വാഷിങ്‌ടണ്‍: അമേരിക്കയിലെ ഇന്ത്യന്‍ സ്‌ഥാനപതി മീരാ ശങ്കറിനെ മിസിസിപ്പിയില്‍ ദേഹപരിശോധനയ്‌ക്കു വിധേയയാക്കിയ സംഭവത്തില്‍ യുഎസ് ഖേദം പ്രകടിപ്പിച്ചു. മീര ശങ്കറിന്റെ ഓഫിസിലേക്കു വിളിച്ചാണ് ഖേദം അറിയിച്ചതെന്നും ഭാവിയില്‍ ഇത് ആവര്‍ത്തിക്കില്ലെന്നും ഉറപ്പു നല്‍കിയതായി ഇന്ത്യന്‍ എംബസി വക്‌താവ് വിരേന്ദര്‍ പോള്‍ അറിയിച്ചു.
സംഭവം അസ്വസ്‌ഥതപ്പെടുത്തുന്നതാണ്. ഇതേക്കുറിച്ച് അന്വേഷണം നടത്തും. ഒപ്പം ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കുന്നതു തടയുന്നതിനുള്ള നടപടികളെക്കുറിച്ച് തീരുമാനമെടുക്കുമെന്നും യുഎസ് വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റന്‍ വ്യക്‌തമാക്കി.ദേഹപരിശോധന നടത്തിയ നടപടിക്കെതിരെ പ്രതിഷേധം ഉയര്‍ന്നതോടെയാണ് യുഎസ് പ്രതികരിച്ചത്. സ്‌ഥാനപതിയെ ദേഹപരിശോധനയ്‌ക്കു വിധേയയാക്കിയ യുഎസിന്റെ നടപടി അംഗീകരിക്കാനാവില്ലെന്ന് കേന്ദ്രവിദേശകാര്യ മന്ത്രി എസ്.എം കൃഷ്‌ണ യുഎസിനെ അറിയിച്ചിരുന്നു.
അതേസമയം, ദേഹപരിശോധനയില്‍ നയതന്ത്രവിദഗ്‌ധര്‍ക്കും സ്‌ഥാനപതിമാര്‍ക്കും ഇളവില്ലെന്നു യുഎസ് വക്‌താവ് പി.ജെ. ക്രൗലി അറിയിച്ചു. സുരക്ഷ സംബന്ധിച്ച പരിശോധന എല്ലാവര്‍ക്കും ബാധകമാണ്. നയതന്ത്രജ്‌ഞരോടുള്ള പെരുമാറ്റത്തെക്കുറിച്ച് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളുണ്ട്. ട്രാന്‍സ്‌പോര്‍ട്ട് സെക്യൂരിറ്റി അഡ്‌മിനിസ്‌ട്രേഷന്‍ ഇതു പാലിച്ചിട്ടുണ്ടെന്നും ക്രൗലി പറഞ്ഞു.
Discussion about this post