കൊല്ലം: ക്ഷേത്ര സ്വര്‍ണത്തിന്റെ കണക്കെടുക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി.ശശികല ടീച്ചര്‍ പറഞ്ഞു. യോഗക്ഷേമസഭ സംസ്ഥാന സമ്മേളനം ‘ആഗ്നേയം 2013’ന്റെ ഭാഗമായി നടന്ന യുവജനസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരികുകയായിരുന്നു അവര്‍ . ക്ഷേത്രങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണ് സ്വത്തുക്കളുടെ കണക്കെടുപ്പെന്ന് കെ.പി.ശശികല ടീച്ചര്‍ പറഞ്ഞു. എത്രയോ ക്ഷേത്രങ്ങളില്‍ അന്തിത്തിരി കത്തിക്കാന്‍ മാര്‍ഗമില്ലാതിരുന്നപ്പോള്‍ സഹായിക്കാന്‍ ആരുമുണ്ടായിരുന്നില്ല. ക്ഷേത്ര സ്വത്തുക്കള്‍ സംരക്ഷിക്കാന്‍ ഹിന്ദുസമൂഹത്തിനാണ് ഉത്തരവാദിത്വം. അതില്‍ ഭരണകൂടം കൈകടത്തുന്നത് ശരിയല്ല. ക്ഷേത്ര സ്വര്‍ണത്തിന്റെ കണക്കെടുക്കാന്‍ ആര്‍ക്കും അധികാരമില്ല-ശശികല ടീച്ചര്‍ കൂട്ടിച്ചേര്‍ത്തു. യോഗക്ഷേമസഭ യുവജനവിഭാഗം പ്രസിഡന്റ് എസ്.ഉണ്ണിക്കൃഷ്ണന്‍ അധ്യക്ഷനായിരുന്നു. യോഗക്ഷേമ സഭ ജില്ലാ സെക്രട്ടറി എം.നാരായണന്‍ നമ്പൂതിരി, ബാലവിഭാഗം പ്രസിഡന്റ് ഭരത് എച്ച്.ശര്‍മ്മ, യുവജനവിഭാഗം ജില്ലാ പ്രസിഡന്റ് ധനീഷ് ആര്‍.ശര്‍മ്മ എന്നിവര്‍ സംസാരിച്ചു.
Discussion about this post