എം.പി. ബാലകൃഷ്ണന്‍
അന്വേഷിക്കുന്നവന്‍ കണ്ടെത്തും. ഇടയ്ക്കു ചില പരീക്ഷണങ്ങളെ നേരിടേണ്ടിവന്നേയ്ക്കാം.
വര്‍ഷകാലത്തെ ഒരു അമാവാസി ദിവസം. മഴയാണെങ്കില്‍ കോരിച്ചൊരിയുന്നു. ആകാശത്തില്‍ കരിമേഘങ്ങള്‍ ഉരുണ്ടുകൂടി ഗര്‍ജ്ജിക്കുന്നു. കരമനയാറ്റില്‍ വെള്ളം കലങ്ങി മറിഞ്ഞൊഴുകുന്നു. ചട്ടമ്പി ആറ്റില്‍ കുളിക്കാനിറങ്ങി. അക്കരെനിന്നും ആരോ വിളിക്കുന്നതുപോലെ.
‘മകനേ…..’ ആറ്റിനക്കരെ നിന്നു കാവിവസ്ത്രധാരിയായ ഒരു വൃദ്ധന്‍ തന്നെ കൈകാട്ടി വിളിക്കുന്നു. നദിയാണെങ്കില്‍ കരകവിഞ്ഞൊഴുകുന്നു. അതൊന്നുമാലോചിക്കാതെ ചട്ടമ്പി ഒഴുക്കു മുറിച്ചുനീന്തി. ഒരുവിധത്തില്‍ അക്കരപ്പറ്റി എന്നുപറയാം. ആകെത്തളര്‍ന്ന ചട്ടമ്പിയുടെ കൈയ്ക്കുപിടിച്ചു വൃദ്ധന്‍ കരകയറ്റി. തേജസ്സാര്‍ന്ന ആ മുഖം അത്ര അപരിചിതമല്ല. അച്ഛനും മകനുമെന്നവണ്ണം അവര്‍ പരസ്പരം ആകൃഷ്ടരായിത്തീര്‍ന്നു.
ആ നദീതരണം ചട്ടമ്പിയെ സംബന്ധിച്ചിടത്തോളം സംസാര സാഗരതരണം തന്നെയായിരുന്നു.
മഹായോഗികളുടെ ജീവിതത്തിലെ ഓരോ സംഭവത്തെയും വ്യാഖ്യാനിക്കുക എളുപ്പമല്ല. മുന്‍പ്, കൊല്ലൂര്‍കാവില്‍ പ്രത്യക്ഷനായി, കുഞ്ഞനു ബാലാസുബ്രഹ്മണ്യമന്ത്രം ഉപദേശിച്ചു സാധനചെയ്തുകൊള്ളാന്‍ പറഞ്ഞിട്ടു നടന്നു മറഞ്ഞ അജ്ഞാത സന്ന്യാസി തന്നെയാണോ ഇദ്ദേഹം? ആര്‍ക്കറിയാം!
ബാലാ ശ്രീപാര്‍വ്വതിയാണ്. പാര്‍വ്വതിയേയും സുബ്രഹ്മണ്യനേയും – അമ്മയേയും മകനേയും – ഒരുമിച്ചു സ്തുതിക്കുന്ന അപൂര്‍വ്വ ശക്തിയുള്ള മന്ത്രമാണിത്.
അപൂര്‍വ്വശക്തിയുള്ള മന്ത്രം ലഭിച്ചു. സിദ്ധി വരുത്തുകയും ചെയ്തു. അതുകൊണ്ടു മാത്രമായില്ലല്ലോ. അന്നവസ്ത്രാദികള്‍ക്കുപോലും വകയില്ലാത്ത ദരിദ്രകുടുംബത്തില്‍ പിറന്ന കുഞ്ഞന് അന്നു വയസ്സു പതിനാറ്.
ഒരു അനുജനും അനുജത്തിയും കൂടിയുണ്ടു വീട്ടില്‍. സന്താനങ്ങളില്‍ മൂത്തയാള്‍ എന്ന നിലയില്‍ കുടുംബം പുലര്‍ത്തേണ്ട ഉത്തരവാദിത്തം തന്റേതാണ്. ദാരിദ്ര്യദുഃഖമാണല്ലോ ഏറ്റവും വലിയ ദുഃഖം. ഏതു ജോലി ചെയ്യാനും കുഞ്ഞന്‍ തയ്യാറായി. തിരുവനന്തപുരത്ത് പുതിയ ഹജ്ജുര്‍ക്കച്ചേരി (സെക്രട്ടറിയേറ്റ്)യുടെ പണി നടക്കുന്ന കാലമായിരുന്നു. കുറച്ചുദിവസം അവിടെ കൂലിപ്പണിക്കുപോയി. കല്ലുചുമന്നു, മണ്ണുചുമന്നു, പില്ക്കാലത്ത് പരമഭട്ടാരക വിദ്യാധിരാജ ചട്ടമ്പിസ്വാമികളായി ശിഷ്യരൊത്ത് ആ വഴി നടന്നുപോകെ ‘ഈ കച്ചേരിപ്പണിക്ക് ഞാനും കുറച്ചു മണ്ണു ചുമന്നിട്ടുള്ളതാണ്’. എന്നിങ്ങനെ പറയാറുണ്ടായിരുന്നുവത്രേ.
അങ്ങനെ കുറച്ചുനാള്‍. അപ്പോഴേയ്ക്കും അമ്മയുടെ നിര്‍ബന്ധമനുസരിച്ച്, മറുയ്ക്ക് ജ്യേഷ്ഠസഹോദരനായ കൃഷ്ണപിള്ള കുഞ്ഞനെ നെയ്യാറ്റിന്‍കരയില്‍ കൊണ്ടുപോയി. അദ്ദേഹത്തിനവിടെ രജിസ്ട്രാര്‍ കച്ചേരിയില്‍ ആധാരമെഴുത്തായിരുന്നു. വടിവൊത്ത കയ്യക്ഷരമുള്ള കുഞ്ഞനും ജ്യേഷ്ഠനോടൊപ്പം ആധാരമെഴുത്ത് തുടങ്ങി. പില്‍ക്കാലത്ത് കൊല്ലൂരമ്മാവന്‍ എന്നറിയപ്പെട്ട കൃഷ്ണപിള്ള ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. ‘ആധാരമെഴുത്ത് ഒരു ഗവണ്‍മെന്റുദ്യോഗമല്ല. ഒരു ആധാരമെഴുതിയാല്‍ ഒരു പണം പ്രതിഫലം കിട്ടും. ഷണ്മുഖസുന്ദരംപിള്ള എന്നൊരാള്‍ നാല്പത്തയ്യാമാണ്ട് നെയ്യാറ്റിന്‍കര രജിസ്‌ട്രേഷന്‍ ഇന്‍സ്‌പെക്ടറായിരുന്നു. കുഞ്ഞന്റെ കൈപ്പട കണ്ട് അദ്ദേഹം സന്തോഷിച്ചു. അദ്ദേഹവും ഒരു സുബ്രഹ്മണ്യോപാസകനായിരുന്നു….. എന്റെകൂടെ ആദ്യ ദിവസം ആധാരമെഴുതിയ വകയില്‍ എട്ടുപണം കിട്ടി. ഇത് അത്ര സാധാരണമല്ല. കിട്ടിയത് വീട്ടിലയച്ചുകൊടുക്കുകയാണ് പതിവ്. വേദാന്തിയായ ഷണ്മുഖസുന്ദരംപിള്ള കുഞ്ഞന്റെ നടപടിയില്‍ സന്തോഷിച്ച് രജിസ്ട്രാഫീസില്‍ സ്വകാര്യമായ ഒരു നിശ്ചയം ചെയ്തു. ആധാരമെഴുതിയാലും ശരി, ഇല്ലെങ്കിലും ശരി കുഞ്ഞന്‍പിള്ളയ്ക്ക് എട്ടുചക്രം വൈകുന്നേരം ഓഫീസില്‍ നിന്നും കൊടുക്കണം എന്നുള്ളതായിരുന്നു അത്. ‘… കുഞ്ഞന് എട്ടുചക്രം കിട്ടിയാല്‍ അന്ന് ഒരുകാശും കിട്ടാത്ത കൂട്ടുകാര്‍ക്ക് അതില്‍ നിന്നും ഒന്നുരണ്ടു ചക്രം വീതിച്ചു കൊടുക്കും.’ ഇതു കണ്ട് പലപ്പോഴും ജ്യേഷ്ഠന്‍ ദേഷ്യപ്പെടുമ്പോള്‍ ‘അവരുടെ പട്ടിണി നമ്മുടെ പട്ടിണിപോലെതന്നെയല്ലേ? എന്നായിരിക്കും കുഞ്ഞന്റെ പ്രതികരണം.
—————————————————————————————————
ഗ്രന്ഥകര്‍ത്താവിനെക്കുറിച്ച്:
ഡോ.എം.പി.ബാലകൃഷ്ണന്‍
മലയാള വര്‍ഷം 1122 ല്‍ ജനിച്ചു. അച്ഛന്‍ തിരുവനന്തപുരം ഋഷിമംഗലത്തു മാധവന്‍നായര്‍. അമ്മ കന്യാകുമാരി ജില്ലയില്‍ കവിയല്ലൂര്‍ മേച്ചേരിത്തറവാട്ടില്‍ ഗൗരിക്കുട്ടിയമ്മ. സാഹിത്യം, വേദാന്തം, സംഗീതം, ജ്യോതിഷം, വാസ്തുശാസ്ത്രം, വൈദ്യം ഇവ പരിചിത മേഖലകള്‍ നെയ്യാറ്റിന്‍കരയില്‍ ഹോമിയോ പ്രാക്റ്റീസ് ചെയ്യുന്നു. ശ്രീ വിദ്യാധിരാജ വേദാന്തപഠനകേന്ദ്രം, സാരസ്വതം കലാസാഹിത്യവേദി എന്നിവയില്‍ പ്രവര്‍ത്തിക്കുന്നു.
ഇതരകൃതികള്‍ : കൊടിയേറ്റം (കവിത), എരിനീര്‍പ്പൂക്കള്‍ (കവിത), നമ്മുടെ റോസയും പൂത്തു (ബാല സാഹിത്യം), പാലടപ്പായസം (ബാലസാഹിത്യം), എന്റെ മണ്ണ് എന്റെ മാനം (ബാലനോവല്‍)
വിലാസം : ഗൗരീശങ്കരം, രാമേശ്വരം, അമരവിള പോസ്റ്റ്, നെയ്യാറ്റിന്‍കര
തിരുവനന്തപുരം, പിന്‍ – 695 122, ഫോണ്‍ : 0471-2222070
പ്രസാധകര്‍ : വിവേകം പബ്ലിക്കേഷന്‍സ്
രാമേശ്വരം, അമരവിള P.O ,
നെയ്യാറ്റിന്‍കര, തിരുവനന്തപുരം – 695 122
ഫോണ്‍: 0471-2222070
Discussion about this post