എം.പി. ബാലകൃഷ്ണന്‍
ആ മഹാഗുരുവെ പിന്നെ കണ്ടിട്ടില്ല. പക്ഷേ മറ്റനേകം ഗുരുക്കന്മാരുടെ രൂപത്തില്‍ ഈശ്വരന്‍ കുഞ്ഞനെ അനുഗ്രഹിക്കാനെത്തി. പേട്ടയില്‍ രാമന്‍പിള്ള ആശാന്‍ എന്നൊരു പണ്ഡിതകവി അക്കാലത്ത് യുവാക്കള്‍ക്കായി ഒരു കളരി നടത്തിയിരുന്നു. ഹരിശ്ചന്ദ്രചരിതം നാലുദിവസത്തെ ആട്ടക്കഥയുടെ കര്‍ത്താവും പണ്ഡിതനും വേദാന്തിയും സംഗീതജ്ഞനുമെല്ലാമായ പേട്ടയില്‍ രാമന്‍പിള്ള ആശാന്‍. വിദ്യാദാനം മഹാദാനം എന്ന നിലയ്ക്ക് സര്‍വജനസമരാരാദ്ധ്യനും സമ്പന്നനും ആയ അദ്ദേഹം ലോകസേവനാര്‍ത്ഥം നടത്തിയിരുന്ന കളരി. കുഞ്ഞന്‍ അവിടെച്ചേര്‍ന്നു തമിഴും കണക്കും സംഗീതവുമാണ് മുഖ്യപാഠ്യവിഷയങ്ങള്‍ പുതിയ ശിഷ്യന്റെ സൂക്ഷ്മബുദ്ധിയും ഓര്‍മ്മശക്തിയും സ്വഭാവശുദ്ധിയും ഗുരിവില്‍ വലിയ മതിപ്പുളവാക്കി. അങ്ങനെ അദ്ദേഹം കുഞ്ഞനെ ക്ലാസ്സിലെ ‘ചട്ടമ്പി’ യാക്കി. ചട്ടം അമ്പുന്നവന്‍ ചട്ടമ്പി നിയമങ്ങള്‍ സ്വയം അനുസരിക്കണം, മറ്റുള്ളവരെക്കൊണ്ട് അനുസരിപ്പിക്കണം. ഗുരുനാഥന്റെ അഭാവത്തില്‍ അവശ്യം വേണ്ടത് പഠിപ്പിക്കുകയും വേണം. അപ്പോള്‍ ഇന്നത്തെ ‘മോണിറ്ററി’ക്കവിഞ്ഞ സ്ഥാനമായിരുന്നു അത് എന്നൂഹിക്കാമല്ലോ.
ശിഷ്യരെല്ലാം കളരിയില്‍തന്നെ താമസിച്ച് പഠിക്കുന്ന, ഏതാണ്ടൊരു ഗുരുകുലസമ്പ്രദായമായിരുന്നു അവിടെ, വാസ്തവത്തില്‍ അതൊരു ഗ്രാമീണ സര്‍വ്വകലാശാല തന്നെയായിരുന്നു. അദ്ധ്യേതാക്കളില്‍ അഗ്രേസരനായി, കൂട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും പ്രിയങ്കരനായി അങ്ങനെ കഴിയവേ ഒരു രാത്രിയില്‍ കുഞ്ഞനെ കാണാതായി. രാമന്‍പിള്ളയാശാനും ശിഷ്യരും പന്തങ്ങളും കത്തിച്ച് പരിസരം മുഴുവന്‍ തിരഞ്ഞുനടന്നു. അവസാനം കൊല്ലൂര്‍മഠത്തിന്നരികെ വലിയ ശിവലിംഗമുള്ള ക്ഷേത്രത്തിലാണവര്‍ ചട്ടമ്പിയെക്കണ്ടെത്തിയത്. പാതിനാനേരം, കൂരിരുള്‍, കുറുനരികള്‍ ഓരിയിടുന്നു. കുഞ്ഞനുണ്ട് ശിവലിംഗത്തെപ്പുണര്‍ന്നു കിടക്കുന്നു! തീവെട്ടിവെളിച്ചത്തില്‍ അതു കണ്ട കുട്ടികളെല്ലാം അന്തംവിട്ടുനിന്നു. ആശാന്‍ ഉള്ളില്‍ അഭിമാനംകൊണ്ടു. ആ കണ്ണുകള്‍ നിറഞ്ഞു.
ഒരു കാര്യത്തില്‍മാത്രം ചിലര്‍ക്ക് കുഞ്ഞനോടെതിര്‍പ്പുണ്ടായിരുന്നു. കുഞ്ഞന്‍ ജാതി നോക്കാറില്ല എന്ന കാര്യത്തില്‍. ഇക്കാലത്ത് നമുക്കതില്‍ അത്ഭുതമൊന്നും തോന്നുകയില്ല. അക്കാലം അങ്ങനെയല്ലായിരുന്നു. താഴ്ന്ന ജാതിക്കാരെ തൊട്ടാല്‍പോലും അശുദ്ധമായി. അങ്ങനെയുള്ളപ്പോള്‍ അവരുടെ വീട്ടില്‍ നിന്നും ആഹാരം കഴിച്ചാലോ? ഇതറിഞ്ഞ് ഗുരുവായ രാമന്‍പിള്ള ആശാന്‍ ഒരു ദിവസം ചോദിച്ചു. ‘പെരുന്നെല്ലിയുടെ വീട്ടില്‍ നിന്നും ഊണുകഴിച്ചെന്നുകേട്ടല്ലോ?’
‘ഞാന്‍ ആശാന്റെ വീട്ടില്‍നിന്നും ഊണുകഴിക്കാറുണ്ടല്ലോ’. കുഞ്ഞന്റെ മറുപടി! ഈഴവനായ പെരുന്നെല്ലി കൃഷ്ണന്‍ വൈദ്യരും നായരായ പേട്ടയില്‍ രാമന്‍പിള്ള ആശാനും കുഞ്ഞന് ഒരുപോലെ. നായരായോ ഈഴവനായോ നാടാരായോ പറയനായോ പുലയനായോ അല്ല, മനുഷ്യനായി മാത്രമേ ഏവരെയും കുട്ടിക്കാലം മുതല്‍ കുഞ്ഞന്‍ കണ്ടിരുന്നുള്ളൂ.
എന്നാല്‍ മറ്റുവിദ്യാര്‍ത്ഥികളില്‍ കാണാത്ത പല സ്വഭാവഗുണങ്ങളും എല്ലാവരും കുഞ്ഞനില്‍ കണ്ടു. മത്സ്യമാംസാദികളോട് വെറുപ്പ്, ശരീരശുദ്ധി, ഉള്ള വസ്ത്രം വൃത്തിയാക്കി ധരിക്കല്‍, രണ്ടുനേരം കുളി, ക്ഷേത്രദര്‍ശനം, ജപം, ധ്യാനം. സംഗീതത്തില്‍ അസാമാന്യവാസന. ശ്ലോകങ്ങളും കിളിപ്പാട്ടുകളും മറ്റും മനോഹരമായി പാരായണം ചെയ്യാനുള്ള കഴിവ്. ആ മധുരനാദം ആസ്വാദിക്കാന്‍ കളരിയിലുള്ളവര്‍ മാത്രമല്ല, സമീപവാസികളും എത്തിച്ചേരും. ഒരു സരസസംഭാഷണപടുവുമായിരുന്നു കുഞ്ഞന്‍.
എങ്കിലും ‘ ഈ വക സാരസ്യങ്ങളുടെയെല്ലാം അകമേ എന്തോ ഒരു ഘനഭാവം-ചിന്താപരത-കുഞ്ഞനെ മറ്റുള്ളവരില്‍ നിന്നും കുറേയൊക്കെ അകറ്റിവന്നിരുന്നു’. വിടര്‍ന്ന ആ കണ്ണുകള്‍ സദാ എന്തോ അന്വേഷിക്കുംപോലെ.
—————————————————————————————————
ഗ്രന്ഥകര്‍ത്താവിനെക്കുറിച്ച്:
ഡോ.എം.പി.ബാലകൃഷ്ണന്‍
മലയാള വര്‍ഷം 1122 ല്‍ ജനിച്ചു. അച്ഛന്‍ തിരുവനന്തപുരം ഋഷിമംഗലത്തു മാധവന്‍നായര്‍. അമ്മ കന്യാകുമാരി ജില്ലയില്‍ കവിയല്ലൂര്‍ മേച്ചേരിത്തറവാട്ടില്‍ ഗൗരിക്കുട്ടിയമ്മ. സാഹിത്യം, വേദാന്തം, സംഗീതം, ജ്യോതിഷം, വാസ്തുശാസ്ത്രം, വൈദ്യം ഇവ പരിചിത മേഖലകള്‍ നെയ്യാറ്റിന്‍കരയില്‍ ഹോമിയോ പ്രാക്റ്റീസ് ചെയ്യുന്നു. ശ്രീ വിദ്യാധിരാജ വേദാന്തപഠനകേന്ദ്രം, സാരസ്വതം കലാസാഹിത്യവേദി എന്നിവയില്‍ പ്രവര്‍ത്തിക്കുന്നു.
ഇതരകൃതികള്‍ : കൊടിയേറ്റം (കവിത), എരിനീര്‍പ്പൂക്കള്‍ (കവിത), നമ്മുടെ റോസയും പൂത്തു (ബാല സാഹിത്യം), പാലടപ്പായസം (ബാലസാഹിത്യം), എന്റെ മണ്ണ് എന്റെ മാനം (ബാലനോവല്‍)
വിലാസം : ഗൗരീശങ്കരം, രാമേശ്വരം, അമരവിള പോസ്റ്റ്, നെയ്യാറ്റിന്‍കര
തിരുവനന്തപുരം, പിന്‍ – 695 122, ഫോണ്‍ : 0471-2222070
പ്രസാധകര്‍ : വിവേകം പബ്ലിക്കേഷന്‍സ്
രാമേശ്വരം, അമരവിള P.O ,
നെയ്യാറ്റിന്‍കര, തിരുവനന്തപുരം – 695 122
ഫോണ്‍: 0471-2222070
Discussion about this post