പാമോയില്‍കേസ് പിന്‍വലിക്കാനുള്ള യു.ഡി.എഫ് സര്‍ക്കാരിന്റെ നീക്കം അത്യന്തം ഗൗരവപൂര്‍വ്വം കാണേണ്ട വിഷയമാണ്. കേരളരാഷ്ട്രീയത്തില്‍ വന്‍കോളിളക്കമുണ്ടാക്കിയ ഈ കേസിലെ പ്രധാനപ്രതി മുഖ്യമന്ത്രിയായിരുന്ന കരുണാകരനായിരുന്നു. അദ്ദേഹത്തിന്റെ നിര്യാണത്തിനുശേഷം പ്രധാനപ്രതിയായി വന്നത് പാമോയില്‍കേസ് ഇറക്കുമതിസമയത്ത് ധനമന്ത്രിയായിരുന്ന ഇപ്പോഴത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ്.
ഭരണകര്‍ത്താക്കള്‍ക്കെതിരെ അഴിമതിയാരോപണങ്ങള്‍ ഉയര്‍ന്നുവരുന്നത് സ്വാഭാവികമാണ്. പ്രതിസ്ഥാനത്തുവരുന്നവര്‍ തങ്ങളുടെ നിരപരാധിത്വം തെളിയിക്കേണ്ടത് കോടതിയിലാണ്. തെറ്റുചെയ്യാത്തവര്‍ വേവലാതിപ്പെടേണ്ടകാര്യമില്ല. ജനാധിപത്യവ്യവസ്ഥയില്‍ ജനങ്ങളാണ് യജമാനന്‍മാരെങ്കിലും കേസുകള്‍ക്ക് തീര്‍പ്പുകല്‍പ്പിക്കേണ്ടത് കോടതികളാണ്. നിയമവ്യവസ്ഥയോടുള്ള ആദരവു പുലര്‍ത്താന്‍ എല്ലാ ഭരണകര്‍ത്താക്കളും ഭരണാഘടനാനുസൃതമായി മാത്രമല്ല ധാര്‍മ്മികമായും ബാദ്ധ്യസ്ഥരാണ്. എന്നാല്‍ സര്‍ക്കാരിന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് മുഖ്യമന്ത്രിതന്നെ പ്രതിസ്ഥാനത്തുള്ള ഒരു കേസ് പിന്‍വലിക്കാനുള്ള നീക്കം നീതിന്യായവ്യവസ്ഥയില്‍ ദൂരവ്യാപകമായ ഫലങ്ങളാണ് സൃഷ്ടിക്കുക.
യു.ഡി.എഫ്, എല്‍.ഡി.എഫ് ഒത്തുകളിയുടെ ഫലമാണോ ഈ കേസ് പിന്‍വലിക്കാനുള്ള നീക്കമെന്ന് സംശയിക്കാന്‍ വകയുണ്ട്. സി.പി.എമ്മിലെ ഔദ്യോഗികവിഭാഗത്തെ ഉറക്കംകെടുത്തുന്ന ഒന്നാണ് പിണറായി വിജയന്‍ പ്രതിയായ ലാവ്‌ലിന്‍ കേസ്. അതിന്റെ ഗതിവിഗതികള്‍ ഏതുതരത്തില്‍ മാറുമെന്നത് പ്രവചനാതീതവുമാണ്. പിണറായിവിജയന്റെ രാഷ്ട്രീയ ഭാവിയെ സംബന്ധിച്ചിടത്തോളം അതീവ പ്രാധാന്യമര്‍ഹിക്കുന്നതാണ് ലാവ്‌ലിന്‍ കേസ്. ഇപ്പോള്‍ പാമോയില്‍ കേസ് പിന്‍വലിക്കാനുള്ള തീരുമാനത്തിനെതിരെ സി.പി.എം പ്രതികരിച്ചിട്ടുണ്ടെങ്കിലും സി.പി.എം സംസ്ഥാനസെക്രട്ടേറിയേറ്റ് പ്രതികരിച്ചിട്ടുണ്ടെങ്കിലും അതൊക്കെ മുഖ്യപ്രതിപക്ഷപാര്‍ട്ടി എന്ന നിലയില്‍ ആ പാര്‍ട്ടിയുടെ ദൈനദിനപ്രവര്‍ത്തനങ്ങളുടെ ഭാഗമായിമാത്രമേ കാണേണ്ടതുള്ളൂ.
സി.പി.എമ്മിന്റെ സെക്രട്ടേറിയേറ്റ് ഉപരോധം പിന്‍വലിക്കുന്നതു സംബന്ധിച്ച് പിണറായി വിജയനും ആഭ്യന്തരമന്ത്രി തിരുവഞ്ചിയൂര്‍ രാധാകൃഷ്ണനും തമ്മില്‍ ചര്‍ച്ച നടന്നത് പരസ്യമായ രഹസ്യമാണ്. ടി.പി.ചന്ദ്രശേഖരന്‍ വധക്കേസും ലാവ്‌ലിന്‍കേസുമാണ് അന്ന് സമരം പിന്‍വലിപ്പിക്കുന്നതിന് യു.ഡി.എഫ് തുറുപ്പുചീട്ടായി ഉപയോഗിച്ചത്. അന്ന് ഉണ്ടാക്കിയ ധാരണയില്‍ പാമോയില്‍കേസ് പിന്‍വലിക്കുന്ന വിഷയവും ഉള്‍പ്പെട്ടിട്ടുണ്ടാകാം. ഈ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ പാമോയില്‍കേസ് പിന്‍വലിച്ച നടപടിയെകാണേണ്ടത്. നൂറുകോടിയിലേറെ രൂപയുടെ അഴിമതിനടന്ന ലാവിലിന്‍കേസുമായി താരതമ്യപ്പെടുത്തുമ്പോള്‍ പാമോയില്‍കേസ് ഒന്നുമല്ല. ആ നലയില്‍ ലാവ്‌ലിന്‍കേസ് ഒതുക്കിതീര്‍ക്കാനുള്ള ശ്രമത്തിനു ബദലായി പാമോയില്‍കേസും പിന്‍വലിക്കാന്‍ സി.പി.എം മൗനാനുവാദം നല്‍കിയിരിക്കാം.
ഏതൊക്കെ കാരണത്തിന്റെ പേരിലായാലും സര്‍ക്കാരുകള്‍ക്കെതിരെ ഉയര്‍ന്നുവരുന്ന കേസുകള്‍ക്ക് കോടതിയിലൂടെയാണ് അന്തിമ വിധിയുണ്ടാക്കേണ്ടത്. മറിച്ചായാല്‍ അത് നിയമവ്യവസ്ഥയെ നോക്കുകുത്തിയാക്കുന്നതിനു തുല്യമാണ്. ആത്യന്തികമായി അത് ജനാധിപത്യവ്യവസ്ഥയെയാകും ദുര്‍ബലപ്പെടുത്തുക.
Discussion about this post