കൊച്ചി: കാശ്മീര്‍ റിക്രൂട്ടമെന്റ് കേസില്‍ തടിയന്റവിട നസീറുള്‍പ്പെടെ പതിമൂന്ന് പ്രതികള്‍ കുറ്റക്കാരാണെന്ന് എന്‍ഐഎ പ്രത്യേക കോടതി. ശിക്ഷ വെള്ളിയാഴ്ച പ്രഖ്യാപിക്കും. കേസില്‍ പ്രതികളായ മറ്റു അഞ്ചുപേരെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെവിട്ടു. കേസില്‍ എന്‍ഐഎ പ്രതി ചേര്‍ത്ത മുഹമ്മദ് നൈനാര്‍, ബദറുദ്ദീന്‍, ടി.കെ അനസ്, ഷനീജ്, അബ്ദുല്‍ ഹമീദ് എന്നിവരെയാണ് കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടത്. ഇവര്‍ക്കെതിരെ ആരോപിക്കപ്പെട്ട കുറ്റങ്ങള്‍ തെളിയിക്കാനായില്ലെന്ന് കോടതി വ്യക്തമാക്കി.
2006-2008 കാലയളവില്‍ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലും ഹൈദരാബാദിലും കേരളത്തില്‍ നിന്നുള്ള യുവാക്കളെ തീവ്രവാദ പരിശീലനത്തിനായി റിക്രൂട്ട് ചെയ്തുവെന്നാണ് കേസ്. പരിശീലനം നേടി പാകിസ്ഥാനില്‍ നിന്ന് തിരിച്ചുവരുന്നതിനിടെ നാലുപേര്‍ കാശ്മീരില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയായിരുന്നു. കാശ്മീരില്‍ നിന്നും രക്ഷപ്പെട്ട അബ്ദുല്‍ ജബ്ബാറിനെ പിന്നീട് സംസ്ഥാനത്തുവെച്ച് പൊലീസ് അറസ്റ്റ് ചെയ്തു.
അബ്ദുള്‍ ജലീലാണ് കേസില്‍ ഒന്നാം പ്രതി. ബാംഗ്ലൂര്‍ സ്‌ഫോടന കേസിലെ പ്രതികളായ തടിയന്റവിട നസീറും സര്‍ഫ്രാസ് നവാസും കേസില്‍ കുറ്റക്കാരാണ്. എന്‍ഐഎ പ്രത്യേക കോടതി ജഡ്ജി എസ് വിജയകുമാറാണ് വിധി പ്രഖ്യാപിച്ചത്.
കേസിലെ പ്രതികളായ നാല് മലയാളികള്‍ 2008 ഒക്ടോബറില്‍ കാശ്മീരില്‍ വച്ച് സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. പാകിസ്ഥാന്‍ പൗരനായ വാലി, ഇരുപതാം പ്രതി മുഹമ്മദ് സാബിര്‍ എന്നിവര്‍ ഇപ്പോഴും ഒളിവിലാണ്.
2012 ഫെബ്രുവരിയിലാണ് കേസില്‍ എന്‍ഐഎ പ്രത്യേക കോടതി വിചാരണ തുടങ്ങിയത്. രാജ്യദ്രോഹം, ഭീകരവാദ സംഘവുമായി ചേര്‍ന്ന രാജ്യത്തിനെതിരെ യുദ്ധം ചെയ്യുക, അനധികൃതമായി ആയുധം കൈവശം വെക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
Discussion about this post