പുരാണങ്ങളിലൂടെ (ഭാഗം – 14)
ഡോ.അദിതി
അശരീരി കേട്ട് എല്ലാപേരും വിസ്മയവും ഭയവും കൊണ്ട് ചലനമറ്റവരെപ്പോലെ ഇരുന്നു. ഭൃഗുവിന്റെ മന്ത്രബലത്താല്‍ ജനിച്ചവരായ ഋതുക്കളുടെ ശക്തമായ ആക്രമണത്തില്‍നിന്നും കഷ്ടിച്ചു രക്ഷപ്പെട്ട ചില ശിവഗണങ്ങള്‍ ശിവനെ ശരണം പ്രാപിച്ചു. യജ്ഞമണ്ഡപത്തിലരങ്ങേറിയ അത്യന്തം ദാരണുമായ സതീദേവിയുടെ ദേഹത്യാഗമടക്കമുള്ള സംഭവങ്ങള്‍ അവര്‍ മഹാദേവനെ വിവരിച്ചു കേള്‍പ്പിച്ചു. ശിവഗണം പറഞ്ഞു ഹേ മഹേശ്വരാ! ദക്ഷന്‍ ദുഷ്ടനും അഹങ്കാരിയുമാണ്. യജ്ഞഭൂമിയില്‍ കയറിച്ചെന്ന സതീദേവിയെ അവന്‍ അപമാനിച്ചു. ദേവതകള്‍ പോലും സതീദേവിയെ ആദരിച്ചില്ല. സകല ദേവന്മാര്‍ക്കും യജ്ഞഭാഗം നീക്കിവച്ചിരുന്ന ദക്ഷന്‍ അങ്ങേക്കുമാത്രം യജ്ഞഭാഗം നീക്കിവച്ചിരുന്നില്ല. അങ്ങേക്ക് യജ്ഞഭാഗം തന്നില്ല എന്നു മാത്രമല്ല, അങ്ങയെ അവഹേളിച്ച് ദക്ഷന്‍ സംസാരിക്കുകയും ചെയ്തു.
‘ഹേ പ്രഭോ! യജ്ഞത്തില്‍ താങ്കളുടെ ഭാഗം കാണാത്തതുകൊണ്ട് സതീദേവി രോഷാകുലയായി. ആ ദുര്‍ബുദ്ധിയായ ദക്ഷനെ ആവര്‍ത്തിച്ചു നിന്ദിച്ചതിനു ശേഷം യാഗാഗ്നികൊണ്ട് തന്റെ ശരീരത്തെ വെണ്ണീറാക്കി. ഇതുകണ്ടുനിന്ന പതിനായിരം പാര്‍ഷദന്മാര്‍ സങ്കടം സഹിക്കവയ്യാതെ സ്വയം വെട്ടിച്ചത്തു. അവശേഷിച്ച ഞങ്ങളില്‍ ചിലര്‍ ദക്ഷനു നേരെ തിരിഞ്ഞ് യജ്ഞത്തെ ഭംഗം വരുത്താന്‍ ശ്രമിച്ചു. എന്നാല്‍ നമ്മുടെ എതിരാളിയായ ഭൃഗു മഹര്‍ഷി സ്വന്തം ശക്തികൊണ്ട് ഞങ്ങളെ തിരസ്‌കരിച്ചു. ഭൃഗുവിന്റെ മന്ത്രമലത്തിനുമുന്നില്‍ ഞങ്ങള്‍ക്കു നില്‍ക്കാന്‍ കഴിഞ്ഞില്ല. അപ്രകാരമുള്ള ഞങ്ങളാണ് ഇവിടെ എത്തിയിരിക്കുന്നത്. ഭയന്നു വിറയ്ക്കുന്ന ഞങ്ങളെ രക്ഷിച്ചാലും. ആ യജ്ഞത്തിലെ ദക്ഷനും അയാളുടെ കൂട്ടാളികളും ചേര്‍ന്ന് അങ്ങയെ അത്യന്തം അവഹേളിച്ചു. ഈ വിഷയത്തില്‍ അങ്ങ് അര്‍ഹിക്കുന്നതുപോലെ ചെയ്യുക. കാര്യങ്ങള്‍ ശരിയാംവണ്ണം അറിയാന്‍ വേണ്ടി മഹാദേവന്‍ നാരദനെ സ്മരിച്ചു. നാരദനില്‍ നിന്നും കാര്യങ്ങള്‍ കേട്ടറിഞ്ഞ മഹാദേവന്‍ പെട്ടെന്ന് കുപിതനായി. ആ ലോകസംഹാരിയായ രുദ്രന്‍ തന്റെ ജട പിഴുതെടുത്ത് ഒരു പര്‍വ്വതത്തില്‍ അടിച്ചു. അടിയുടെ ആഘാതത്തില്‍ ആ ജട രണ്ടു കഷണമായി മാറി. മഹാപ്രളയകാലത്തുണ്ടാകുന്നതിനു സമാനമായ ഭയങ്കര ശബ്ദം കേള്‍ക്കുമാറായി. ആ ജടയുടെ പൂര്‍വ്വഭാഗത്തുനിന്നും മഹാഭയങ്കരനായ വീരഭദ്രനും ഉത്തരഭാഗത്തുനിന്നും കാളിയും ജന്മംപൂണ്ടു. ആ വീരഭദ്രന്‍ ഭൂമണ്ഡലം മുഴുവന്‍ വ്യാപിച്ച് പത്തംഗുലം അധികമായി നിലകൊണ്ടു. ആ രൂപം പ്രളയാഗ്നി സമാനമായിരുന്നു. അത്യന്തം ഉന്നതമായ ശരീരത്തോടുകൂടിയ വീരഭദ്രന് ആയിരം കയ്യുകള്‍ ഉണ്ടായിരുന്നു.
അതിക്രുദ്ധനായ മഹാദേവന്റെ നിശ്വാസത്തില്‍ നിന്നും നൂറുകണക്കിനു ജ്വരവിശേഷങ്ങളെയും പതിമൂന്നുതരത്തിലുള്ള സന്നിപാതജ്വരത്തേയും ഉത്പാദിപ്പിച്ചു. മഹാകാളിയാകട്ടെ അത്യന്തം ഭയങ്കരിയായിരുന്നു.
കോടിക്കണക്കിനുള്ള ഭൂതഗണങ്ങള്‍ അവള്‍ക്കകമ്പടിയായി ഉണ്ടായിരുന്നു. അവളുടെ തേജസ്സിന്റെ തീക്ഷ്ണത ചുറ്റോടുചുറ്റുമുള്ള ഭൂഭാഗം ദഹിപ്പിക്കാന്‍ തക്കതായിരുന്നു. വീരഭദ്രനാകട്ടെ പരമശിവനെ നമിച്ചുകൊണ്ട് പറഞ്ഞു-‘സോമനും സൂര്യനും അഗ്നിയും മൂന്നുകണ്ണുകളില്‍ ഉള്‍കൊണ്ടിരിക്കുന്ന അല്ലയോ ഭഗവാനെ, എന്നോട് ആജ്ഞാപിച്ചാലും. ഞാനെന്തുകാര്യമാണ് ചെയ്യേണ്ടത്? ഞാനരനിമിഷംകൊണ്ട് ഈ മഹാസാഗരത്തെ വറ്റിക്കട്ടെ? അതോ ഞാന്‍ ഞൊടിയിടയില്‍ ഈ മഹാപര്‍വ്വതങ്ങളെ ഭസ്മമാക്കട്ടെ? ഞാനൊരുക്ഷണം കൊണ്ടുതന്നെ വേണമെങ്കില്‍ ഈ ബ്രഹ്മാണ്ഡത്തെ ഭസ്മമാക്കാം.
അല്ലെങ്കില്‍ സകല ദേവതമാരെയും മുനീശ്വരന്‍മാരെയും കത്തിച്ചു ചാമ്പലാക്കാം. ഞാനീ ഭൂമിതിരിച്ചുരുട്ടാം. സമസ്തപ്രാണികളേയും ചരാചരങ്ങളേയും നശിപ്പിക്കാം. അല്ലയോ മഹാദേവാ അങ്ങയുടെ കൃപകൊണ്ട് എനിക്കു ചെയ്തുതീര്‍ക്കാന്‍ പറ്റാത്ത ഒരുകാര്യവും ഈ പ്രപഞ്ചത്തിലില്ല. എന്നെക്കാള്‍ വീരന്‍ ഉണ്ടായിട്ടില്ല. ഇനി ഉണ്ടാകുകയും ഇല്ല.
അങ്ങയുടെ കേവലം ഒരു ലീലകൊണ്ടുതന്നെ ഏതുകാര്യവും നടക്കും. എന്നിട്ടും എന്നെ ഒരു ദൗത്യത്തിന് ഇവിടെ വരുത്തിയത്, അങ്ങ് എന്നോടു കാണിച്ച കരുണകൊണ്ട് മാത്രമാണ്. അങ്ങയുടെ അനുഗ്രഹംമൂലം ആര്‍ക്കാണ് ശക്തിയില്ലാത്തത്. ഞാനിതാ അങ്ങയെ സാഷ്ടാംഗം നമസ്‌കരിക്കുന്നു. ‘ഹേ ഹര’, അങ്ങയുടെ അഭീഷ്ടം സാധിച്ചുവരാന്‍ എന്നെ അനുഗ്രഹിക്കൂ. എന്റെ അടുത്ത് തിരിച്ചു വരിക. ദേവന്മാരോ ഗന്ധര്‍വ്വന്മാരോ നിന്നെ എതിര്‍ത്താല്‍ അവരെ നീ ഭസ്മമാക്കുക.
ദധീചിയുടെ ശാപവചനമുണ്ടായിട്ടും അതു വകവയ്ക്കാതെ ദക്ഷനു ചുറ്റും തമ്പടിച്ചിരിക്കുന്ന ദേവതകളെ നീ ഭസ്മമാക്കണം. ദക്ഷനോടൊപ്പം ഇരിക്കുന്ന എല്ലാപേരും എന്നെ സംബന്ധിച്ചിടത്തോളം ദ്രോഹികളാണ്. നീ അവിടെ ചെല്ലുമ്പോള്‍ വിശ്വദേവന്മാരും മറ്റും നിന്നെ സ്തുതിച്ചു പാടാന്‍ വന്നെന്നുവരും. അത് നീ ചെവിക്കൊള്ളരുത്. അവരേയും തീപൊള്ളല്‍ ഏല്‍പ്പിച്ചേ വിടാവൂ. ഇപ്രകാരം സ്ഥലകാലനായ മഹാദേവന്‍ വീരഭദ്രനു വേണ്ടുന്ന ഉത്തരവു കൊടുത്തശേഷം മൗനം ഭജിച്ചു.
ഇവിടെ ദുഷ്ടനായ ദക്ഷനെ അമര്‍ച്ച ചെയ്യാനും ദുരാചാരിയായ അയാളുടെ യാഗം മുടക്കാനും മാത്രമല്ല ശിവന്‍ അരുളി ചെയ്തത്. ദക്ഷനോടൊപ്പം നിന്നവരെ ശിക്ഷിക്കാനും നിര്‍ദ്ദേശിച്ചു.
ദക്ഷന്‍ മാത്രമല്ലേ ഇവിടെ കുറ്റം ചെയ്തത്. രാജാവെന്ന നിലയില്‍ കുറെപേര്‍ അയാളെ അനുകൂലിച്ചുകാണും. അതൊരു സേവകധര്‍മ്മമല്ലേ. അതുകൊണ്ട് അത്തരത്തില്‍പ്പെട്ട സേവകരെ ശിക്ഷിക്കുന്നത് ശരിയാണോ? ദക്ഷപ്രജാപതിയുടെ ഗര്‍വ്വം അയാളുടെ പ്രതാപം കൊണ്ടാണ്.
ഈ പ്രതാപത്തിന് അനേകംപേരുടെ കഴിവ് ഒരു മുതല്‍ക്കൂട്ടാണ്. ആകയാല്‍ പ്രതാപജന്യമായ ഗര്‍വ്വത്തെ നശിപ്പിക്കുവാന്‍ പരിവാരങ്ങളോടുകൂടിയുള്ള ഹനനം തന്നെവേണം. അതുകൊണ്ട് ദക്ഷന്‍ അനുകൂലികളേയും നശിപ്പിക്കാന്‍ പറഞ്ഞത് ദക്ഷന്റെ ഗര്‍വ്വഭംഗത്തിന്റെ ഒരു ഭാഗം തന്നെ. വീരഭദ്രനെ സ്തുതിക്കാന്‍ വരുന്ന വിശ്വദേവന്മാരെയും ഹനിക്കാന്‍ എന്തിനുപറഞ്ഞു?
അതിനും കാരണമുണ്ട്. ഈ നിമിഷം വരെ അന്യായത്തിനു കൂട്ടുനിന്നിട്ട് ആ അന്യായം ചോദ്യം ചെയ്യപ്പെടുമ്പോള്‍ നല്ലവരായി ഭാവിച്ച ദുരാചാരിക്കു കൂട്ടുനിന്നതിന്റെ പങ്കപ്പാടു മാറുകയില്ല. അതിനാല്‍ വിശ്വദേവന്മാര്‍ സ്തുതിപാഠകരായി വന്നാലും അവരെയും ഹനിക്കാനുള്ള മഹാദേവന്റെ ഉത്തരവ് യുക്തം തന്നെ. ഒരു ശത്രു ക്രുദ്ധനായി നമ്മെ നേരിടുന്നതിനേക്കാളും ആപല്‍ക്കരമാണ് ഒരു ശത്രു തൊഴുകയ്യോടെ വരുന്നത്.
Discussion about this post