ന്യൂഡല്‍ഹി: സൗജന്യ ഉച്ചഭക്ഷണ പദ്ധതി രാജ്യത്തെ ന്യൂനപക്ഷ ജില്ലകളിലെ സ്വകാര്യ വിദ്യാലയങ്ങളിലേക്കും വ്യാപിപ്പിക്കും. ഇതുമായി ബന്ധപ്പെട്ട് മാനവശേഷി മന്ത്രാലയം ധനമന്ത്രാലയത്തിന്റെ അനുമതി തേടി. ഒന്നേകാല്‍ കോടി വിദ്യാര്‍ത്ഥികളെക്കൂടി ഉച്ചഭക്ഷണ പദ്ധതികളില്‍ ഉള്‍പ്പെടുത്തുന്നതാണ് മാനവ ശേഷി മന്ത്രാലയത്തിന്റെ പുതിയ നിര്‍ദേശം. ന്യൂനപക്ഷ, ദളിത്, ആദിവാസി വിഭാഗങ്ങള്‍ പ്രബലമായ 200 ജില്ലകളിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളെക്കൂടി പദ്ധതിയില്‍ ഉള്‍പ്പെടുത്താനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. നിലവില്‍ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലാണ് സൗജന്യ ഉച്ചഭക്ഷണ പദ്ധതിയുള്ളത്. മലപ്പുറം ജില്ല ഈ പദ്ധതി നടപ്പാക്കുന്ന രാജ്യത്തെ 200 ന്യൂനപക്ഷ ജില്ലകളുടെ പട്ടികയിലുണ്ട്.
12.12 ലക്ഷം സ്‌കൂളുകളിലെ 10 കോടി 44 ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ പുതിയ പദ്ധതിയുടെ ഗുണം ലഭ്യമാകും. മാനവശേഷി മന്ത്രാലയത്തിന്റെ നിര്‍ദേശം ധനമന്ത്രാലയത്തിന് കീഴിലുള്ള ധനവിനിയോഗ സമിതിയുടെ പരിഗണനയില്‍ ആണ്. നേരത്തെ ആസൂത്രണ കമ്മീഷന്‍ പദ്ധതിക്ക് പച്ചക്കൊടി കാട്ടിയിരുന്നു.
വിദ്യാഭ്യാസ അവകാശ നിയമ പ്രകാരം സ്വകാര്യ സ്‌കൂളുകളില്‍ പ്രവേശനം ലഭിച്ച പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കും ഉച്ചഭക്ഷണം നല്‍കാനുള്ള നിര്‍ദേശം മന്ത്രാലയത്തിന്റെ പരിഗണനയില്‍ ഉണ്ട്. ഇതിന് വേണ്ടി വരുന്ന ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കണമെന്നും കേന്ദ്രം ഈ പണം നല്‍കാമെന്നുമാണ് വ്യവസ്ഥ. എന്നാല്‍ മുന്തിയ വിദ്യാലയങ്ങളില്‍ പാവപ്പെട്ടവര്‍ക്ക് സൗജന്യ ഭക്ഷണം നല്‍കുന്നത് ഇവരില്‍ അപകര്‍ഷതാബോധം സൃഷ്ടിക്കുമോ എന്ന ആശങ്കയും മന്ത്രാലയത്തിലെ ചില ഉദ്യോഗസ്ഥര്‍ക്കുണ്ട്.
Discussion about this post