ശബരിമല: ശബരിമലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വനംവകുപ്പ് എതിരാണെന്ന് തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.എം.പി. ഗോവിന്ദന്‍ നായര്‍ പത്രസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. സ്വാമി അയ്യപ്പന്‍ റോഡ് കോണ്‍ക്രീറ്റിംഗുമായി ബന്ധപ്പെട്ട് വനംവകുപ്പ് എതിര്‍നിലപാട് കൈക്കൊണ്ടിരുന്നു. മുഖ്യമന്ത്രി ഇടപെട്ടാണ് ഇതിനു പരിഹാരം കണ്ടതെന്ന് ഗോവിന്ദന്‍ നായര്‍ ചൂണ്ടിക്കാട്ടി.അയ്യപ്പഭക്തന്‍മാര്‍ക്കു വേണ്ടത്ര ജലം ലഭ്യമാക്കുന്നതിനായി കുന്നാര്‍ ഡാമിന്റെ ഉയരം കൂട്ടണം. ഇത്തരത്തില്‍ ഉയരം വര്‍ധിപ്പിച്ചാല്‍ ഒരു മരം പോലും നശിപ്പിക്കുകയോ ഒരു സെന്റ് ഭൂമി പോലും അധികത്തില്‍ ഏറ്റെടുക്കുകയോ ഇല്ല. എന്നാല്‍ വനംവകുപ്പ് വികസന പ്രവര്‍ത്തനങ്ങള്‍ക്കു തടസം നില്‍ക്കുകയാണ്.സര്‍ക്കാര്‍ ഉത്തരവു പ്രകാരം ദേവസ്വം ബോര്‍ഡിന്റെ അധീനതയില്‍പെട്ട സ്ഥലത്താണ് കുന്നാര്‍ ഡാം സ്ഥിതി ചെയ്യുന്നത്.
ശബരിമലയിലെ വനംവകുപ്പ് ഓഫീസ് പോലും ദേവസ്വം ബോര്‍ഡ് ഭൂമിയിലാണ്. വികസന പ്രവര്‍ത്തനങ്ങളില്‍ വനംവകുപ്പിനു തര്‍ക്കം ഉണ്ടെങ്കില്‍ സംസ്ഥാന ചീഫ് സെക്രട്ടറിയെയാണ് നിയമപരമായി അറിയിക്കേണ്ടത്. എന്നാല്‍ വ്യവസ്ഥാപിത മാര്‍ഗങ്ങള്‍ പാലിക്കാതെ ദേവസ്വം ജീവനക്കാരുടെ പേരില്‍ വനം കൈയേറ്റത്തിനു കേസെടുക്കുന്ന രീതിയാണ് വനംവകുപ്പ് പിന്തുടരുന്നത്. ഇത്തരത്തിലുള്ള നടപടികളുമായി മുമ്പോട്ടു പോകുകയായണെങ്കില്‍ കോടതിയെ സമീപിക്കേണ്ടിവരുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.
സന്നിധാനത്തും പമ്പയിലും ദേവസ്വം ബോര്‍ഡിനു ലഭിച്ചിരിക്കുന്ന സ്ഥലങ്ങള്‍ അളന്നു തിട്ടപ്പെടുത്താന്‍ സര്‍ക്കാര്‍ തയാറാകണം. ശക്തമായ കാലവര്‍ഷം ശബരിമലയിലെ മുന്നൊരുക്കങ്ങളെ പ്രതികൂലമായി ബാധിച്ചെങ്കിലും യുദ്ധകാലാടിസ്ഥാനത്തില്‍ ക്രമീകരണങ്ങള്‍ നടക്കുകയാണ്. പമ്പയില്‍ നിന്നുള്ള സ്വാമി അയ്യപ്പന്‍ റോഡ് അഞ്ചു മീറ്റര്‍ വീതിയില്‍ നവീകരിക്കുന്ന ജോലിയും മരക്കൂട്ടത്തെ ഭൂഗര്‍ഭപാതയും തീര്‍ഥാടനകാലം ആരംഭിക്കുന്നതിനു മുമ്പു പൂര്‍ത്തിയാക്കും. സന്നിധാനത്തെ ഹോട്ടലുകള്‍ കുറച്ചുകൊണ്ട് രണ്ട് അന്നദാന മണ്ഡപങ്ങള്‍ കൂടി തുറക്കും. ശബരിമല മാസ്റര്‍പ്ളാനിലുള്ള സ്വീവേജ് ട്രീറ്റ്മെന്റ് പ്ളാന്റിന്റെ പണികള്‍ ആരംഭിച്ചു. 24 കോടി രൂപയാണ് ചെലവു പ്രതീക്ഷിക്കുന്നത്. തീര്‍ഥാടനകാലം ആരംഭിക്കുമ്പോള്‍ 26 ലക്ഷം അരവണ നിറച്ച കണ്ടെയ്നറുകള്‍ അധികം ശേഖരിക്കുമെന്നും പ്രസിഡന്റ് അറിയിച്ചു.
Discussion about this post