തിരുവനന്തപുരം: വിവരാവകാശനിയമം ഭരണസ്ഥാപനങ്ങളെ കൂടുതല്‍ ഉത്തരവാദിത്തമുള്ളതാക്കി മാറ്റിയെന്ന് ഗവര്‍ണര്‍ നിഖില്‍കുമാര്‍ പറഞ്ഞു. വിവരാവകാശനിയമം സംബന്ധിച്ച് കനകക്കുന്നില്‍ ആരംഭിച്ച ദേശീയസെമിനാര്‍ കനകക്കുന്നില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
സുതാര്യതയും ചുമതലാബോധവും ജനാധിപത്യത്തില്‍ ഭരണസ്ഥാപനങ്ങള്‍ പുലര്‍ത്തേണ്ട മൗലികമായ കടമകളാണ്. വിവരാവകാശനിയമത്തെ അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ ഉപയോഗപ്പെടുത്താന്‍ ശ്രമിക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു. അതേസമയം വിവരാവകാശനിയമം ദുരുപയോഗം ചെയ്യുന്നത് തടയുകയും വേണം. വിവരാവകാശനിയമം വന്നതോടെ രാജ്യത്തെ പല സംസ്ഥാനങ്ങളിലും തദ്ദേശഭരണസ്ഥാപനങ്ങള്‍ ഫണ്ട് വിനിയോഗത്തിലും മറ്റും കൂടുതല്‍ ശ്രദ്ധ പുലര്‍ത്താന്‍ നിര്‍ബന്ധിതമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രായപൂര്‍ത്തി വോട്ടവകാശത്തിനുശേഷം രാജ്യത്ത് വലിയ മാറ്റം കൊണ്ടുവന്ന നിയമമാണ് വിവരാവകാശമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സുതാര്യതയും ജനങ്ങളോടുള്ള പ്രതിബദ്ധതയുമാണ് ജനാധിപത്യത്തിന്റെ ശക്തി. കേരളത്തില്‍ വിവരാവകാശ കമ്മീഷന്റെ പ്രവര്‍ത്തനം മാതൃകാപരമാണ്. ഏഴു വര്‍ഷത്തിനുള്ളില്‍ സമയബന്ധിതമായി വിവരം നല്‍കുന്നതില്‍ വീഴ്ച വരുത്തിയ 350 ഉദ്യോഗസ്ഥര്‍ക്ക് 30 ലക്ഷം രൂപ പിഴയീടാക്കി. കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും എല്ലാവിധ പിന്തുണയുമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൊതുഭരണവകുപ്പ് തയ്യാറാക്കിയ വിവരാവകാശനിയമം പുസ്തകവും പരാതികളുടെയും അപ്പീലുകളുടെയും തല്‍സ്ഥിതി അറിയാനുള്ള വെബ്‌സൈറ്റും ഗവര്‍ണര്‍ പ്രകാശനം ചെയ്തു. ചടങ്ങില്‍ കെ.മുരളീധരന്‍ എം.എല്‍.എ, ചീഫ് സെക്രട്ടറി ഇ.കെ.ഭരത് ഭൂഷണ്‍, വിവരാവകാശ കമ്മീഷണര്‍ ഡോ.സിബി മാത്യൂസ്, ഐ.എം.ജി ഡയറക്ടര്‍ ഡോ.നിവേദിതാ പി.ഹരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post