ദേവീ ഉപാസകനായ ജഗദ്ഗുരു
ഡോ. പൂജപ്പുര കൃഷ്ണന്‍ നായര്‍
2.സര്‍വദേവതാമയി
സര്‍വജഗന്മയിയായ ദേവി സര്‍വദേവതാമയി കൂടിയാകുന്നു. ഓങ്കാരസ്വരൂപിണിയായ ജഗദംബികയാണു സ്വന്തം ശക്തിതരംഗങ്ങള്‍കൊണ്ട് ഇക്കാണായ ജീവജഗത്തിനെയും ജഡപ്രപഞ്ചത്തെയും സൃഷ്ടിക്കുന്നത്. വ്യത്യസ്ത പദാര്‍ത്ഥങ്ങളുടെ നിര്‍മ്മിതിക്കായി ഭിന്ന ആവൃത്തികളില്‍ സ്പന്ദിക്കുന്ന പരാശക്തിയുടെ അംശങ്ങളാകുന്നു ദേവന്മാര്‍. അവരുടെ സംഖ്യ മുപ്പത്തിമുക്കോടിയുണ്ടെന്നു പുരാണങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നു. ദേവിയുടെ അംശരൂപങ്ങാകയാല്‍ ദേവന്മാരില്‍ നിറഞ്ഞു നില്‍ക്കുന്നതും ദേവിയല്ലാതെ മറ്റാരുമല്ല. അതിനാല്‍ ദേവന്മാരില്‍ ആരെ ഉപാസിച്ചാലും അതു വിദ്യാരൂപിണിയായ പരാശക്തിയില്‍ തന്നെ എത്തിച്ചേരും. ശിവന്‍, ശ്രീരാമന്‍, ശ്രീകൃഷ്ണന്‍, ശാസ്താവ് തുടങ്ങിയ ഈശ്വര ഭാവങ്ങളും ദേവിയുടെതന്നെ വിവിധ രൂപങ്ങളാകുന്നു. ‘ഏകം സദ് വിപ്രാഃ ബഹുധാവദന്തി’ തുടങ്ങിയ വൈദികമന്ത്രങ്ങള്‍ ഇക്കാര്യം വ്യക്തമാക്കിയുമിരിക്കുന്നു. സര്‍വദേവതാമയിയാണു ദേവിയെന്നു വ്യക്തം. ദേവ്യുപാസകനായ സ്വാമിജിക്ക് സമസ്ത ദേവതമാരും ഒരുപോലെ ആരാദ്ധ്യരായിത്തീരുന്നതിനു കാരണവും വേറൊന്നല്ല.
ആശ്രമത്തില്‍ ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദര്‍ നടത്തിയിരിക്കുന്ന പ്രതിഷ്ഠ ശ്രീരാമസീതാ ആഞ്ജനേയന്മാരുടേതാണ്. ശ്രീരാമനും സീതയും ഹനുമാനും സ്വാമി തൃപ്പാദങ്ങള്‍ക്ക് സ്വന്തം ഉപാസ്യദേവതയായ ആദിപരാശക്തി തന്നെ. എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണ പാരായണം ചെയ്യല്‍ സ്വാമിജിക്ക് മഹാതപസ്സായിരുന്നു. 1920ല്‍ ആശ്രമം സ്ഥാപിച്ചതുമുതല്‍ എല്ലാ ദിവസവും രാമായണം ഒരാവര്‍ത്തി വായിച്ചു പട്ടാഭിഷേകം ചെയ്യുന്ന പൂജാവിധി ഗുരുപാദര്‍ നടപ്പിലാക്കിയത് സ്വാമി തൃപ്പാദങ്ങളും അഭംഗുരം തുടര്‍ന്നു. മഹാസമാധിക്കുശേഷവും ഗുരുവിന്റെ ഇച്ഛാശക്തിയാല്‍ അതു തുടരുന്നു. ശ്രീരാമസന്നിധിയിലിരുന്ന് സ്വാമിജി രാമായണം വായിക്കുന്നതു കേട്ടാല്‍ ഏതു ശിലാഹൃദയനും ലയിച്ചുപോകും. അതാണ് ആ നാദത്തില്‍ പ്രതിബിംബിക്കുന്ന ഭക്തിലഹരി. അദൈ്വതിക്കു ഭക്തനാകാനാകുമോ എന്നു സംശയിക്കുന്നവര്‍ സ്വാമിജിയുടെ രാമായണപാരായണം കേള്‍ക്കണം. ശ്രീരാമപട്ടാഭിഷേകം നടത്തുമ്പോള്‍ അദ്ദേഹം സ്വയം ഹനുമാരാകും. ജാനകീരാമന്മാരെ സ്വന്തം ഹൃദയത്തില്‍ പ്രതിഷ്ഠിച്ചു പട്ടാഭഷേകം നടത്തും. രാമക്ഷേത്രസവിധത്തില്‍ വിഷ്ണുസഹസ്രനാമവും ലളിതാസഹസ്രനാമവും ചൊല്ലി അര്‍ച്ചനചെയ്യും. കലിയുഗവരദനായ ധര്‍മ്മശാസ്താവിനു മുന്നില്‍ ഇരുമുടിക്കെട്ടുമായി ശരണംവിളികളോടെ പടി പതിനെട്ടും ചവിട്ടി കടന്നുചെല്ലും. ശരണമന്ത്രം സ്വാമിജിക്കു ലളിതാസഹസ്രനാമമാണ്. ധര്‍മ്മശാസ്താവിന്റെ തിരുസന്നിധി അദ്ദേഹം സ്വന്തം കരങ്ങള്‍കൊണ്ടു ശുദ്ധീകരിക്കും. കൈലാസവാസിയായ ശ്രീപമേശ്വരനുമുന്നില്‍ അദ്ദേഹം കൈകൂപ്പിനില്‍ക്കും. അവിടെ ദേവി അദ്ദേഹത്തിനു ശിവരൂപിണിയാണ്. തിരുമാന്ധാംകുന്ന് ദേവീക്ഷേത്രത്തില്‍ മഹാദേവദര്‍ശനം ചെയ്ത് അദ്ദേഹം ശിവകേശാദിപാദം ആലപിക്കും. ഗുരുനാഥനായ ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരുടെ സമാധിക്ഷേത്രത്തിനു മുന്നില്‍നിന്ന് കിരാത കഥയിലെ അര്‍ജ്ജുനനെപ്പോലെ…..
‘ദേവ ദേവ തവ പാദേ ആവോളം ഞാനര്‍ച്ചിച്ചോരു
പൂവുകള്‍ കാണുന്നിതല്ലോ കേവലം കാട്ടാളമൗലൗ
അന്തകാരി ഭഗവാന്‍ താനെന്തിതെന്നെച്ചതിക്കയോ
വെണ്‍തിങ്കള്‍തെല്ലിതാകണ്ടേന്‍ ഹന്തവേടന്‍ തന്‍ തലയില്‍.’
എന്നു എല്ലാം മറന്നു സ്വാമിജി പാടും. തിരുനാവായയിലെ ശ്രീമുകുന്ദനു മുന്നില്‍ മുകുളീകൃതപാണിയായി നില്‍ക്കും. ഗുരുവായൂരമ്പലമുറ്റത്ത് സാക്ഷാല്‍ കുചേലബ്രാഹ്മണനെപ്പോലെ നിറഞ്ഞ ഭക്തിയോടെ അവില്‍ പൊതിയുമായി കടന്നുചെന്ന് ‘അജിത ഹരേ ജയ മാധവ വിഷ്‌ണോ അജമുഖ ദേവ നത…..’ എന്നു ഹൃദയം തുറന്നാലപിക്കും.
‘പലദിനമായി ഞാനും ബലഭദ്രാനുജാ നിന്നെ
നലമോടുകാണ്മതിന്നായ് കളിയല്ലേ രുചിക്കുന്നു,
കാലവിഷമം കൊണ്ടു കാമം സാധിച്ചതില്ലേ
നീലനീരദവര്‍ണ്ണ…..’
എന്ന് അദ്ദേഹം മധുരസ്വരത്തില്‍ പാടുന്നതുകേട്ട് ഭക്തജനങ്ങള്‍ തരിച്ചുനില്‍ക്കും. നൈമിഷാരണ്യത്തില്‍ നിന്നുകൊണ്ട് വാസഭഗവാന്‍ നടത്തിയ പുരാണസത്രങ്ങളെ പ്രശംസിക്കും. യമുനാതീരത്തെ വൃന്ദാവനത്തില്‍ ലീലാഗോപകുമാരനെ ദര്‍ശിക്കും. തുഞ്ചന്‍ പറമ്പില്‍ എഴുത്തച്ഛന്റെ ദര്‍ശനം, ചെമ്പഴന്തിയിലെ പരമപുണ്യഭൂവില്‍ ശ്രീനാരായണദര്‍ശനം, കണ്ണമ്മൂലയിലെ കൊല്ലൂര്‍ ഗ്രാമത്തില്‍ പരമഭട്ടാരക വിദ്യാധിരാജ ചട്ടമ്പിസ്വാമിയുടെ ദര്‍ശനം. എല്ലാ ദേവതമാരും എല്ലാ ഗുരുക്കന്മാരും സ്വാമി തൃപ്പാദങ്ങള്‍ക്ക് ജഗന്മാതാവായ ദേവി തന്നെയായിരുന്നു. അതാണു അദൈ്വതാനുഭൂതിയുടെ പരമോദാത്ത മണ്ഡലം.
ആറ്റുകാലമ്മയുടെ തിരുമുമ്പില്‍
ലോകജനനിയുടെ പരമഭക്തനായ സ്വാമിജി ആറ്റുകാലമ്മയെ അനേകതവണ ദര്‍ശനം നടത്തിയിട്ടുണ്ട്. ആ തിരുമുമ്പില്‍ തൊഴുകയ്യോടെ നിന്നിട്ടുണ്ട്. ആറ്റുകാലമ്പലത്തിന്റെ ഭാരവാഹികള്‍ അനേകതവണ വിവിധ വിശേഷങ്ങള്‍ക്കായി സ്വാമിജിയെ ക്ഷണിച്ചുകൊണ്ടുപോയിട്ടുണ്ട്. അതിലെല്ലാം സ്വാമിജി സോത്സാഹം പങ്കെടുത്തു. ജ്ഞാനപ്രദായകവും വശ്യമധുരവുമായ ആ പ്രസംഗശൈലി അനേകായിരങ്ങളെ ഈ ക്ഷേത്രസന്നിധിയില്‍ പിടിച്ചിരുത്തി. സ്വാമിജി ആരംഭിച്ച കര്‍മ്മപദ്ധതികളില്‍ ആറ്റുകാല്‍ അമ്പലം ട്രസ്റ്റും നിരന്തരം സഹകരിച്ചിട്ടുണ്ട്. ശ്രീരാമനവമി ഹിന്ദുമഹാസമ്മേളനത്തിലും ശ്രീരാമലീലയിലുമെല്ലാം അതിന്നും അഭംഗുരം തുടരുന്നു. ശ്രീരാമലീലയിലെ അയോദ്ധ്യാകാണ്ഡം എല്ലാവര്‍ഷവും നടക്കുന്നത് ആറ്റുകാലമ്പലത്തിലാണ്. അതിനോടനുബന്ധിച്ച് രണ്ടുതവണ രാമായണത്തിലെ അയോദ്ധ്യാകാണ്ഡം ദൃശ്യവത്കരിച്ച് അവതരിപ്പിക്കുകയുമുണ്ടായി. ശ്രീരാമലീല ദേവീക്ഷേത്രത്തില്‍ ആണ്ടുതോറും നടക്കുന്നതും അദൈ്വതാനുഭൂതിയുടെ നിദര്‍ശനമാകുന്നു. ശ്രീരാമനവമി ഹിന്ദുമഹാസമ്മേളനത്തിനു ദീപം ജ്വലിപ്പിക്കുന്നത് ആറ്റുകാല്‍, ശ്രീകണ്‌ഠേശ്വരം, പഴവങ്ങാടി ക്ഷേത്രങ്ങളില്‍നിന്നു കൊണ്ടുവരുന്ന ദീപങ്ങളില്‍നിന്നാണ് എന്നതും സ്മരണീയമാകുന്നു.
Discussion about this post