ന്യൂഡല്‍ഹി: വോട്ട് രേഖപ്പെടുത്തുന്നതിന് രസീത് ഏര്‍പ്പെടുത്തുന്ന പുതിയ രീതി നടപ്പാക്കുന്നതിന് സുപ്രീംകോടതി അനുമതി നല്‍കി. 2014 ലെ തിരഞ്ഞെടുപ്പ് മുതല്‍ രസീത് നല്‍കുന്ന രീതി നടപ്പിലാക്കണമെന്ന് സുപ്രീംകോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദേശിച്ചു. ഘട്ടം ഘട്ടമായി വോട്ടിന് രസീത് നടപ്പിലാക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനും കോടതിയില്‍ അറിയിച്ചു. ഇതിന് 1500 കോടിയിലേറെ രൂപ ആവശ്യമായി വരും. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാരിന് കത്തയച്ചിട്ടുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിക്കുകയായിരുന്നു.
ജനതാപാര്‍ട്ടി നേതാവ് സുബ്രഹ്മണ്യം സ്വാമി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഈ ഉത്തരവ്. രസീത് നല്‍കുന്നതിന് വേണ്ടസാമ്പത്തിക സഹായം കേന്ദ്രം നല്‍കണമെന്നും ഉത്തരവിലുണ്ട്. പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ ഒരു വോട്ടര്‍ക്ക് താന്‍ ആര്‍ക്ക് വോട്ട് ചെയ്തു എന്ന് കൃത്യമായ സ്ഥിരീകരണ രസീത് ലഭിക്കും.
വോട്ടിങ് യന്ത്രത്തില്‍ ക്രമക്കേടുണ്ടെന്ന ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് വിഷയം ഉന്നയിച്ച് സുബ്രഹ്മണ്യം സ്വാമി കോടതിയെ സമീപിച്ചത്. വോട്ട് കച്ചവടം നടക്കുന്നതായി ആരോപണം ശക്തമായിരിക്കെ ഈ രീതി ദുരുപയോഗം ചെയ്യാനുള്ള സാധ്യതയും ചിലര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. തിരഞ്ഞെടുപ്പ് രംഗത്ത് വന്‍ അഴിച്ചുപണി നിര്‍ദേശിക്കുന്ന ഉത്തരവുകളാണ് സുപ്രീംകോടതിയില്‍ നിന്ന് തുടര്‍ച്ചയായി വരുന്നത്. കഴിഞ്ഞയിടെയാണ് നിഷേധ വോട്ട് രേഖപ്പെടുത്തുന്നതിന് വോട്ടിങ് യന്ത്രത്തില്‍ അവസരം ഒരുക്കണമെന്ന സുപ്രധാന വിധി സുപ്രീംകോടതി പുറപ്പെടുവിച്ചത്.
Discussion about this post