ഭോപ്പാല്‍: തിക്കിലും തിരക്കിലും നൂറിലേറെപ്പേര്‍ മരിച്ച ക്ഷേത്രനഗരിയില്‍ നിന്ന് മനസാക്ഷി മരവിപ്പിക്കുന്ന വെളിപ്പെടുത്തല്‍. പരിക്കേറ്റ നിരവധി കുട്ടികളെയും മരിച്ചകുട്ടികളുടെ മൃതദേഹങ്ങളും പാലത്തില്‍ നിന്ന് പൊലീസ് പുഴയിലേക്ക് വലിച്ചെറിഞ്ഞെന്നാണ് ആരോപണം. ദുരന്തത്തിന്റെ തീവ്രത കുറച്ചുകാട്ടാനും മരണ സംഖ്യ കുറച്ചുകാട്ടാനുമായിരുന്നു ഇതെന്ന് കരുതുന്നു. പൊലീസ് ഗ്രാമരക്ഷാ സമിതി അംഗം രാജുശ്രീ യാദവടക്കം നിരവധി പേര്‍ ഈ ആരോപണം ഉന്നയിച്ചു.
ഇടുങ്ങിയ പാലത്തില്‍ നിന്ന് പലരും ഇക്കാര്യം വിളിച്ചുപറഞ്ഞ് അലമുറയിടുന്നുണ്ടായിരുന്നു, യാദവ് പറഞ്ഞു. അഞ്ചുകുട്ടികളെ കണ്ടെത്തി രക്ഷിതാക്കളെ ഏല്‍പ്പിച്ച യാദവിന്റെ പക്കല്‍ ഒരു പെണ്‍കുട്ടിയുണ്ട്. രക്ഷിതാക്കളെ കണ്ടെത്തി കുട്ടിയെ കൈമാറാന്‍ ശ്രമിക്കുകയായിരുന്നു ഇദ്ദേഹം. ആരോപണം അങ്ങേയറ്റം ഗൗരവമേറിയതാണ്. തങ്ങള്‍ ഇത് അന്വേഷിക്കുകയാണ്. ശരിയെങ്കില്‍ ആ പൊലീസുകാര്‍ക്കെതിരെ കടുത്ത നടപടി വരുമെന്ന് ഡി.ജി.പി. നന്ദന്‍ കുമാര്‍ ദുബെ പറഞ്ഞു.
യാദവിനൊപ്പമുണ്ടായിരുന്നഅനന്തരവന്‍ കമല്‍ കിഷോര്‍ പ്രജാപതിയും ഇതു ശരി വെച്ചു. വെള്ളത്തില്‍ മുങ്ങുകയായിരുന്ന ഒരു കുട്ടിയെ ഞങ്ങള്‍ രക്ഷിച്ചു. അരാണവനെ വെള്ളത്തിലേക്ക് വലിച്ചെറിഞ്ഞതെന്ന് അറിയില്ല. അവനെ രക്ഷിച്ച് മാതാപിതാക്കള്‍ക്ക് കൈമാറാന്‍ കഴിഞ്ഞു. കിഷോര്‍ പറഞ്ഞു. ആരും മുങ്ങിമരിച്ചില്ലെന്നാണ് പൊലീസ് പറയുന്നത്. പക്ഷേ ദുരന്തസ്ഥലത്തുനിന്ന് ഏഴു കിലോമീറ്റര്‍ അകലെ നദിയില്‍ മൃതദേഹങ്ങള്‍ പൊങ്ങി. ഇതെങ്ങനെ സംഭവിച്ചു. കിഷോര്‍ ചോദിച്ചു.
അവര്‍ കാക്കിയിട്ട പിശാചുക്കളായിരുന്നു. പൊലീസുകാര്‍ കുട്ടികളെ പുഴയിലേക്ക് ഇടുന്നത് ഞാന്‍ നേരിട്ടു കണ്ടു. ഇന്ദേല്‍ അഷിര്‍വാര്‍ പറഞ്ഞു. കുറേ മൃതദേഹങ്ങള്‍ അവര്‍ ലോറിയില്‍ കയറ്റി എവിടേക്കോ കൊണ്ടുപോകുന്നതും ഞാന്‍ കണ്ടു. ദുരന്തസ്ഥലത്ത് ഞാന്‍ 175 മൃതദേഹങ്ങള്‍ എണ്ണിയതാണ്. പതിനഞ്ചുവയസുകാരനായ അഷിര്‍വാര്‍ പറഞ്ഞു.
തിരക്കില്‍ പെട്ട് മരിച്ച അഞ്ചു വയസുകാരന്‍ സഹോദരന്റെ മൃതദേഹം തിരഞ്ഞെത്തിയ തന്നെ പൊലീസ് പാലത്തില്‍ നിന്ന് തള്ളിമാറ്റിയതായും ഞാന്‍ ഏതു കോടതിയിലും ഇതു പറയാമെന്നും അഷിര്‍വാര്‍ പറഞ്ഞു. പരിക്കേറ്റു കിടന്ന ഒരു കുട്ടിയെ പൊലീസുകാര്‍ പാലത്തില്‍ നിന്ന് തള്ളി പുഴയിലിടുന്നത് താന്‍ കണ്ടതായി 34കാരനായ സന്തോഷ് മാഹോര്‍ പറഞ്ഞു.
Discussion about this post