മാതാ അമൃതാനന്ദമയി ദേവിയുടെ ഷഷ്ഠിപൂര്‍ത്തി ആഘോഷം നടക്കുകയാണ്. നാലു പതിറ്റാണ്ടിലേറെ നീണ്ട ജ്ഞാനസാധനയുടെ ആത്മപ്രകാശമാണ് അമ്മ. ലോകത്താകമാനം കോടാനുകോടി ജനങ്ങള്‍ അമ്മയുടെ അറുപതാം പിറന്നാള്‍ കൊണ്ടാടുകയാണ്.
ബ്രഹ്മജ്ഞാനത്തിന് അടിസ്ഥാനം ജന്മമല്ല എന്നുള്ളതിന് തെളിവാണ് അമ്മയുടെ ജീവിതം. തീരദേശത്തെ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച് സാമാന്യ വിദ്യാഭ്യാസം പോലും നേടാന്‍ കഴിയാത്ത ഒരു വ്യക്തി വിശ്വവന്ദ്യയായ ജനനിയായി ഉയര്‍ന്നത് കഠിന തപസ്സുകൊണ്ടും അഗ്നിപരീക്ഷണങ്ങളെ അതിജീവിച്ചുമാണ്. സാധനയുടെ വഴികളില്‍ കൈപിടിച്ചു നടത്താന്‍ ഗുരുവെന്നു പറയാന്‍ ആരുമില്ലായിരുന്നു. എന്നിട്ടും വീട്ടുകാരും നാട്ടുകാരും അവഹേളനവും കളിയാക്കലുകളും കുത്തുവാക്കുകളുംകൊണ്ട് തളര്‍ത്താന്‍ ശ്രമിച്ചിട്ടും ദൃഢചിത്തയായി അഗ്നിപഥങ്ങളിലൂടെ നീണ്ടുപോയ യാത്രയാണ് അമ്മയെ രൂപപ്പെടുത്തിയത്. അമ്മയ്ക്ക് സമാനതകളില്ല.
ഭാരതീയ ഗുരുപരമ്പരയിലെ തേജോമയമായ കണ്ണിയാണ് അമ്മ. ലോകത്തിന്റെ ഹൃദയത്തിലൂടെ ശാന്തിമന്ത്രങ്ങളുരുവിട്ടുകൊണ്ട് കാരുണ്യ പ്രവാഹമായി അമ്മ ഒഴുകിക്കൊണ്ടിരിക്കുന്നു.
ചട്ടമ്പിസ്വാമികളും ശ്രീനാരായണഗുരുവും ശ്രീ നീലകണ്ഠഗുരുപാദരുമൊക്കെ കൊളുത്തിയ ആത്മീയതയുടെ ദീപങ്ങള്‍ അണയ്ക്കാന്‍ ശ്രമിച്ച ഒരു കാലഘട്ടം കേരളത്തിന്റെ ചരിത്രത്തിലുണ്ട്. പുരോഗമനത്തിന്റെ പേരില്‍ കമ്മ്യൂണിസറ്റ് പ്രത്യയശാസ്ത്രവും മതേതരത്വത്തിന്റെ പേരില്‍ കോണ്‍ഗ്രസ്സും കേരളത്തില്‍ നവോത്ഥാനമൂല്യങ്ങളെ തളര്‍ത്താന്‍ ശ്രമിച്ച നാളുകളുണ്ടായിരുന്നു. ഹിന്ദുവെന്ന് ഉച്ചരിച്ചാല്‍ വര്‍ഗീയമായി കാണുന്ന ആ കാലഘട്ടത്തിലാണ് ഹൈന്ദവനവോത്ഥാനത്തിന്റെ കാഹളവുമായി ജഗത്ഗുരു സ്വാമി സത്യാനന്ദസരസ്വതി കൊടുങ്കാറ്റുപോലെ ആഞ്ഞടിച്ചത്. പാലുകാച്ചിമല സംഭവവും നിലയ്ക്കല്‍ സമരവുമൊക്കെ ഹിന്ദുവിന്റെ ആത്മബോധത്തെ തട്ടിയുണര്‍ത്തി. ഹൈന്ദവ ജനത അവന്റെ സ്വത്വം തിരിച്ചറിയുകയായിരുന്നു.
ആത്മീയതയുടെ വളക്കൂറുള്ള ആ മണ്ണിലാണ് അമ്മയുടെ ആത്മീയ പ്രവര്‍ത്തനം വേരാഴ്ത്തിയത്. സന്നദ്ധ പ്രവര്‍ത്തനത്തിലൂടെ ‘മാനവസേവയാണ് മാധവസേവ’യെന്ന് അമ്മ മാതൃകകാട്ടി. ഐക്യരാഷ്ട്ര സഭയില്‍ പോലും ആ ശബ്ദം സാന്ത്വനമായി ഉയര്‍ന്നപ്പോള്‍ ലോകത്തിന്റെ കാതുകള്‍ അതേറ്റുവാങ്ങി. ആത്മീയതയെ ജീവിതവുമായി യോജിപ്പിക്കുന്ന വര്‍ത്തമാനകാലത്തെ വഴിവിളക്കും ഗുരുവുമാണ് അമ്മ. ഷഷ്ഠിപൂര്‍ത്തി ആഘോഷിക്കുന്ന ഈ വേളയില്‍ അമ്മയുടെ പാദപത്മങ്ങളില്‍ പുണ്യഭൂമിയുടെ പ്രണാമം.
Discussion about this post