാള്‍ താമസിച്ചു. ഈശ്വരങ്കലുണ്ടാകുന്ന പ്രേമം ഭക്തിയല്ലാതെന്താണ്? അത് ദീര്‍ഘകാല തപസ്സുപോലെ സൂക്ഷിച്ച ഭക്തനെ/യെ തന്നോടു ചേര്‍ത്തു എന്നതാണിതിലെ സാരം!

ബഹുലാശ്വന്റെ ജിജ്ഞാസ രജകനിലേയ്ക്കായി. അയാളുടെ പൂര്‍വജന്മമറിയണമെന്നാഗ്രഹിച്ചു. രജകന്‍ വധിക്കപ്പെട്ടപ്പോള്‍ അവനില്‍ നിന്നൊരു ജ്യോതിസ്സ് ശ്രീകൃഷ്ണനില്‍ ലയിച്ചതിനുള്ള കാരണവുമന്വേഷിച്ചു. മഹാമുനി രാജാവിന്റെ ഇംഗിതവും സാധിച്ചു കൊടുത്തു. ത്രേതായുഗത്തില്‍ സീതയെക്കുറിച്ച് അപവദിച്ച ഒരു രജകനെപ്പറ്റി രാമായണത്തില്‍ പറയുന്നു. അതനുസരിച്ചാണല്ലോ രാമന്‍, സീതാപരിത്യാഗം ചെയ്തത്. അന്ന് അവനെ, രാമന്‍ ശിക്ഷിച്ചില്ല. അതേ രജകനാണ് ദ്വാപരയുഗത്തില്‍ മഥുരയില്‍ പിറന്നത്. ദുര്‍വ്വാക്യം മഹാപാതകമാണ്. അതു ചെയ്തവന് ശിക്ഷകിട്ടിയേ പറ്റൂ! അതിനാണ് ശ്രീകൃഷ്ണഭഗവാന്‍, ആ നീചനെ വധിച്ചത്. എന്നാലും കാരുണ്യനിധിയായ ഭഗവാന്‍ അവന് മോക്ഷം നല്‍കി. സദ്ഭാവത്തലോ കുഭാവത്തിലോ എങ്ങനെയായാലും ഈശ്വരനുമായി ബന്ധപ്പെട്ടാല്‍ ഫലമുണ്ടാകാതിരിക്കയില്ല. അപവദിക്കനായിട്ടാണെങ്കിലും ഈശ്വരനോടു ബന്ധപ്പെട്ട രജകന് മോക്ഷം ലഭിച്ചു എന്ന് സാരം! രജകനില്‍ നിന്നുയര്‍ന്ന ജ്യോതിസ്സ് ശ്രീകൃഷ്ണനില്‍ ലഭിച്ചതിന്റെ കാര്യകാരണബന്ധം ഇവിടെ സ്പഷ്ടമാണല്ലോ?

തുന്നല്‍ക്കാരന്റെ കഥയും ഇത്തരുണത്തില്‍ സ്മര്‍ത്തവ്യമാണ്. ശ്രീകൃഷ്ണന്‍ സാരൂപ്യം നല്‍കി അനുഗ്രഹിച്ച അയാള്‍ക്കുമുണ്ടിതുപോലൊരു പൂര്‍വ്വകഥ! ത്രേതായുഗത്തില്‍ സീതാസ്വയംവരത്തില്‍, ശ്രീരാമന് വിവാഹവസ്ത്രം തുന്നിക്കൊടുത്തവനായിരുന്നു അയാള്‍! താന്‍ ഒരുക്കിയ വസ്ത്രം ഭഗവാന്‍ ധരിച്ചുകണ്ടപ്പോള്‍, തുന്നല്‍ക്കാരന് തന്റെ പണിയില്‍ തൃപ്തിവന്നില്ല. ഭഗവാന്റെ യോഗ്യതയ്ക്കനുസരിച്ച് കൂടുതല്‍ നന്നായി തുന്നിക്കൊടുക്കാന്‍ അയാള്‍ താല്പര്യപ്പെട്ടു. സര്‍വ്വാന്തര്യാമിയായ ഭഗവാന്‍ അതറിഞ്ഞ് ദ്വാപരാന്തത്തില്‍ അവന്റെ ആഗ്രഹം സാദ്ധ്യമാകുമെന്ന് മനസാ അനുഗ്രഹിച്ചു. ശ്രീരാമപ്രസാദത്താല്‍ അയാള്‍ മഥുരയില്‍ ജനിച്ചു. രാമകൃഷ്ണാദികള്‍ക്ക് ഉചിതവസ്ത്രം ശരീരത്തിനിണങ്ങും വിധം തുന്നി ധരിപ്പിച്ചു. ഈശ്വരാനുഗ്രഹത്താല്‍ ഭഗവത്‌സാരൂപ്യം നേടുകയും ചെയ്തു!

ഭഗവാനിണങ്ങുന്ന വസനമേതാണ്? ഭക്തി! ഭക്തന്റെ ജപം, അര്‍ച്ചനം, സ്തുതി ഇവയെല്ലാം ഭഗവാനെ ആച്ഛാദനം ചെയ്യുന്നു. ഭക്തിയാകുന്ന നൂലാണ് മേല്‍ക്കുമേല്‍ പിണഞ്ഞ് ഭഗവദ്രൂപത്തിനിണങ്ങിയ വസ്ത്രമായി മാറുന്നത്. രൂപഭംഗി മനഃകണ്ണാലാസ്വദിച്ച്, ആ രൂപം തന്നെ മനസ്സിലുറപ്പിച്ച് ഭക്തന്‍ നിര്‍വൃതി നേടുന്നു. അതാണ് തുന്നല്‍ക്കാരന്‍ നേടിയ സാരൂപ്യമുക്തി. എല്ലാം മറന്ന് ഭക്തിയില്‍ മുഴുകി ആനന്ദമനുഭവിക്കലാണത്. സോfഹം എന്ന ഭാവത്തിലെ ഒന്നാകല്‍! അതിലുമപ്പുറം ഒരു മോക്ഷമേത്?

ബഹുലാശ്വമഹാരാജാവ് മാല്യക്യത്തിന്റെ പുണ്യകാരണവുമന്വേഷിച്ചു. അവന്റെ പൂര്‍വ്വകഥയും, നാരദര്‍ഷി, രാജാവിന് പറഞ്ഞുകൊടുത്തു. ആ കഥയിങ്ങനെ. വൈശ്രവണന്റെ ചൈത്രരഥമെന്ന ഉദ്യാനത്തില്‍ ഒരു കാവല്‍ക്കാരനുണ്ടായിരുന്നു. ഹേമമാലി എന്ന പേരില്‍. അയാള്‍ ശാന്തനും സത്‌സംഗനിരതനും വിഷ്ണുഭക്തനുമായിരുന്നു. ഭവമോചനമാഗ്രഹിച്ച് നിത്യപൂജ ചെയ്ത് മഹാദേവനെ ആരാധിച്ചു പോന്നു. ഒരു ദിവസമയാള്‍ നിത്യപൂജയര്‍പ്പിച്ച ശേഷം മഹാദേവനെ പ്രദക്ഷിണം ചെയ്തിട്ട് സവിനയമിങ്ങനെ അഭ്യര്‍ത്ഥിച്ചു:- ഭഗവാനെ, പരിപൂര്‍ണതമനായ ശ്രീകൃഷ്ണന്‍ എന്റെ ഗൃഹത്തില്‍ വന്നു കാണാന്‍ എനിക്കാഗ്രഹമുണ്ട്. അതിന്നായനുഗ്രഹിക്കണേ! എന്ന് ദ്വാപരാന്തത്തില്‍ മഥുരയില്‍ വച്ച് ഹേമമാലിയുടെ ആഗ്രഹം സാധ്യമാകുമെന്ന് ദേവദേവന്‍ അനുഗ്രഹിച്ചു. ആ ഹേമമാലിയാണ് മഥുരയില്‍ വച്ച് ശ്രീകൃഷ്ണ ഭഗവാന് പുഷ്പമാല്യം നല്‍കി, അദ്ദേഹത്തിന്റെ പ്രീതിക്കു പാത്രമായത്. ശിവവാക്യം സത്യമാക്കാന്‍ സുദാമാവെന്ന ആ മാലാകാരന്റെ വീട്ടില്‍, കൃഷ്ണന്‍ രാമനും കൂട്ടരുമായി ചെന്ന് ഭക്തന്റെ ഇഷ്ടം സാധിതമാക്കി.

സുദാമാവ് എന്നാല്‍ ഭക്താഗ്രണി എന്നാണ് മനസ്സിലാക്കേണ്ടത്. മാനസകുസുമദലങ്ങളെ ഭക്തിയാകുന്ന ചരടില്‍ കോര്‍ത്ത് (സങ്കല്പത്തില്‍) ഭഗവാനു ചാര്‍ത്തുന്നവരാണ് യഥാര്‍ത്ഥ ഭക്തന്മാര്‍! എന്നും ചെയ്യുന്ന പൂജയാണത്! മുന്നൂറ് താമരപ്പൂവ് അര്‍പ്പിച്ചുവെന്നത് ദിവസവുമുള്ള മാനസാര്‍പ്പണത്തെയാണ് സൂചിപ്പിക്കുന്നത്. ഭഗവാന്‍ തന്റെ ഗൃഹത്തില്‍ എത്തണമെന്ന ആഗ്രഹം, ഈശ്വരന്‍ ഭക്തമനസ്സില്‍ നിത്യവും വിളങ്ങണമെന്നതാണ്. അയ്യായിരം വര്‍ഷം ചെയ്ത പൂജ, ഭക്ത തപസ്സിന്റെ നൈരന്തര്യമാണ്. ഭക്തിയാകുന്ന ചരടാണീകഥയിലെ ദാമം! ശ്രേഷ്ഠ ഭക്തന്‍ സുദാമന്‍ തന്നെ. മാല്യക്യത്തിന്റെ ഭഗവദ്ഭക്തിയെ, സാക്ഷാല്‍ ഭക്തന്‍ ഈശ്വരനെ ഹൃദയക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കുന്നതിന്റെ സ്ഥൂലാവിഷ്‌ക്കാരമായി വേണം മനസ്സിലാക്കാന്‍!

സൂക്ഷ്മതത്ത്വത്തിന് കൂടുതല്‍ സൗകര്യമുള്ള ഒരു കഥയാണ് കുവലയാപീഡത്തിന്റേത്. കുവലയമെന്നാല്‍ ഭൂമി എന്നൊരു വിശേഷാര്‍ത്ഥമുണ്ട്. കുവലയത്തെ പീഡിപ്പിക്കുന്ന-ലോകത്തെ/ലോകരെ പീഡിപ്പിക്കുന്നത് എന്നൊരര്‍ത്ഥതലവും ഇക്കഥയിലുണ്ട്. പുരാണകഥ കോവിദനായ നാരദനോട്, ബഹുലാശ്വന്‍, കുവലയാപീഡത്തെക്കുറിച്ചും ആരാഞ്ഞു. നാരദന്‍ പറഞ്ഞപ്രകാരം ആ മദഗജത്തിന്റെ പൂര്‍വകഥ ഇപ്രകാരം – പണ്ട്, മഹാബലിക്ക് മന്ദഗതി എന്നൊരു പുത്രനുണ്ടായിരുന്നു. അയാള്‍ മഹാകായനും ലക്ഷം ആനകളുടെ ബലമുള്ളവനും സര്‍വാസ്ത്ര പാരംഗതനുമായിരുന്നു. ജനങ്ങള്‍ക്കിടയിലൂടെ കൈയും വീശി സാധുക്കള്‍ക്കുപോലും തടസ്സമുണ്ടാക്കിക്കൊണ്ട് ആനയെപ്പോലെ, അവന്‍ നടക്കാറുണ്ടായിരുന്നു. ഒരിക്കല്‍, മദോന്മത്തനായ മന്ദഗതിയുടെ നീട്ടിവീശിയ കൈകള്‍, ത്രിതന്‍ എന്ന മഹാമുനിയുടെ ശരീരത്തിലേറ്റു! ക്രുദ്ധനായ മുനി, മദോന്മത്തനായി ആനയെപ്പോലെ നടക്കുന്ന നീ ഒരാനയായിത്തീരട്ടെ എന്നു ശപിച്ചു. അപകടമറിഞ്ഞ മന്ദഗതി ത്രിതമുനിയെ വണങ്ങി, മാപ്പിരന്നു. സന്തുഷ്ടനായ മഹാമുനി, ദ്വാപരാന്തത്തില്‍ മഥുരാപുരിയില്‍ വച്ച് ശ്രീകൃഷ്ണ ഭഗവാനില്‍ മുക്തി ലഭിക്കുമെന്നറിയിച്ചു. ആ മന്ദഗതിയാണ് പതിനായിരം ആനകളുടെ ബലത്തോടുകൂടി വിന്ധ്യാചല പ്രദേശങ്ങളില്‍ ജനിച്ച കുവലയാപീഡം. മറ്റു ഭാഗവതകഥകള്‍ പോലെ ഇതിലും സൂക്ഷ്മാര്‍ത്ഥം നിഗൂഹനം ചെയ്തിട്ടുണ്ട്. ആന ദേഹാഭിമാനത്തിന്റെ പ്രതീകമാണ്. കൈയും വീശി പരോദ്രവമേല്പിച്ചു. നടന്ന മന്ദഗതി അതിന്റെ മൂര്‍ത്തിമദ്ഭാവമാണ്. അഹങ്കാരം അധഃപതനത്തിലേ കലാശിക്കൂ എന്ന തത്ത്വപ്രകാരം മന്ദഗതിക്ക് നാശം വന്നു. ത്രിതന്‍ കാരണമായി. ത്രിതന്‍-ത്രിലോക ദുഃഖങ്ങളേയും തരണം ചെയ്തവനെന്നും ആധിത്രയങ്ങളേയും കടന്നവനെന്നും ത്രിപുടീതരണംചെയ്ത യോഗിവര്യനെന്നും അര്‍ഥം പറയാം. അത്തരം യോഗിയോടുള്ള സമ്പര്‍ക്കം ദുഷ്ടനേയും ശിഷ്ടനാക്കും. മന്ദഗതിക്കേറ്റ ശാപം അനുഗ്രഹമായതങ്ങനെയാണ്. മദമത്തനായ ഗജവീരന് ശരീരാഭിമാനം നഷ്ടപ്പെട്ട് – ശ്രീകൃഷ്ണ താഡനകളാല്‍ – സായൂജ്യം ലഭിച്ചു. സര്‍വ്വജീവികളുടേയും ലക്ഷ്യം നാരായണനാണല്ലോ?’ മന്ദഗതിയും തന്റെ ആനരൂപം വെടിഞ്ഞ് സര്‍വേശ്വരനില്‍ ലയം പ്രാപിച്ചു. ഭഗവാന്‍ ശ്രീകൃഷ്ണന്റെ അവതാരോദ്ദേശ്യവും ഇതിലൂടെ സാധ്യമാക്കിയിരിക്കുന്നു. കുവലയത്തെ പീഡയേല്പിച്ച ദുഷ്ടശക്തിയെ നിഗ്രഹിച്ചതിലൂടെ.

കംസനെപ്പറ്റി അന്യത്രവിശദമായി പറഞ്ഞിട്ടുണ്ട്. അയാളുടെ കൂട്ടുകാരായ ചാണുരാദി മല്ലന്മാരും രാഷ്ട്രപാലാദ്യസുജന്മാരും ഈ കഥാസന്ദര്‍ഭത്തില്‍ ശ്രദ്ധേയമാണ്. നാശകാരികളായ കംസന് ദുര്‍ജനസംസര്‍ഗ്ഗം സ്വാഭാവികം. ആ നിലയിലുള്ള സ്ഥൂലമായ അര്‍ഥവും ഇവിടെ യോജിക്കുന്നു. ദുഷ്ടശക്തികള്‍ ഒന്നിക്കും എന്ന തത്ത്വപ്രകാരം മറ്റൊര്‍ത്ഥത്തില്‍ ആറുമല്ലന്മാര്‍ ഷഡ്‌വികാരങ്ങളും കംസസോദരന്മാരെട്ടും അഷ്ടരാഗങ്ങളുമാണ്. ഭഗവത് സാമീപ്യത്തില്‍ ഇവയ്ക്കു സ്ഥാനമില്ല. അവയെല്ലാം നിസ്‌തേജമാകും. അതോടെ നാശകാരിയുടെ (കംസന്റെ) പതനവും പൂര്‍ണമാകുന്നു. അതിനകം ശരീരാഭിമാനം-കുവലയാപീഡം-നശിച്ചിട്ടുണ്ടാവും. ഭക്തിയാലഭിവൃദ്ധമാകുന്ന യോഗനിഷ്ഠയിലെ വികാസവും ദുര്‍വാസനയുടെ നാശവുമാണ് ഈ ഭാഗവതകഥയിലേയും തത്ത്വമെന്ന് സൂക്ഷ്മാവലോകത്തില്‍ മനസ്സിലാക്കാവുന്നതാണ്.
—————————————————————————————————————————-
ഗ്രന്ഥകര്‍ത്താവിനെക്കുറിച്ച്:-

ചെങ്കല്‍ സുധാകരന്‍
1950 മാര്‍ച്ച് ഏഴാം തീയതി നെയ്യാറ്റിന്‍കര താലൂക്കിലെ ചെങ്കല്‍ ദേശത്ത് കുറ്ററക്കല്‍ വീട്ടില്‍ ജനനം. പരേതരായ ആര്‍.ഗോവിന്ദപ്പിള്ളയും വി.ഭാര്‍ഗവി അമ്മയും അച്ഛനമ്മമാര്‍. കേരള സര്‍വകലാശാലയില്‍ നിന്നും മലയാളസാഹിത്യത്തില്‍ എം.എ, എം.ഫില്‍, ബിഎഡ് ബിരുദങ്ങള്‍ നേടി. ചേര്‍ത്തല എന്‍.എന്‍.എസ് കോളേജിലും വിവിധ സര്‍ക്കാര്‍ കലാലയങ്ങളിലും ജോലി ചെയ്തു. 2005 മാര്‍ച്ചില്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ അധ്യാപകനായി വിരമിച്ചു. ഇപ്പോള്‍ ഏറ്റുമാനൂരപ്പന്‍ കോളേജിലെ മലയാളവിഭാഗത്തില്‍ ജോലിചെയ്യുന്നു. അഗ്രപൂജ എന്നപേരില്‍ ഒരു കാവ്യം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാളത്തിലെ ആനുകാലികങ്ങളില്‍ കവിതകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചു വരുന്നു.

തിരുവനന്തപുരം സര്‍ക്കാര്‍ കോളേജിലെ ചരിത്രവിഭാഗം അധ്യാപികയായിരുന്ന ഡോ.ആര്‍ .അയിഷ ,ഭാര്യ. മക്കള്‍ : മാധവന്‍ , ഗായത്രി.

വിലാസം: ഗായത്രി, ടി.സി. 6/199 – 7, സൗപര്‍ണ്ണികാ ഗാര്‍ഡന്‍സ്, നേതാജി റോഡ്,വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം – 695 013,

മൊബൈല്‍: 9447089049

 

ShareTweetSend

Related News

സനാതനം

ശിവരാത്രി മഹോത്സവം

സനാതനം

അഖണ്ഡ നാമജപം മുഴങ്ങുന്ന അഭേദാശ്രമം നാമവേദി

സനാതനം

ഭാരതത്തില്‍ ദീപാവലി ആഘോഷത്തിന്റെ പ്രസക്തി

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies