ഡോ. അദിതി
ജമദഗ്നിയുടെ മകനായ ഭാര്‍ഗ്ഗവരാമന്‍ അതിസാഹസികനായിരുന്നു. അയാള്‍ ശിവനില്‍നിന്ന് അതിശക്തിമത്തായ ഒരു പരശു സ്വന്തമാക്കി. ത്രിലോകങ്ങളിലും ഭാര്‍ഗ്ഗവരാമനോട് ഏറ്റുമുട്ടാന്‍ ശക്തരായ ആരും ഉണ്ടായിരുന്നില്ല. ദത്താത്രേയന്റെ വരദാനത്താല്‍ കാര്‍ത്തവീര്യാര്‍ജ്ജുനന് ആയിരം കൈകളുണ്ടായി. അദ്ദേഹം സമസ്ത ഭുവനത്തിന്റെയും അധിപതിയായിമാറി. അശ്വമേധയാഗാനന്തരം തന്റെ സ്വത്തുക്കളെല്ലാം ബ്രാഹ്മണര്‍ക്കായി ദാനം ചെയ്തു. ഒരിക്കല്‍ അഗ്നിയുടെ അഭ്യര്‍ത്ഥനയെ മാനിച്ച് കുറെ ഭൂഭാഗം അദ്ദേഹം അഗ്നിക്കു നല്‍കി. തനിക്കു ദാനമായി കിട്ടിയ ഭൂഭാഗത്തെ അഗ്നി സ്വാംശീകരിച്ചു. അഗ്നിക്കു ദാനമായി കിട്ടിയ സ്ഥലത്ത് വസിഷ്ഠന്റെ ആശ്രമവും ഉണ്ടായിരുന്നു. ആശ്രമം തീപിടിച്ചതറിഞ്ഞ വസിഷ്ഠന്‍ കാര്‍ത്തവീര്യാര്‍ജ്ജുനനെ ഇപ്രകാരം ശപിച്ചു. ‘ഹേ അര്‍ജ്ജുനാ, എന്റെ ആശ്രമം ഈ ഭാഗത്ത് സ്ഥിതിചെയ്യുന്നതു കണക്കിലെടുക്കാതെ നീ അതിനെ അഗ്നിക്കിരയാക്കി. അതുകൊണ്ട് ഭൃഗു വംശജനായ ഒരു രാമന്‍ നിന്റെ ആയിരംകൈകളേയും ഛേദിക്കും. കാര്‍ത്തവീര്യാര്‍ജ്ജുനന്‍ ശാന്തനും ഭക്തനും ദാനധര്‍മ്മാദികള്‍ ചെയ്യുന്നവനുമായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് ആരോടും വഴക്കിനുള്ള അവസരവും ഇല്ലായിരുന്നു. പിന്നെ എങ്ങനെയാണ് ശത്രുക്കള്‍ ഉണ്ടാവുക? അവര്‍ അയാളുടെ കൈകള്‍ ഛേദിക്കുക? അതുകൊണ്ട് വസിഷ്ഠന്റെ ശാപത്തെ കാര്‍ത്തവീര്യാര്‍ജ്ജുനന്‍ കണക്കിലെടുത്തില്ല. എന്നാല്‍ ശാന്തനായ കാര്‍ത്തവീര്യാര്‍ജ്ജുനന് ധിക്കാരികളും ക്രൂരന്മാരുമായ മക്കളുണ്ടായിരുന്നു. ജമദഗ്നിയുടെ പശുക്കൂട്ടിയെ കാര്‍ത്തവീര്യാര്‍ജ്ജുനന്റെ മക്കള്‍ പിടിച്ചുകൊണ്ടുപോയി. അക്കാരണത്താല്‍ ജമദഗ്നിയുടെ പുത്രനായ ഭാര്‍ഗ്ഗവരാമനും കാര്‍ത്തവീര്യാര്‍ജ്ജുനനും തമ്മില്‍ ഏറ്റുമുട്ടി. ഭാര്‍ഗ്ഗവരാമന്‍ കാര്‍ത്തവീര്യാര്‍ജ്ജുനന്റെ ആയിരം കരങ്ങളെയും ഛേദിച്ച് പശുക്കളെ വീണ്ടെടുത്തു. ഇതറിഞ്ഞ കാര്‍ത്തവീര്യാര്‍ജ്ജുനന്റെ മക്കള്‍ ഭാര്‍ഗ്ഗവരാമന്റെ ആശ്രമത്തില്‍ ചെന്ന് അദ്ദേഹത്തിന്റെ പിതാവിന്റെ തല വെട്ടിമാറ്റി. ഭാര്‍ഗ്ഗവരാമനാകട്ടെ ആ സമയം ആശ്രമത്തിലില്ലായിരുന്നു. പിതൃഹത്യ ഭാര്‍ഗ്ഗവരാമനെ കോപാക്രാന്തനാക്കി. ക്ഷത്രിയന്മാരെ ഉന്മൂലനാശം ചെയ്യുമെന്നദ്ദേഹം ശപഥവും എടുത്തു. കാര്‍ത്തവീര്യാര്‍ജ്ജുനന്റെ മക്കളെയും ചെറുമക്കളെയുമെല്ലാം ഭാര്‍ഗ്ഗവരാമന്‍ കൊന്നു. ആയിരക്കണക്കിന് ഹേഹയന്‍മാരെയും അദ്ദേഹം കൊന്നൊടുക്കി. ഭൂമിതന്നെ രക്തത്തിന്റെ ഒരു തടാകമായി മാറി. ഈ കൂട്ടഹത്യ ഭാര്‍ഗ്ഗവരാമന്‍ ഇരുപത്തിയൊന്നുതവണ ആവര്‍ത്തിച്ചു. കാര്‍ത്തവീര്യാര്‍ജ്ജുനന് വസിഷ്ഠന്‍ കൊടുത്ത ശാപത്തിന്റെ ഔചിത്യത്തെക്കുറിച്ച് ചിന്തിക്കാം.
കാര്‍ത്തവീര്യാര്‍ജ്ജുനന്‍ അത്യന്തം ദയാലുവും ദാനധര്‍മ്മങ്ങള്‍ ചെയ്യുന്നവനുമായിരുന്നു. പലരും ദാനംപറ്റിപോകവെ അഗ്നിയും ദാനം വാങ്ങാന്‍ എത്തി. മഹാമനസ്‌കനായ ഒരു രാജാവ് എങ്ങനെയാണ് അഗ്നിയുടെ അപേക്ഷ തള്ളിക്കളയുക. സ്വാഭാവികമായും രാജാവ് അഗ്നി ആവശ്യപ്പെട്ട സ്ഥലം കൊടുത്തു. എന്നാല്‍ ആ സ്ഥലത്തിന്റെ വസിഷ്ഠന്റെ ആശ്രമം കൂടി ഉണ്ടെന്നുള്ള കാര്യം അറിഞ്ഞിരുന്നില്ല. ഈ സംഭവത്തിലെ ഒന്നാമത്തെ കുറ്റവാളി വസിഷ്ഠന്റെ ആശ്രമം അടക്കമുള്ള ഭൂപ്രദേശത്തെ അഗ്നിക്കിരയാക്കിയ അഗ്നിതന്നെയാണ്. ഒന്നാമത്തെ കുറ്റവാളിയായ അഗ്നിയെവിട്ട് ശാപം കാര്‍ത്തവീര്യാര്‍ജ്ജുനനില്‍ പതിച്ചിരിക്കുന്നു. ഇതു ശരിയാണോ? വസിഷ്ഠനു വേണമായിരുന്നെങ്കില്‍ അഗ്നിയെ ശപിക്കാമായിരുന്നു. എന്നാല്‍ അഗ്നിക്കു പകരം അര്‍ജ്ജുനനെയാണ് ശപിച്ചത്. അതുകൊണ്ടുതന്നെ ശാപം ഇവിടെ അന്യായമാണ്.
പ്രകൃതത്തില്‍ അര്‍ജ്ജുനന്‍ കുറ്റക്കാരനല്ല എന്നു പറയാന്‍ പറ്റുകയില്ല. അഗ്നിക്കുവേണ്ടി ഇത്തരത്തിലൊരു ദാനംചെയ്യാന്‍ എന്താണുകാര്യം? അഗ്നിയുടെ സ്വഭാവം ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്! അഗ്നിക്കു ഭൂമികൊടുക്കണമായിരുന്നെങ്കില്‍തന്നെ വല്ല പുറംപോക്കും കൊടുത്താല്‍ പോരായിരുന്നോ? ഒരു വ്യക്തി ദാനം ചെയ്യുന്നതിനുമുമ്പേ എന്താണ് താന്‍ ദാനംചെയ്യുന്നത്, ആര്‍ക്കാണ് ദാനം ചെയ്യുന്നത് എന്ന കാര്യം നല്ലവണ്ണം ഓര്‍മ്മിക്കേണ്ടതാണ്. ഇത് ചിന്തിച്ചിരുന്നെങ്കില്‍ കാര്‍ത്തവീര്യാര്‍ജ്ജുനന് അത്യാഹിതം ഒഴിവാക്കാമായിരുന്നു. കൈയില്‍കിട്ടിയതിനെ ദഹിപ്പിക്കുന്നത് അഗ്നിയുടെ സ്വഭാവമാണ്. ഈ കാരണത്താല്‍ കാര്‍ത്തവീര്യാര്‍ജ്ജുനന് കൊടുത്ത ശാപം അന്യായമല്ല. ദാനം ചെയ്യുന്ന ആള്‍ ഔചിത്യം പാലിച്ചില്ല എന്നത് ശിക്ഷാര്‍ഹം തന്നെ. എന്നാല്‍ ദാനം പറ്റിയ ആളായ അഗ്നിയും ഔചിത്യം പാലിച്ചില്ലല്ലോ? അഗ്നി ആശ്രമത്തെയും വിഴുങ്ങിക്കളഞ്ഞില്ലേ? എന്നാല്‍ തന്റെ കൈവശം വന്നുചേര്‍ന്ന ഒരു വസ്തുവിനെ ദഹിപ്പിക്കുന്നതില്‍ അഗ്നിയെ കുറ്റം പറയുവാന്‍ പറ്റുമോ? ഒരാളിന്റെ ദുഃസ്വഭാവത്തിനോ ദുഷ്പ്രവൃത്തിക്കോ അയാളെ ശിക്ഷിക്കാം. എന്നാല്‍ ഒരുവനെ അവന്റെ സ്വഭാവിക പ്രവൃത്തിക്ക് ശിക്ഷിയ്ക്കാമോ? അഗ്നി ഇവിടെ ചെയ്തത് തന്റെ സ്വഭാവിക പ്രവൃത്തിയാണ്. ഇത് സംഭവിയ്ക്കാതിരിക്കണമെങ്കില്‍ അഗ്നിക്ക് ദാഹകശക്തി ഇല്ലാതാകണം.
മേല്‍പറഞ്ഞ വാദമുഖങ്ങളൊന്നും തന്നെ അഗ്നിയെ കുറ്റവിമുക്തനാക്കാന്‍ പര്യാപ്തമല്ല. അഗ്നിക്കു വേണമായിരുന്നെങ്കില്‍ ആശ്രമം ദഹിപ്പിക്കാതെ വിടാമായിരുന്നു. തന്റെ പാര്‍ശ്വത്തില്‍ വന്നാലും ഒന്നിനെ ദഹിപ്പിക്കാതിരിക്കുന്നതിനുള്ള കഴിവ് അഗ്നിക്കുണ്ടെന്നുള്ളതിന് തെളിവുണ്ട്. ഒരിക്കല്‍ ഖാണ്ഡവം വനം ദഹിപ്പിക്കുന്ന അവസരത്തില്‍ പക്ഷിക്കുഞ്ഞുങ്ങളിരുന്ന ഭാഗം അഗ്നി ദഹിപ്പിക്കാതെ വിട്ടിട്ടുണ്ട്. ഇതു കണക്കിലെടുക്കുമ്പോള്‍ ആശ്രമത്തെ ദഹിപ്പിച്ചുകളഞ്ഞത്, ഒഴിവാക്കാന്‍ പാടില്ലാത്ത അഗ്നിയുടെ സ്വഭാവം കാരണമാണ് എന്ന വാദമുഖം നിലനില്‍ക്കുകയില്ല. ചില ഭാഗം ദഹിപ്പിക്കാതെ വിടാനുള്ള കഴിവ് അഗ്നിക്കുണ്ടായിരുന്നിട്ടും തനിക്കുദാനം തന്ന ദാതാവിന് ശാപം കിട്ടത്തക്കവണ്ണം അഗ്നി പെരുമാറിയതെന്തിന്?
അഗ്നിയുടെ പ്രവൃത്തിയില്‍ രണ്ടുദൂഷ്യം കാണുന്നു. ഒന്ന് വിവേചനബുദ്ധികൊണ്ട് ആശ്രമത്തെ ഒഴിവാക്കിയില്ല. രണ്ട് തനിക്കു ദാനം തന്ന മഹാന് ഉപദ്രവം ഉണ്ടാക്കിവച്ചു. സഹായം തന്ന ഒരുവനെ ഇങ്ങനെ ദ്രോഹിക്കാമോ? ഇക്കാര്യം തിരിച്ചറിഞ്ഞ് അര്‍ജ്ജുനനെ കുറ്റവിമുക്തനാക്കുകയും അഗ്നിയെ ശിക്ഷിക്കുകയും വേണമായിരുന്നു. വ്യാസന്‍ അതു ശ്രദ്ധിക്കാതെപോയതില്‍ സഹൃദയനു കുണ്ഠിതമുണ്ട്.
ഈ വിഷയം ഒന്നുകൂടി സൂക്ഷ്മമായി പരിശോധിച്ചാല്‍ വ്യാസനെകുറ്റം പറയേണ്ടിവരികയില്ല. മഹാഭാരതയുദ്ധം അടുത്തുവരികയാണ്. ദ്രോണരും, ഭീഷ്മരും, കര്‍ണ്ണനും പാണ്ഡവരുടെ എതിര്‍ചേരിയിലാണ്. ഇവിടെ കാര്‍ത്തവീര്യാര്‍ജ്ജുനനില്‍ ഭാര്‍ഗ്ഗവരാമന്റെ കോപം ആളിക്കത്തിച്ചതിലൂടെ ഭാര്‍ഗ്ഗവരാമനില്‍തന്നെ ഒരു ക്ഷത്രിയ ശത്രുവിനെ വാര്‍ത്തെടുത്തിരിക്കയാണ്. ഇതിലൂടെ ബ്രഹ്മാസ്ത്രം കൈയ്ക്കലാക്കാനുള്ള കര്‍ണ്ണന്റെ പരിശ്രമത്തെ തടയാന്‍ സാധിച്ചു. കര്‍ണ്ണന്‍ ബ്രഹ്മാസ്ത്രം കരസ്ഥമാക്കിയിരുന്നുവെങ്കില്‍ ധര്‍മ്മത്തിന്റെ പക്ഷക്കാരായ പാണ്ഡവര്‍ക്കു വിജയം കിട്ടുമായിരുന്നില്ല. ഈ നിലയില്‍ നോക്കുമ്പോള്‍ കാര്‍ത്തവീര്യാര്‍ജ്ജുനനെ ശിക്ഷിച്ചതും ക്ഷത്രിയവിരോധം വര്‍ദ്ധിപ്പിച്ചതും ധര്‍മ്മയുദ്ധത്തില്‍ മംഗള പരിസമാപ്തിക്കാണ്. ആ മഹത്തായ കാര്യം പ്രാവര്‍ത്തികമാക്കണമെങ്കില്‍ അഗ്നിയെശിക്ഷിക്കയല്ല വേണ്ടത്; കാര്‍ത്തവീര്യര്‍ജ്ജുനനില്‍തന്നെ ആ ശിക്ഷ ഒതുക്കിനിര്‍ത്തണം.
കഥാഗതിക്ക് കാര്‍ത്തവീര്യാര്‍ജ്ജുനന് ശിക്ഷകൊടുക്കണമെന്നുപറഞ്ഞതു ശരി, എന്നാല്‍ നീതിന്യായത്തിന്റെ ദൃഷ്ടിയില്‍ അഗ്നിയെ ശിക്ഷിക്കാതെ വിട്ടുകളഞ്ഞതു നീതിബോധത്തിനു നിരക്കുന്നില്ല. മഹത്തരങ്ങളായ ചില കാര്യങ്ങള്‍ നേടിയെടുക്കുന്നതില്‍ സംഭവിക്കാവുന്ന ഒരു നേരിയ പാളിച്ചയായി ഇതിനെ കണക്കിലെടുത്താല്‍ മതി. അതുകൊണ്ടിക്കാര്യത്തില്‍ വ്യാസന്റെ നേരെ വിരല്‍ ചൂണ്ടേണ്ട.
Discussion about this post