ഒക്ടോബര്‍ മൂന്നിന് കോടതി ശിക്ഷ വിധിക്കും
റാഞ്ചി: കാലിത്തീറ്റ കുംഭകോണ കേസില്‍ ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് കുറ്റക്കാരനെന്ന് റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതി. ഒക്ടോബര്‍ മൂന്നിന് കോടതി ശിക്ഷ വിധിക്കും. കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെ ലാലുവിന് ലോക്സഭാംഗത്വം നഷ്ടമാകും. ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്ന വിധിയാണ് പുറത്തു വരാനിരിക്കുന്നത്.
ലാലു പ്രസാദ് യാദവിനെ ഇന്ന് തന്നെ ജയിലിലേക്ക് കൊണ്ടുപോകും. അവിടെ വെച്ച് വീഡിയോ കോണ്‍ഫ്രന്‍സ് വഴി ശിക്ഷാവിധി കേള്‍ക്കും. നാല് വര്‍ഷം വരെ തടവ് ശിക്ഷ വിധിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. രണ്ട് വര്‍ഷത്തിലേറെ ശിക്ഷ വിധിക്കപ്പെട്ടാല്‍ ലാലുവിന് എംപി സ്ഥാനം നഷ്ടമാകും. വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന, അഴിമതി എന്നീ കുറ്റങ്ങളാണ് ലാലുവിനെതിരെ ചുമത്തിയിരിക്കുന്നത്. കേസില്‍ ലാലു ഉള്‍പ്പെടെ 45 പ്രതികളും കുറ്റക്കാരനാണെന്നാണ് കോടതി വിധിച്ചത്.
സംസ്ഥാന വിഭജനത്തിനു മുന്‍പ് ബീഹാറില്‍ ഉള്‍പ്പെട്ടിരുന്ന ചൈബാസ ട്രഷറിയില്‍ നിന്ന് മൃഗസംരക്ഷണ വകുപ്പിന്‍റെ പേരില്‍ അനധികൃതമായി 37.7 കോടി രൂപ പിന്‍വലിച്ചെന്നാണ് കേസ്. ഇപ്പോള്‍ ജാര്‍ഖണ്ഡ് സംസ്ഥാനത്തിലാണ് ഈ ട്രഷറി. മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ കാലിത്തീറ്റ, മൃഗങ്ങള്‍ക്കുള്ള മരുന്ന്, ആശുപത്രി ഉപകരണങ്ങള്‍ എന്നിവ വാങ്ങുന്നതില്‍ കോടികളുടെ അഴിമതി നടത്തിയെന്ന് സിബിഐ കണ്ടെത്തിയത്.
കാലിത്തീറ്റ കുംഭകോണത്തില്‍ ആകെയുള്ള 61ല്‍ 53 കേസുകളാണ് സിബിഐ കോടതിയുടെ പരിഗണനയിലുള്ളത്. ലാലു പ്രസാദ് യാദവ് ഇതില്‍ അഞ്ചു കേസുകളിലാണ് ഉള്‍പ്പെട്ടിട്ടുള്ളത്. അതില്‍ ഒരു കേസിന്റെ വിധിയാണ് ഇപ്പോള്‍ പുറത്തു വന്നത്. കാലിത്തീറ്റ കേസ് പുറത്തുവന്നത് 1996ലാണ്. 17 വര്‍ഷത്തിനു ശേഷമാണ് ലാലു ഉള്‍പ്പെട്ട ഈ കേസില്‍ വിധി വന്നത്. വിധികേള്‍ക്കാന്‍ ലാലു റാഞ്ചിയിലെത്തിയിരുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ സാഹചര്യത്തില്‍ ലാലുവിനെതിരായ ശിക്ഷയ്ക്ക് ഏറെ പ്രാധാന്യമുണ്ട്. ക്രിമിനല്‍ കേസുകളില്‍ രണ്ടു വര്‍ഷമോ അതിലേറെയോ ശിക്ഷിക്കപ്പെടുന്ന എംപിമാരും എംഎല്‍എമാരും അയോഗ്യരാക്കപ്പെടുമെന്നുള്ള സുപ്രീം കോടതി വിധിയോടെയാണ് ലാലുവിന്‍റെ രാഷ്ട്രീയഭാവിക്ക് മങ്ങലേല്‍ക്കുന്നത്.
അതേസമയം തനിക്കെതിരെ രാഷ്ട്രീയ ഗൂഢാലോചന നടന്നതായി വിധി വരുന്നതിന് മുമ്പ് ലാലുപ്രസാദ് യാദവ് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചിരുന്നു.













Discussion about this post