ദേവീ ഉപാസകനായ ജഗദ്ഗുരു
ഡോ. പൂജപ്പുര കൃഷ്ണന്‍ നായര്‍
3. ലക്ഷാര്‍ച്ചനകളും കോടിയര്‍ച്ചനകളും
ദേവിയെ ഉപാസിക്കാന്‍ അനേകം മാര്‍ഗ്ഗങ്ങളുണ്ട്. അവയില്‍ പ്രധാനപ്പെട്ടതും സുകരവുമാണ് അര്‍ച്ചന. അതിനാല്‍ ദേവീപ്രീതിക്കുതകുന്ന അനുഷ്ഠാനപദ്ധതിയായി സ്വാമിതൃപ്പാദങ്ങള്‍ ലളിതാസഹസ്രനാമാര്‍ച്ചന ഉപദേശിച്ചു. സഹസ്രനാമം ജപിക്കാനും അര്‍ച്ചന ചെയ്യാനും സ്ത്രീകള്‍ക്കും ശുഭ്രാദികളായ താണ ജാതിക്കാര്‍ക്കും അധികാരമില്ലെന്ന ധാരണ പരക്കെ നിലവിലിരുന്ന സമയത്താണ് സഹസ്രനാമം ജപിക്കാനും അര്‍ച്ചിക്കാനും മനശുദ്ധിയുള്ള ആര്‍ക്കും അധികാരമുണ്ടെന്നു പ്രഖ്യാപിച്ചുകൊണ്ട് അര്‍ച്ചനാവിധികള്‍ സ്വാമിജി ഏവരെയും പഠിപ്പിച്ചത്. പരസ്യകലയില്‍ താല്പര്യമില്ലാത്ത സ്വാമിജി ഇതൊരു വിപ്ലവമായി ഒരിക്കലും അകാശവാദമുന്നയിച്ചിട്ടില്ല. താന്‍ ഇതിനു നേതൃത്വം കൊടുക്കുന്നു എന്ന വിചാരം വിദൂരമായിപ്പോലും അദ്ദേഹത്തെ തീണ്ടിയുമില്ല. അങ്ങനെയായാല്‍ അതു പൂജയായിത്തീരുകയില്ലെന്ന് അദ്ദേഹം ദൃഢമായി വിശ്വസിച്ചിരുന്നു. സമ്പൂര്‍ണ്ണ സമര്‍പ്പണത്തില്‍ അവകാശവാദങ്ങള്‍ക്ക് അര്‍ത്ഥമില്ലല്ലൊ. നാനാജാതി മതസ്തരെ അര്‍ച്ചന പഠിപ്പിച്ച് അറുപതുകളുടെ ആദ്യംതന്നെ അദ്ദേഹം ആശ്രമത്തില്‍ അര്‍ച്ചനകള്‍ സംഘടിപ്പിക്കുകയും കേരളത്തിനകത്തും പുറത്തുമായി വിവിധ ക്ഷേത്രങ്ങളില്‍ സംഘടിപ്പിക്കാന്‍ പ്രേരിപ്പിക്കുകയും അതിനായി സഹായിക്കുകയും ചെയ്തു. ദേവ്യുപാസനയിലേക്ക് മാനവജാതിയെ മുഴുവന്‍ ആനയിക്കുന്നതിലൂടെയാണ് സ്വാമിജിയിലെ ദേവ്യുപാസന പൂര്‍ണ്ണത കൈവരിക്കുന്നത്. ലക്ഷാര്‍ച്ചനകള്‍ ആശ്രമത്തില്‍ സാധാരണമാണ്. കോടി അര്‍ച്ചനകളും അവിടെ അസാധാരണമല്ല. ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് ആശ്രമത്തില്‍ സ്വാമിജി ലളിതാസഹസ്രനാമം കൊണ്ടു ശതകോടി നൂറുകോടി അര്‍ച്ചന നടത്തി. തുടര്‍ന്ന് പൂനയിലെ ശ്രീക്ഷേത്ര നാരായണ്‍പൂര്‍ ആശ്രമത്തില്‍വച്ചു വിശ്വചൈതന്യ സദ്ഗുരു നാരായണ്‍ മഹാരാജിന്റെ ക്ഷണം സ്വീകരിച്ച് ദ്വിശതകോടി (ഇരുന്നൂറുകോടി) അര്‍ച്ചനയും നടത്തി. അനന്തരമാണ് സഹസ്രകോടി അര്‍ച്ചന അദ്ദേഹം വിഭാവന ചെയ്തത്. ലോകനന്മയ്ക്കായുള്ള ആ മഹാകര്‍മ്മം ഇന്നും ആശ്രമത്തില്‍ തുടരുന്നു. നൈമിഷാരണ്യത്തില്‍ ചക്രതീര്‍ത്ഥക്കരയിലുള്ള ലളിതാംബികാ ദേവിയുടെ തിരുസന്നിധിയില്‍ സ്വാമി തൃപ്പാദങ്ങള്‍ ലളിതാസഹസ്രനാമ സമൂഹാര്‍ച്ചന ചെയ്യിച്ചതു പ്രസിദ്ധമാണ്. അവിടത്തെ പൂജാരിമുതല്‍ സമൂഹത്തിലെ താഴെക്കിടയിലുള്ളവര്‍ വരെ സമഭാവനയോടെ അതില്‍ പങ്കെടുത്തു അനുഗ്രഹം നേടി. എല്ലാപേരും ജഗദംബികയുടെ മക്കളാണെന്ന ഭാവന വളര്‍ത്തുന്നതില്‍ ഇത്തരം അര്‍ച്ചനായജ്ഞങ്ങള്‍ വഹിക്കുന്ന പങ്ക് നിസ്സീമമാണ്.
പ്രകൃതിയെ നിയന്ത്രിക്കുന്ന അര്‍ച്ചന
പെയ്യാത്ത മഴ പെയ്യിക്കാനും പെയ്യു്‌നന മഴ തടഞ്ഞു നിര്‍ത്താനുമുള്ള കഴിവ് ഭൗതികശാസ്ത്രം ഇനിയും നേടിയിട്ടില്ല. പക്ഷേ പ്രകൃതിയെ നിയന്ത്രിച്ച് മഴ പെയ്യിക്കാനും മഴ ഒഴിവാക്കാനും അര്‍ച്ചനയ്ക്കാകുമെന്ന് അനേകതവണ തെളിയിച്ച ദേവീഭക്തനാണു സ്വാമിജി. ആയിരങ്ങള്‍ സാക്ഷ്യംവഹിച്ച ഒരു സംഭവം ഉദാഹരിക്കാം. 1991ല്‍ തിരുവനന്തപുരത്തു പുത്തരിക്കണ്ടം മൈദാനിയില്‍ ആദ്യത്തെ ശ്രീരാമനവമി ഹിന്ദുമഹാസമ്മേളനം സംഘടിപ്പിക്കപ്പെട്ടപ്പോള്‍ ശ്രദ്ധയും ഭക്തിയുമുള്ള എല്ലാ ജനങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് സ്വാമിജി മഹാലക്ഷ്മി പൂജ നടത്തി. പൂജയ്ക്കു വേണ്ടുന്ന നിലവിളക്കുകളെല്ലാം ആറ്റുകാല്‍ അമ്പലത്തില്‍നിന്നാണു കൊണ്ടുവന്നത്. ഇന്നും ആ പതിവിനു മാറ്റം സംഭവിച്ചിട്ടില്ല. വേനല്‍ക്കാലത്തെ നല്ല വെയിലുള്ള ദിവസമായിരുന്നു അന്ന്. ഒരുക്കങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ പെട്ടെന്ന് ആകാശം മേഘമാലകള്‍ കൊണ്ടു നിറഞ്ഞു. തണുത്ത കാറ്റ് ശക്തിയായി വീശിത്തുടങ്ങി. ഉടന്‍തന്നെ മഴ തകര്‍ത്തുപെയ്യുമെന്ന സംഭീതി പ്രവര്‍ത്തകരിലെല്ലാം പരന്നു. അപ്പോള്‍ സ്വാമിജിയുടെ അചഞ്ചലമായ നില്‍പ്പ് കാണേണ്ടതുതന്നെയായിരുന്നു. ‘ഇവിടെ മഴ പെയ്യില്ലെ’ന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞു. ധൈര്യമായി ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു. പൂജയെത്തുടര്‍ന്നു അര്‍ച്ചന യഥാസമയം ആരംഭിച്ചു. തൊട്ടു തെക്ക് വെട്ടിമുറിച്ച കോട്ടവരെയും വടക്ക് ഓവര്‍ബ്രിഡ്ജുവരെയും മഴ തകര്‍ത്തു പെയ്യാനാരംഭിച്ചു. പുത്തരിക്കണ്ടത്തു തടിച്ചുകൂടി നിന്ന അനേക ആയിരങ്ങള്‍ക്ക് ആ ദൃശ്യം കാണാം. പക്ഷേ അര്‍ച്ചനാ വേദിയില്‍ വെയിലുമില്ല മഴയുമില്ല. അതുവരെ വീശിയടിച്ചിരുന്ന തണുത്ത കാറ്റും നിലച്ചു. അര്‍ച്ച കഴിയുംവരെ ഈ നില തുടര്‍ന്നത് കാഴ്ചക്കാരെയെല്ലാം അദ്ഭുതപ്പെടുത്തി. ദേവി സത്യമാണെന്നും അര്‍ച്ചന സത്യമുള്ളതാണെന്നും സ്വാമിജി തെളിയിച്ചു തരികയായിരുന്നു. മഴപെയ്യാതെ പൊറുതിമുട്ടിയ ഇടങ്ങളില്‍ മഴ പെയ്യിക്കാനും ലളിതാസഹസ്രനാമ അര്‍ച്ചനാതന്ത്രം തന്നെ സ്വാമിജി പലതവണ ഉപയോഗിച്ചതിന് അനുഭവസ്ഥര്‍ ധാരാളമുണ്ട്. ഇത്തരം പ്രത്യക്ഷോദാഹരണങ്ങള്‍ അസംഖ്യമുള്ളത് വിസ്തരദയംകൊണ്ട് ഉപേക്ഷിക്കുന്നുവെന്നേയുള്ളു. ദേവി പ്രകൃതിസ്വരൂപിണിയാണ്. ആ അമ്മയെ ഉപാസിച്ചാല്‍ അസാദ്ധ്യമായി യാതൊന്നും തന്നെ ഈ പ്രപഞ്ചത്തിലുണ്ടാവിലെന്നതിന് വോറൊരു തെളിവുവേണ്ട.
ജ്യോതിക്ഷേത്രത്തിലെ ദേവീജ്യോതിസ്സ്

സ്വന്തം ഗുരുനാഥനായ ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരുടെ സ്മാരകമായാണ് ഗുരുപാദശതാബ്ദിയില്‍ സ്വാമിജി ജ്യോതിക്ഷേത്രം നിര്‍മ്മിച്ചത്. തുടര്‍ന്ന് സംഘടിപ്പിക്കപ്പെട്ട ശതകോടി അര്‍ച്ചനയ്ക്ക് അതു വേദിയായിത്തീര്‍ന്നു. സ്വാമിജിയുടെ സമാധിക്ഷേത്രമായി ജ്യോതിക്ഷേത്രം പരിണമിക്കുമെന്ന് അന്ന് ആരും കരുതിയില്ല. പക്ഷേ ഗുരുപാദരുടെ തീരുമാനം അതായിരുന്നു എന്നു കാലം തെളിയിച്ചു.
ശതകോടി അര്‍ച്ചന നടന്നുകൊണ്ടിരുന്ന ഒരു സായന്തനസന്ധ്യയിലാണ് ആ മഹാത്ഭുതം സംഭവിച്ചത്. നയനാഭിരാമമായ നീലാകാശത്തിന്റെ അനന്തതയില്‍ നിന്നു ഒരു പൊട്ടുപോലെ തീക്ഷ്ണമായ പ്രകാശപുഞ്ജം ജ്യോതിക്ഷേത്രത്തിനു മുകളിലേക്ക് കിഴ്ക്കാംതൂക്കായി ഇറങ്ങിവരുന്നത് ചില ഭക്തജനങ്ങള്‍ കണ്ടു. അവരുടന്‍ ഉച്ചത്തിലുള്ള ഭജനഘോഷം കേട്ട് ക്ഷേത്രത്തിനുള്ളിലുണ്ടായിരുന്ന രണ്ടായിരത്തില്‍ പരം അര്‍ച്ചകരും ഓടിക്കൂടി ക്ഷേത്രാങ്കണം നിറഞ്ഞു. സദ്ഗുരു നാരായണ്‍ മഹാരാജിന്റെ നേതൃത്വത്തില്‍ പൂനയില്‍ നിന്നുവന്ന 1700 അര്‍ച്ചകര്‍ അതില്‍പെടും. ജ്യോതിക്ഷേത്രത്തിനു മുകളിലേക്ക് അന്തരീക്ഷത്തിലൂടെ മെല്ലെ മെല്ലെ താണു വരുന്തോറും അനേകം പ്രകാശഗോളങ്ങള്‍ നിറഞ്ഞ മണ്ഡലമായി അതു വളര്‍ന്നു. വിസ്തൃതമായ താഴികക്കുടത്തിന്റെ പരപ്പ് അതിനുള്ളതായി ദൃക്‌സാക്ഷികള്‍ക്കു അനുഭവപ്പെടുകയും ചെയ്തു. കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം ചൊരിഞ്ഞ് താഴികക്കുടത്തിനു തൊട്ടു മുകളില്‍ വന്നുനിന്ന ജ്യോതിര്‍മണ്ഡലം മൂന്നുതവണ മെല്ലെ ഉയര്‍ന്നു താണശേഷം ആകാശത്തിന്റെ കണ്ണെത്താത്ത ഉയരങ്ങളിലേക്കു സാവധാനം ഉയര്‍ന്നുപൊങ്ങി നക്ഷത്രാകാരമായി പരിണമിച്ചു ലയിച്ചടങ്ങി. ബ്രഹ്മശ്രീ സ്വാമി കൃഷ്ണാനന്ദസരസ്വതി തൃപ്പാദങ്ങളും സദ്ഗുരു നാരായണ്‍ മഹാരാജും അതു കാണാന്‍ ഭാഗ്യം സിദ്ധിച്ചവരില്‍പെടുന്നു. ജ്യോതിക്ഷേത്രം അക്ഷരാര്‍ത്ഥത്തില്‍ ജ്യോതിക്ഷേത്രമാണെന്ന് തെളിയിക്കപ്പെടുകയും ചെയ്തു. ‘എടോ ജ്യോതിക്ഷേത്രത്തില്‍ കെളവി ഇറങ്ങിവന്നു. ഇവരെല്ലാം കണ്ടു. നീ അറിഞ്ഞില്ലേ’ ലൈബ്രറിയിലെ കസേരിയിലിരുന്നു ചിരിച്ചുകൊണ്ടു അന്നുരാത്രി സ്വാമിജി ഈയുള്ളവനോടു പറഞ്ഞു ആ ജ്യോതിസ്സ് ലോകജനനിയായ ആദിപരാശക്തിയാണെന്ന് അതോടെ ഈയുള്ളവനു ബോദ്ധ്യമായി.
ജഗന്മാതാവിന്റെ പാദങ്ങളില്‍ സര്‍വസ്വവും സമര്‍പ്പിച്ച് ലോകഹിതാര്‍ത്ഥം കര്‍മ്മമണ്ഡലങ്ങളിലെല്ലാം നിരന്തരം പ്രവര്‍ത്തിച്ച ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങള്‍ക്ക് ഓരോ നിമിഷവും ദേവ്യുപാസനയ്ക്കുള്ളതായിരുന്നു. ഓരോ സങ്കല്പവും ആരാധനാപരമായിരുന്നു. ഓരോ വാക്കും ഓരോ പ്രവൃത്തിയും ദേവീമന്ത്രവും ദേവീപൂജയുമായിരുന്നു. മനുഷ്യജീവിതത്തിന്റെ പരമതത്ത്വമാണ് അതിലൂടെ വ്യാഖ്യാനിക്കപ്പെട്ടത്. അതാണ് ആ മഹാഗുരുവിന്റെ ജീവിതസന്ദേശം. നവരാത്രി പൂജയുടെ മഹത്വം ഇതില്‍നിന്നു മനസ്സിലാക്കാം.
Discussion about this post