ഭാരതീയ ജനതാ പാര്‍ട്ടിക്ക് കേരളാ നിയമസഭ ഇപ്പോഴും ബാലികേറാ മലയായി തുടരുകയാണ്. ഒരു സാമാജികനെ തെരഞ്ഞെടുത്ത് ഹൈന്ദവരുടെ അഭിമാനം കാക്കാന്‍ ഇതുവരെ ആയില്ലയെന്നതിനു കാരണം കേരളത്തിലെ ഭൂരിപക്ഷ സമൂഹത്തിന്റെ ഐക്യത്തിന്റെ പ്രശ്‌നം മാത്രമല്ല, ബി.ജെ.പിയെന്ന പാര്‍ട്ടിയിലെ അന്തഛിദ്രം കൂടിയാണ്. കേന്ദ്രത്തില്‍ ഭരണത്തിലെത്തിയ ഒരു കക്ഷിക്കാണ് കേരളത്തില്‍ ഈ അവസ്ഥ.
ഇരു മുന്നണികളും മാറിമാറി ഭരിക്കുന്ന സംസ്ഥാനത്തിന്റെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ ബി.ജെ.പിക്ക് വളര്‍ന്നു കയറാന്‍ ഒട്ടേറെ പ്രതിസന്ധികളുണ്ട്. എന്നാല്‍ ന്യൂനപക്ഷ പ്രീണനത്തിലൂടെ ഹൈന്ദവഭൂരിപക്ഷത്തെ അവഗണിക്കുന്ന ശക്തികളെ നേരിടാന്‍ ഹിന്ദു വോട്ടുബാങ്ക് വളര്‍ത്തിയെടുക്കാന്‍ ഒരു രാഷ്ട്രീയ പ്രസ്ഥാനം ആവശ്യമാണെന്ന ബോധം ഹിന്ദു സമൂഹത്തിനുണ്ട്. ആ വികാരത്തെ മുതലെടുത്തുകൊണ്ട് ഹൈന്ദവരുടെ ആത്മാഭിമാനം സംരക്ഷിക്കാനുള്ള പാര്‍ട്ടിയായി ബി.ജെ.പി വളരാത്തതിനു കാരണം ഗ്രൂപ്പുകളുടെ പേരില്‍ ചേരിതിരിഞ്ഞു നില്‍ക്കുന്നതുതന്നെയാണ്. ഒരു എം.എല്‍.എയെപ്പോലും സൃഷ്ടിക്കാന്‍ കഴിയാത്ത പാര്‍ട്ടിയായ ബി.ജെ.പിയില്‍ ഇപ്പോള്‍ ഗ്രൂപ്പ് വൈരം ഇത്രയാണെങ്കില്‍ നിര്‍ണ്ണായക രാഷ്ട്രീയ ശക്തിയായാല്‍ എന്താകുമെന്നാണ് ഹൈന്ദവ സമൂഹത്തില്‍നിന്നുതന്നെ ഉയരുന്ന ചോദ്യം.
പിന്നോക്ക ദളിത് സമൂഹങ്ങള്‍ക്കിടയില്‍ ബി.ജെ.പിക്ക് ഇന്നും നിര്‍ണ്ണായക ശക്തിയാകാന്‍ കഴിഞ്ഞിട്ടില്ല. കേരളത്തിന്റെ സാമൂഹിക സാഹചര്യത്തില്‍ ഹൈന്ദവരിലെ സവര്‍ണ വിഭാഗത്തിന്റെ മാത്രം പാര്‍ട്ടി എന്ന നിലയില്‍ ബി.ജെ.പിയെ പരിഗണിക്കുന്നവരുണ്ട്. ഈ ചിന്ത മാറ്റിയെടുക്കുവാന്‍ പാര്‍ട്ടിയുടെ നേതൃസ്ഥാനങ്ങളില്‍ പിന്നോക്ക ദളിത് വിഭാഗങ്ങള്‍ക്ക് അവസരം നല്‍കിക്കൊണ്ട് ഹൈന്ദവ സമൂഹത്തെ ഒറ്റക്കെട്ടായി അണിനിരത്തുക എന്ന ദൗത്യം ബി.ജെ.പിക്കുണ്ട്. പിന്നോക്കക്കാരനായ നരേന്ദ്രമോഡിയെ ഭാരത്തിന്റെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ബി.ജെ.പി മുന്നോട്ടുവെച്ച സാഹചര്യത്തില്‍ ഇതിന് ഏറെ പ്രസക്തിയുണ്ട്.
ജാതിയോ മറ്റെന്തെങ്കിലും പരിഗണനയോ നല്‍കാതെ കഴിവിന്റെയും പ്രവര്‍ത്തന പരിചയത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തകരെ നേതൃസ്ഥാനത്തേക്ക് ഉയര്‍ത്തിക്കൊണ്ടുവരുകയും പിന്നോക്ക ദളിത് വിഭാഗങ്ങളുടെ അഭയസ്ഥാനമാണ് ബി.ജെ.പിയെന്ന് പ്രവര്‍ത്തനത്തിലൂടെ തെളിയിക്കുകയും വേണം. അതിന് ആദ്യം വേണ്ടത് ഗ്രൂപ്പുകള്‍ വെടിഞ്ഞുകൊണ്ടുള്ള ഒരു നേതൃത്വമാണ്. ലോകസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുന്ന അവസരത്തില്‍ ഇക്കാര്യത്തിലുള്ള ഒരു പുനര്‍ചിന്തനം ഉന്നത നേതാക്കള്‍ മുതല്‍ സാധാരണ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുവരെയുണ്ടായാല്‍ അത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് ഉറപ്പാണ്.
കേരളത്തിലെ ഹൈന്ദവജനത ഒട്ടേറെ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഒരു ഘട്ടമാണിത്. അവരുടെ നിലനില്‍പ്പുതന്നെ ചോദ്യംചെയ്യപ്പെടുന്നു. ന്യൂനപക്ഷങ്ങള്‍ രാഷ്ട്രീയ അധികാരം ഉപയോഗിച്ച് സമസ്ത മേഖലകളും കൈപ്പിടിയിലൊതുക്കുമ്പോള്‍ നോക്കുകുത്തികളായി നില്‍ക്കേണ്ട ഗതികേടിലാണ് ഹൈന്ദവ സമൂഹം. ഇത് തിരിച്ചറിയാനുള്ള ഔചിത്യം കേരളത്തിലെ ബി.ജെ.പി നേതൃത്വം പ്രകടിപ്പിക്കണം. അതിന് ബി.ജെ.പിയില്‍ ഗ്രൂപ്പുകള്‍ക്കതീതമായ ഒരു സമവായ ശ്രമം ഈ കാലഘട്ടം ആവശ്യപ്പെടുന്നുവെന്ന കാര്യം മറക്കരുത്.
Discussion about this post