ശബരിമല: പി.എന്‍.നാരായണന്‍ നമ്പൂതിരിയെ ശബരിമലയിലെ മേല്‍ശാന്തിയായി തെരഞ്ഞെടുത്തു. ഉഷഃപൂജയ്ക്കു ശേഷം രാവിലെ എട്ടിന് തന്ത്രി കണ്ഠര് മഹേശ്വരര് , ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എം.പി.ഗോവിന്ദന്‍ നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ നറുക്കെടുപ്പിലാണ് പുതിയ മേല്‍ശാന്തിയെ തിരഞ്ഞെടുത്തത്. എടപ്പാള്‍ സ്വദേശി പി.എം.മനോജാണ് മാളികപ്പുറം മേല്‍ശാന്തി. കോതമംഗലം തൃക്കാരിയൂര്‍ സ്വദേശിയാണ് പി.എന്‍.നാരായണന്‍ നമ്പൂതിരി.
എല്ലാം അയ്യപ്പസ്വാമിയുടെ അനുഗ്രഹമാണെന്ന് പി.എന്‍.നാരായണന്‍ നമ്പൂതിരിയും മാളികപ്പുറം മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട പി.എം.മനോജും പറഞ്ഞു.
ശബരിമല മേല്‍ശാന്തി പ്രാഥമിക പട്ടികയില്‍ 16 പേരും മാളികപ്പുറം മേല്‍ശാന്തി പട്ടികയില്‍ 12 പേരുമാണ് ഉണ്ടായിരുന്നത്. പന്തളം വലിയ കോയിക്കല്‍ കൊട്ടാര അംഗങ്ങളായ വ്യാസ് ജെ. വര്‍മയും ഗൗതമി എസ്. വര്‍മയുമാണ് നറുക്കെടുത്തത്. ശബരിമല മേല്‍ശാന്തിയെ വ്യാസ് ജെ. വര്‍മയും മാളികപ്പുറം മേല്‍ശാന്തിയെ ഗൗതമി എസ്. വര്‍മയുമാണ് നറുക്കെടുത്തത്. പന്തളം വലിയതമ്പുരാന്‍ രേവതിനാള്‍ പി. രാമവര്‍മരാജയുടെ നിര്‍ദേശ പ്രകാരം കൊട്ടാരം നിര്‍വാഹക സംഘം ഭാരവാഹികളാണ് ഇരുവരെയും ഇതിനായി നിയോഗിച്ചിരുന്നത്. 2011ലെ സുപ്രീം കോടതിയുടെ ഉത്തരവു പ്രകാരമാണ് വലിയ തമ്പുരാന്‍ നിര്‍ദേശിക്കുന്ന കുട്ടികളെ നറുക്കെടുപ്പിനായി നിയോഗിച്ചു തുടങ്ങിയത്.
ശബരിമല മേല്‍ശാന്തി സ്ഥാനത്തേക്ക് 73 പേരും മാളികപ്പുറത്തേക്ക് 38 പേരുമാണ് അപേക്ഷ നല്‍കിയിരുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം. പി. ഗോവിന്ദന്‍ നായര്‍, ബോര്‍ഡ് അംഗങ്ങളായ സുഭാഷ് വാസു, പി. കെ. കുമാരന്‍, ദേവസ്വം കമ്മിഷണര്‍ പി. വേണുഗോപാല്‍, ശബരിമല തന്ത്രിമാരായ കണ്ഠര് മഹേശ്വരര്, കണ്ഠര് രാജീവര്, അക്കീരമണ്‍ കാളിദാസ ഭട്ടതിരി എന്നിവര്‍ അടങ്ങിയ ബോര്‍ഡ് അഭിമുഖം നടത്തിയാണ് പ്രാഥമിക പട്ടിക തയാറാക്കിയത്.













Discussion about this post